Wednesday, 16 April 2014

എസ് .സരോജത്തിന്‍റെ 'ക്ഷുഭിത കാലത്തിന്‍റെ സുവിശേഷകന്‍ ഡോ.ബി .വി.ശശികുമാര്‍



                   അവതാരിക

               കഥയിടുക്കുകളില്‍ ചാടിച്ചാടി നടക്കുന്ന ഒരു ഒറ്റക്കാല്‍
                
                ഡോ:ബി.വി.ശശികുമാര്‍

        ‘I wrote what I suffer’  എന്ന സത്യപ്രസ്താവനയ്ക്ക് എക്കാലത്തും പ്രസക്തിയുണ്ട്. അത് ‘ചോരയില്‍ച്ചേര്‍ന്നലിഞ്ഞു പോം ഗാനധാരകള്‍’ എന്ന്‍ ഒരു മലയാളകവിയും ആവര്‍ത്തിക്കുന്നു. അനുഭവിച്ചത് എഴുതുമ്പോഴേ  അത് ‘ജീവിതത്തില്‍നിന്ന്‍ ചീന്തിയെടുത്ത ചോര പൊടിയുന്ന ഒരു ഏട്’ ആകുന്നുള്ളൂ. അനുഭവിക്കാത്തത് എഴുതുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്ന് ടോള്‍സ്റ്റോയ്‌ തന്‍റെ ‘What is art ?’ എന്ന കൃതിയില്‍ ‘ചെന്നായുമായി ഏറ്റുമുട്ടിയെന്നു കള്ളം പറഞ്ഞ കുട്ടി’യുടെ ഉദാഹരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്നെത്തന്നെ അക്ഷരങ്ങളിലൂടെ പറിച്ചുനട്ട എഴുത്തുകാരെല്ലാം കാലത്തിന്‍റെ കൊടുംകാറ്റടിയെ അതിജീവിച്ചിട്ടുണ്ട്. അവരുടെ വിധിയെഴുതുന്നത് സമകാലനിരൂപകരല്ല, കാലമാണ്. മണ്മറഞ്ഞാലും മൃണ്മയഭൌതികതയെയെല്ലാം അവര്‍ അതിജീവിക്കും. ഒരു വരി പോലും എഴുതിയിട്ടില്ലാത്ത നാറാണത്തുഭ്രാന്തന്‍  ഒരു ‘ശിലാകടങ്കഥ’യിലൂടെ ഇന്നും ജീവിക്കുന്നില്ലേ ? അകവൂര്‍ചാത്തന്‍റെയും  പെരുന്തച്ചന്‍റെയും കഥകള്‍ വ്യതസ്ത മല്ല. അനുഭവങ്ങളുടെ ‘നീറുന്ന തീച്ചൂള’ അവര്‍ക്കു സ്വന്തം. മാനകഭാഷയിലല്ലാതെ പ്രയോഗങ്ങളിലൂടെ അവര്‍ രചന നിര്‍വഹിക്കുകയായിരുന്നു. ആ പ്രയോഗങ്ങള്‍ അവരെ രചയിതാക്കള്‍ / സ്രഷ്ടാക്കള്‍ / പ്രജാപതികള്‍ ആക്കിയിരിക്കുന്നു. അവര്‍ അപാരമായ കാവ്യസംസാരത്തില്‍ ഏതോ നാഭീനാളത്തിലിരുന്നുകൊണ്ട് രചനയുടെ ചതുര്‍മുഖസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ചാത്തനും  പാണനും പാക്കനാരും ഭ്രാന്തനും മസ്തിഷ്കത്തില്‍ കുടിയേറിയ പുതിയകാലത്തിന്‍റെ എഴുത്തുകാരും അതുതന്നെ ചെയ്യുന്നു. ‘ചത്തവന്‍റെ സുവിസേഷ’മല്ല, ‘ജീവിച്ചിരിക്കെത്തന്നെ ചത്തവരുടെ’ സുവിസേഷമെഴുതുന്ന ബാബുകുഴിമറ്റവും ഇക്കൂട്ടത്തില്‍പ്പെടുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലൂടെയും സാഹിത്യജീവിതത്തിലൂടെയും തമ്മില്‍ത്തൊടാന്‍ വെമ്പുന്ന സമാന്തരരേഖകളിലൂടെ സഞ്ചരിക്കുകയാണ് എസ്.സരോജം ഈ കൃതിയില്‍.
         തന്‍റെ പുസ്തകത്തിന് അക്കാദമിക് സ്വഭാവമില്ല എന്ന മുന്‍കൂര്‍ജാമ്യം സരോജത്തിന്‍റെ സത്യവാങ്ങ്മൂലം കൂടിയാണ്. ആസ്വാദനത്തിന് അക്കാദമിക് അടിത്തറ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതൊരു നിരുപാധിക പ്രക്രിയയാണ്. കണ്ണുകള്‍ കെട്ടിയടയ്ക്കാത്ത കുതിരയെപ്പോലെ ഒരു നിര്‍ബാധസഞ്ചാരം. അതാണ്‌ എഴുത്തുവഴിയിലെ ഈ സഞ്ചാരം. പുസ്തകത്തിലെ മുന്‍മൊഴി സരോജത്തിന്‍റെ സമീപനമെന്തെന്നു വ്യക്തമാക്കിത്തരുന്നുണ്ട്. വിദൂഷകനെയും കാമുകനെയും അവധൂതനെയും കോമരത്തെയും ബ്യൂറോക്രാറ്റിനെയും മുന്‍വിധികളില്ലാതെ സമീപിക്കനൊരുങ്ങുന്ന ഒരാളിന്‍റെ വ്യക്തമാക്കലാണത്. വ്യക്തിയെയും എഴുത്തുകാരനെയും അവരുടെ ‘Black brother’ എന്ന  ‘other self’  നെയും  തിരിച്ചറിഞ്ഞ ഒരാളിന്‍റെ ആത്മാര്‍ത്ഥത ‘മുന്‍മൊഴി’ എന്ന ഈ സമീപനരേഖയിലുണ്ട്. ഈ പുസ്തകത്തിനു ദോഷങ്ങളുണ്ടെങ്കില്‍ അതെല്ലാം ഈ സമീപനരേഖയ്ക്കു മുന്നില്‍ നിഷ്പ്രഭമായിപ്പോകും.
     ഇരുപത്തിമൂന്ന് അധ്യായങ്ങളിലായി ബാബുവിന്‍റെ രചനാലോകങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സരോജം അടക്കം / ഒതുക്കം /സംയമനം പാലിക്കുന്നു. ‘ചത്തവന്‍റെ സുവിശേഷം’ ഉദിച്ച കാലത്തിന്‍റെ പ്രത്യേകത മുതിര്‍ന്ന എഴുത്തുകാരുടെ ഉദ്ധരണികളോടെ ആദ്യാദ്ധ്യായത്തില്‍ വെളിപ്പെടുത്തിത്തരുന്നുണ്ട്. ചുണ്ടില്‍ രണ്ടു പൊന്മോതിരവുമായി പറന്നുയര്‍ന്ന പറയന്‍കാക്ക വെറുമൊരു കഥയിലെ വെറുമൊരു ‘ട്വിസ്റ്റ്‌’ അല്ല; ഒരു സൂചകം തന്നെയാണ്. ഒറ്റക്കാലന്മാരുടെ ലോകത്ത് രണ്ടുകാലുള്ള കുട്ടിയെപ്പോലെ ഒന്ന്‍. സാഹിത്യലോകത്ത് ഒരു പറയന്‍തുള്ളലിലൂടെ മാത്രമേ ഇത്തരം സൃഷ്ടികള്‍ സാധ്യമാകൂ. ഒരുതരത്തില്‍ കോമരംതുള്ളല്‍ തന്നെ. ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’ ആയിട്ടായിരുന്നു ബാബുവിന്‍റെ അരങ്ങേറ്റം. ‘ഞാനാരാണ്? / അഞ്ചിലൊന്ന്‍’ എന്ന ചോദ്യോത്തരത്തില്‍ ഒരു സ്വത്വപ്രതിസന്ധി (Identity Crisis) അടങ്ങുന്നുണ്ട്. ‘സമൂഹത്തോളം വലുതല്ല വ്യക്തി’ എന്നതു ശരി തന്നെ. എന്നാല്‍ വ്യക്തി എന്ന ഇഷ്ടികയുടെ അസ്തിത്വത്തിന്മേലല്ലേ സമൂഹം എന്ന മഹാഭിത്തി ? ‘രാജ്യം പോയൊരു രാജകുമാരന്മാര്‍’ ഇന്നു ധാരാളമുണ്ടെങ്കിലും അവരുടെ വാഴ്ച, ഒരു വാഴ്ച തന്നെയായിരുന്നു.
        പ്രതീകരചനയെ ബാബുവിന്‍റെ ഒരു പ്രത്യേകതയായി സരോജം നിരീക്ഷിക്കുന്നുണ്ട്. കടല്‍ത്തീരത്തെ ആ പാറക്കെട്ടുകളില്‍ ചാടിച്ചാടി നടക്കുന്ന ആ ഒറ്റക്കാല്‍ മലയാളത്തിനു മറക്കാനാവില്ല. അറുത്തിട്ടാലും തുടിക്കുന്ന ചിലതിനെ നെഞ്ചേറ്റി ലാളിക്കാന്‍ മനുഷ്യനു സഹജവാസനയുണ്ട്. കൊളുത്തി വലിക്കപ്പെടാനുള്ള ചോദന – മസോക്കിസ്റ്റ് മനോഭാവം – തന്നെയാണത്. ഇത്തരം കഥകളില്‍ ക്രാന്തദര്‍ശിത്വമുണ്ട്. പ്രവചനങ്ങള്‍ അതിന്‍റെ പിന്നാലെ ഓടിവരും. മാര്‍ക്‌സിസത്തെ സ്നേഹിക്കുകയും മഹത്തായ ആ ആശയസംഹിതയെ വ്യഭിചരിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെ വെറുക്കുകയും ചെയ്യുന്ന ബാബുവില്‍ തീര്‍ച്ചയായും ഒരു ക്രാന്തദര്‍ശിയുണ്ട്. പലപ്പോഴും കവിതയുടെ ചില്ലയിലിരുന്നാണ് ബാബു ‘കഥകളതിസാദരം’ മൊഴിയുന്നത്.   ‘കുറുന്തോട്ടിക്ക്  വാതം’ എന്ന ശൈലിയില്‍ നിബന്ധിതമായ ‘യുഹാനോന്‍ ളൂവീസിന്‍റെ പ്രാവുകള്‍’ എന്ന കഥ ഉദാഹരണം. ബാബുവിനു സേഷം മലയാളത്തിലുണ്ടായ ‘സുവിസേഷപ്രളയങ്ങള്‍’ അദ്ദേഹത്തെ മാറ്റൊലികള്‍ക്ക് പ്രഭവമാക്കുന്നുണ്ടോ ?
       പൂര്‍ണ്ണിമയ്ക്ക് പുള്ളിക്കുയിലാകണമെന്നാല് രചന ഗ്രാമീണമാകുന്നുവെന്നു തന്നെ സാരം. ഗ്രാമീണതയുടെ വശ്യഭംഗികള്‍ ഈ കഥാകാരന്‍ ആവിഷ്കരിക്കുന്നതിന്‍റെ രീതിഭേദങ്ങള്‍ ഇവിടെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്‌. പുള്ളിക്കുയിലും പൊന്മയും തമ്മിലുള്ള അടുപ്പമായിരുന്നു ബാബുവിനും മാധവിക്കുട്ടിക്കും തമ്മില്‍. അതും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആമിയെപ്പോലെ കിനാവുകളുടെ സൂക്ഷിപ്പ് അദ്ദേഹത്തിനുമുണ്ടായിരുന്നു, ഭൌതികജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും. കിനാവുകള്‍ നിറഞ്ഞ ഒരു ഒട്ടകപ്പൂഞ്ഞയാണദ്ദേഹം. തലസ്ഥാനത്തെത്തുന്ന എഴുത്തുകാര്‍ക്ക് ഒരു അത്താണി ഇനിയും പൂവണിയാത്ത സ്വപ്നമാണ്.
         കളിയും ചിരിയും മേലെ
         ചളിയും ചുഴിയും താഴെ
സൂക്ഷിക്കുന്ന ഒരലകടല്‍ ഉള്ളില്‍പ്പേറി നടക്കുന്നവന്‍റെതാണ് ഈ സ്വപ്നം. അനന്തനും ആദികൂര്‍മ്മവും നുരയും പതയും മലരിയുമുള്ള ഒരു മഹാസമുദ്രം. അതിനെ മലയാളത്തിലേക്ക്  കോരിപ്പകരാനാണു ബാബു എപ്പോഴും ശ്രമിക്കുന്നത്. ഒന്നിനു പോകാനുള്ള പ്രകൃതിയുടെ വിളിയെപ്പോലും ദാര്‍ശനികവ്യഥയായി കാണുന്നതും അതുകൊണ്ടാണ്. ‘വസന്തത്തിന്‍റെ ആരംഭത്തില്‍’ പോലുള്ള രചനകള്‍ ആ കടലില്‍ ഇടയ്ക്കിടെയുണ്ടാവുന്ന സുനാമികളാണ്. മസോക്കിസ്റ്റ് ക്രൂരനാകുന്നതും അതുകൊണ്ടാണ്. ഇല്ലാത്ത രോഗത്തിന്‍റെ തീരെയില്ലാത്ത വേദനകള്‍ അഭിനയിക്കുമ്പോഴും  സാഡിസ്റ്റാകാനൊരുങ്ങുന്ന ഒരു മസോക്കിസ്റ്റിനെയാണ് നാം കാണുക. എല്ലാം വ്യഥിതമനസ്സിന്‍റെ നിതാന്തവിചാരണകള്‍ തന്നെ. 

      അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ പ്രപഞ്ചമാര്‍ഗ്ഗത്തെപ്പറ്റി ബാബു ബോധവാനാണ്. ‘വൈറ്റ്ഹൌസിലെ പേനുകള്‍’ കേവലം ബ്ലാക്ക്ഹ്യൂമര്‍ അല്ലാതാകുന്നത് അതുകൊണ്ടാണ്. ‘അനന്തതയില്‍ നിന്ന് എത്തുന്ന ചില രഹസ്യങ്ങള്‍’ എന്ന പ്രയോഗത്തെ അതുകൊണ്ടുതന്നെ വിപുലമായ
അര്‍ത്ഥത്തില്‍ കാണണം. മോചനത്വര – അത് ദാമ്പത്യത്തില്‍ നിന്നായാലും – ഈ എഴുത്തുകാരനില്‍ എപ്പോഴുമുണ്ട്. ‘രാമായണസ്വാധീനം’ പോലുള്ള കഥകള്‍ നോക്കുക. ‘Variety is the Spice of Life’ സമൂഹം അനുവദിച്ചുതരില്ലെങ്കിലും സത്യം മാത്രമാണ്. പൂച്ചയായി മാറിയ ഭാര്യ പുറത്തേക്കെറിയപ്പെടുന്നിടത്ത് ബാബു ആ ആശയത്തെ മൂര്‍ത്തമാക്കുന്നു. ‘പൂവില്‍നിന്നു പൂവിലേക്കു പറന്നലയുന്ന ഒരു ഷഡ്പദ’മാകാന്‍ ആഗ്രഹിക്കുന്ന പുരുഷനെ (സ്ത്രീയെയും) കുറ്റപ്പെടുത്താന്‍ കഴിയുന്നില്ലെന്ന്‍ സമര്‍ത്ഥിക്കുന്നു, ഇവിടെ. സുഭദ്രമായ കുടുംബജീവിതം നയിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് വൈരുദ്ധ്യമായി തോന്നാം. എഴുത്തിനെയും ജീവിതത്തെയും സംബന്ധിച്ച വസ്തുതകള്‍ ഇന്നും ഒരു കടങ്കഥയല്ലേ ?
        ഉറൂബിന്‍റെ അനുഭവവിവരണങ്ങളില്‍നിന്ന് ബാബു കണ്ടെടുത്ത പന്നികള്‍ ആണ് ‘മണല്‍ക്കുഴികള്‍’ നിറയെ. അന്യാപദേശ(Allegory)മാണ് ഈ കഥ. രൂപാന്തരീകരണമാണ് കഥയുടെ സൂത്രം. ‘കളിവീടുകളുടെ കിളിവാതില്‍’ പോലുള്ള കഥകളില്‍ ഈ ബാബുവിനെ നാം കണ്ടെന്നുവരില്ല. ആ ചെറുക്കനും പെണ്ണും കണ്ടെത്തിയ തൊഴില്‍ പോലെ ഒന്നിനെ മലയാളികള്‍ക്ക് മുന്‍പരിചയമില്ല. ബിയര്‍പാര്‍ലറിനു മുമ്പില്‍ തൊഴില്‍രഹിതരുടെ ജാഥ സംഘടിപ്പിച്ചതിലൂടെ കഥാകാരന്‍ അലറിച്ചിരിക്കുകയാണ്. പുതിയകാലത്തിന്‍റെ ഈ പൊന്‍കുന്നം വര്‍ക്കിയിലേക്ക് കേശവദേവിനെയും അല്‍പ്പം പിഴിഞ്ഞുചേര്‍ക്ക ണമെന്നു മാത്രം. ‘അവള്‍ മഹതിയാം ബാബിലോണ്‍’ എന്ന കഥയില്‍ അദ്ദേഹം നാണയപ്പെടുത്തിയെടുത്ത ‘നിര്‍വേശകാലം’ എന്ന വാക്കിലുമുണ്ട് ആക്ഷേപഹാസ്യത്തിന്‍റെ തീപ്പൊരി. എന്നാല്‍ ‘അമ്മാളുവമ്മയുടെ ഭര്‍ത്താവ്’ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരുതുള്ളി കണ്ണീരാണ്.
            മാരനെയല്ല മണാളനെയല്ല
            മാനം കാക്കുമൊരാങ്ങളയെ
എല്ലാ പേടിച്ചരണ്ട മാന്മിഴികളും തേടുന്നു എന്ന്‍ ഒ.എന്‍.വി. ഇല്ലാത്ത മണാളനെ കാണിച്ചാണ് തന്നെയും രണ്ടു പെണ്മക്കളെയും അമ്മാളുവമ്മ രക്ഷിച്ചുപോരുന്നത്. എന്നാല്‍ ‘സൈനബയുടെ കാമുകന്‍’ പോലുള്ള കഥകളില്‍ ശാസ്ത്രനിരീക്ഷകനായ കഥാകൃത്തിനെയാണ് കാണുന്നത്. സൈനബ വരുംകാലത്തിന്‍റെ കഥാപാത്രമാണ്. അവള്‍ വരാനിരിക്കുന്നേയുള്ളൂ അഥവാ വന്നുകൊണ്ടേയിരിക്കുന്നു. സര്‍ഗ്ഗപ്രതിഭയുടെ മറ്റൊരു മുഖമാണ് ‘ഭൂപട’ത്തില്‍ തെളിയുന്നത്. ചോരയില്‍ കുതിര്‍ന്നതാണത്. ഭ്രാന്തനായിരുന്ന പെരേരയെ കഥാപാത്രമാക്കുമ്പോള്‍ കഥാകൃത്തില്‍ഭ്രാന്തന്‍ ആവേശിക്കുന്നു. അയാളുടെ ടോര്‍ച്ചില്‍നിന്നു വരുന്നത്   ഭ്രാന്തിന്‍റെ (നേരിന്‍റെ) വെളിച്ചമാണ്. ഒരു കഥയുടെ കല്ലുരുട്ടി വായനക്കാരന്‍റെ  മനസ്സിന്‍റെ മലമുകളിലേക്ക് കയറ്റാന്‍ ബാബുകുഴിമറ്റം  പെടുന്ന പാട് ! അത് താഴേക്ക് ഉരുട്ടിക്കളയാന്‍ അദ്ദേഹം തന്നെ വേണമെന്നില്ല, നമ്മളായാലും മതി. അങ്ങനെ ഉരുട്ടിക്കയറ്റപ്പെട്ട കഥയാണ് ആത്മാരാമന്‍റെത്.
       ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
       ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം
കുഴിമറ്റത്തിനു പരിചിതമാണ്. സ്വയം ഊതിക്കെടുത്താനുള്ള പ്രവണതയെ പലവട്ടം താലോലിച്ച് തള്ളിക്കളഞ്ഞ ആളാണദ്ദേഹം.
      വന്യരതിയുടെ വിഭ്രാമകതലങ്ങളിലൂടെ സഞ്ചരിക്കുക ആത്മഹത്യയില്‍ നിന്നുള്ള മുക്തിമാര്‍ഗ്ഗമാണ്. ആത്മഹത്യ അല്ലെങ്കില്‍ സാഹിത്യരചന അല്ലെങ്കില്‍ ഭോഗം എന്ന സമവാക്യത്തില്‍ കഴമ്പുണ്ട്. ‘കറുത്ത മറുകില്‍ രണ്ടു രോമങ്ങളുള്ള പെണ്‍കുട്ടി’ വ്യഭിചാരത്തിന്‍റെ വക്കില്‍ പിടിച്ചുനിന്നുകൊണ്ട് സംഭോഗസുഖത്തിന്‍റെ ആഴങ്ങളിലേക്ക് എത്തിനോക്കുന്ന കഥയാണ് . ഗഡ്വാളിയോട് അസൂയ തോന്നിയിട്ടു കാര്യമില്ല. തളരാത്ത ഭോഗശക്തി ശവങ്ങള്‍ക്കും സൂപ്പര്‍നാച്വറല്‍ ശക്തികള്‍ക്കും മാത്രമേയുള്ളൂ. ഗഡ്വാളി രണ്ടാമതു പറഞ്ഞ വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ശവങ്ങള്‍ ആസ്വദിക്കുന്നില്ലല്ലോ. സ്ത്രീയുടെ സ്വത്വബോധത്തെ പലതരത്തില്‍ നിര്‍വചിക്കാന്‍ കഴിയുന്ന രചനയെന്ന നിലയില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയേറുന്നു. ‘രതി ഈശ്വരപൂജയാണ്’ – ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലായാലും അല്ലെങ്കിലും.  
         ബൈബിളിന്‍റെ സ്വാധീനസമുദ്രത്തില്‍ കഥയുടെ പെട്ടകത്തിനുള്ളിലാണ് ബാബു. സമസ്ത ജീവജാലങ്ങളുമുണ്ടതില്‍. ‘സുവിസേഷം’ എന്ന വാക്കിലാരംഭിച്ച് അനേകം കഥകളിലേക്ക് ആ സമുദ്രം ചാലുകീറി ഒഴുകിയെത്തുന്നു. ഒടുവില്‍ ഉയരുന്നതാകട്ടെ കോടിക്കണക്കിനു ഉത്തരമുണ്ടാകാവുന്ന ഒരു ചോദ്യവും – യാഹോവയുടെ വാളിന്മേല്‍ യേശുദേവന്‍  എന്തുചെയ്തു?! ഒരു ‘ഓശാനക്കഴുത’യ്ക്കും അതിന്‍റേതായ ഉത്തരമുണ്ടാകാം. വര്‍ത്തമാനകാലത്തിന്‍റെ രാഷ്ട്രീയ – ആത്മീയ സമസ്യകളുടെ ഒരു രൂപകമാകുന്നു ഓശാനക്കഴുത. മറ്റു മതദര്‍ശനങ്ങളെ ക്രൈസ്തവദര്ശനവുമായി  വിളക്കിച്ചേര്‍ക്കാനും ശ്രമിച്ചുകാണുന്നു.
       വ്യക്തിയെന്ന നിലയില്‍ സിംഹത്തിന്‍റെ തോലിട്ട മാന്കുട്ടിയാണ് ബാബുകുഴിമറ്റം എന്ന്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
          ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
          ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി.
                                 ( ജി.)
എന്ന്‍ പരോപകാരപ്രവണമായ ആ ജീവിതത്തെ വിലയിരുത്താം. നിമ്നോന്നതമായ വഴികളിലൂടെ തേരുപായിക്കുക, അത് ഏതു ഇരുള്‍ക്കുഴികളിലൂടെ ഉരുണ്ടാലും കടിഞ്ഞാണ്‍ വിടാതിരിക്കുക (ഇടസ്സേരി) എന്നതാണ് ഈ കഥാകാരന്‍റെയും സ്ഥൈര്യം. സിംഹവും മാനും പരസ്പരാപേക്ഷ പുലര്‍ത്തുന്നതു കണ്ടറിയാന്‍ അത്രയ്ക്ക് അടുപ്പമുള്ള ഒരാളിനേ കഴിയൂ .
        സിംഹം, മാന്കുട്ടി എന്നീ പ്രതീകങ്ങള്‍ വ്യക്തിത്വത്തിന്‍റെ രണ്ടു മുഖങ്ങളെയും ഭ്രാന്തന്‍, കോമാളി, അവധൂതന്‍, യാത്രികന്‍ എന്നിവ എഴുത്തുകാരന്‍റെ പ്രതിഭയിലെ ചേരുവകളെയും സൂചിപ്പിക്കുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട നിരീക്ഷണവും ഇതുതന്നെ .എഴുത്തുകാരന്‍റെ വ്യക്തിജീവിതത്തെ അടുത്തറിഞ്ഞ കുഴല്‍ക്കണ്ണാടി തന്നെ എഴുത്തിനെ നോക്കാനും ഉപയോഗിച്ചിരിക്കുന്നു. രണ്ടിനെയും വെവ്വേറെ തിരിച്ച് ഭാഗങ്ങളാക്കാനൊന്നും മുതിര്‍ന്നിട്ടില്ല. തൂലികയ്ക്കു തോന്നിയമാതിരി കൂട്ടിക്കലര്‍ത്തി എഴുതി മുന്നേറുന്ന ഒരു രീതിയാണ് സ്വീകരിച്ചുകാണുന്നത്. കമ്പോടുകമ്പ് ഉദ്ധരണികളോ പാശ്ചാത്യമസ്തിഷ്കങ്ങളുടെ വിസര്‍ജ്യങ്ങളോ വാരിവിതറിയിട്ടില്ല. ഞാന്‍ കണ്ട ബാബുകുഴിമറ്റത്തെയും അദ്ദേഹത്തിന്‍റെ കഥകളെയും ‘കണ്ടപടി' അവതരിപ്പിക്കുന്നു എന്നേ ഭാവിക്കുന്നുള്ളൂ. സാഹിത്യവിമര്‍ശനം സങ്കേതജടിലമായി വായനക്കാരില്‍നിന്ന്‍ അകന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എസ്.സരോജത്തിന്‍റെ ഈ തനതുസമീപനം ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ്.
                                                                                         ഡോ:ബി.വി.ശശികുമാര്‍
മലയാളവിഭാഗം
കേരളസര്‍വകലാശാല
                                                   കാര്യവട്ടം                                                                                       
                                                




No comments:

Post a Comment