Sunday, 20 April 2014

കടല വില്‍ക്കുന്ന പെണ്‍കുട്ടി (കഥ )

.






സുമതിക്കുട്ടി കടലവില്‍ ക്കാ ന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല;
എങ്കിലും ചുറ്റുവട്ടത്തുള്ള ഒരുമാതിരിപ്പെട്ട ആണുങ്ങളൊക്കെ അവളുടെ പേരു മറന്നമട്ടാണ്.
‘കടലക്കാരീ......’ എന്ന് ആരുവിളിച്ചാലും അവള്‍ വിളികേള്‍ക്കി ല്ല; കേട്ടഭാവം നടിക്കുകയുമില്ല.
ഈ കടലക്കച്ചവടം കുറച്ചുനാളത്തേക്കല്ലേയുള്ളൂ – ഏറിയാലൊരു രണ്ടുകൊല്ലം. അപ്പോഴേക്കും സുമിച്ചേച്ചിയുടെ പഠിത്തം കഴിയും. ഇതാണവളുടെ മനോഗതം.
പതിനാറി ന്‍റെ പടി വാതിലി ലെത്തി നില്‍ക്കു ന്ന ഒരു കൊച്ചുസുന്ദരിയാണു സുമതിക്കുട്ടി. പത്താംക്ലാസ് ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായി.
പഠിപ്പും നിറുത്തി.
‘പുസ്തകം വാങ്ങാനും ഫീസുകൊടുക്കാനും കാശില്ലാഞ്ഞിട്ടാ ഞാന്‍ പഠിപ്പ് നിറുത്തിയെ....എന്നിട്ടും എ. പി. എല്‍. ആണത്രേ ! എന്താണാവോ ഈ എ. പി. എല്‍ ? നിങ്ങക്കറിയാമോ ? അവള്‍ തൊടിയിലെ മരച്ചീനിച്ചെടികളോടു ചോദിച്ചു.

അവര്‍ ഇലകുലുക്കി ‘അറിയില്ല’ എന്നു പറഞ്ഞു.
‘പഴയ പാഠപുസ്തകങ്ങള്‍ നെഞ്ചോടുചേര്‍ ത്തു നെടുവീര്‍പ്പിടുന്ന സുമതിക്കുട്ടിയെ ആര്‍ക്കു മറിയില്ല; കടലക്കാരിയെ എല്ലാര്‍ക്കുമറിയാം’ ഇത് സുമതിക്കുട്ടിയുടെ ഉളളി ന്‍റെ യുള്ളില്‍ നൊമ്പരത്തി ന്‍റെ വിത്തെറി യുന്ന സ്വകാര്യപരിഭവം .
ചേച്ചി സുമിത്രക്കുട്ടി കോളേജില്‍ പഠിക്കുന്നു.
അവരുടെ കൊച്ചുവീട്ടില്‍ കറണ്ടില്ല. മണ്ണെണ്ണ വാങ്ങാന്‍ കാശില്ലാത്തതു കാരണം പലദിവസങ്ങളിലും പഠിക്കാനാവാതെ സങ്കടപ്പെട്ടു കരയുന്ന ചേച്ചിയെ സഹായിക്കാനാണ് അവള്‍ ഈ തൊഴിലിന് ഇറങ്ങിത്തിരിച്ചത്. പട്ടാണിക്കടല പൊരിച്ചതും കപ്പലണ്ടി വറുത്തതും ചുണ്ടല്‍ ക്ക ടല പുഴുങ്ങി കടുകു വറുത്ത തുമായി അവള്‍ അന്തിച്ചന്തയിലെത്തും. വിറ്റുകിട്ടുന്ന ലാഭം കൊണ്ടു മണ്ണെണ്ണയും സോപ്പും വാങ്ങുമ്പോള്‍ സുമതിക്കുട്ടിക്ക് എന്തെന്നില്ലാത്ത സന്തോഷം; ചേച്ചി പഠിച്ചു ജോലി കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യം തീരുമല്ലോ! അതിനുവേണ്ടിയാണ് സുഖമില്ലാത്ത അച്ഛന്‍ കൂലിപ്പണിക്കു പോകുന്നതും അമ്മ ശങ്കരന്‍ മു തലാളിയുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യുന്നതും. ‘അണ്ണാന്‍ കു ഞ്ഞും തന്നാലായത്’ എന്നു പറഞ്ഞതുപോലെ സുമതിക്കുട്ടിയും അവള്‍ക്കാ വുംവിധം സഹായിക്കുന്നു.
ഓമനിച്ചുവളര്‍ ത്തി യ പൂവനെ വിറ്റാണ് അവള്‍ കടല വാങ്ങാനുള്ള മുതല്‍ കണ്ടെത്തിയത്. അഞ്ചുപിടകളുടെ നായകനായിരുന്ന പൂവനെ കൊല്ലാന്‍ കൊടുത്തപ്പോള്‍ അവളുടെ കണ്ണുനനഞ്ഞെങ്കിലും സ്വന്തം ചേച്ചിക്കു വേണ്ടിയാണല്ലോ എന്നോര്‍ത്ത് അവള്‍ ആശ്വസിച്ചു .
സുമതിക്കുട്ടി കടലവില്ക്കാ ന്‍ ചെന്നതുമുതല്‍ നാണുവിന്‍റെ  വില്പ്പ ന കുറഞ്ഞു. അയാളുടെ പതിവുപയ്യന്മാരെല്ലാം സുമതിക്കുട്ടിയുടെ പതിവുകാരായി. എന്നിട്ടും നാണു സുമതിക്കുട്ടിയെ സ്വന്തം പെങ്ങളെപ്പോലെ കരുതുകയും കടലവില്പ്പ നയുടെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.
മുടക്കുമുതലില്‍നിന്നു ഒരുപൈസപോലും ചെലവാക്കരുതെന്നു അവള്‍ക്കു നിര്‍ ബ ന്ധമുണ്ട് . മുതല്‍ കുറഞ്ഞാല്‍ ലാഭം കുറയും; ലാഭം കുറഞ്ഞാല്‍ ചേച്ചിക്ക് മണ്ണെണ്ണയും സോപ്പും വാങ്ങാന്‍ കാശു തികയാതെവരും. അതുകൊണ്ടുതന്നെ ആര്‍ ക്കും കടല കടം കൊടുക്കുകയുമില്ല. കടംചോദിച്ചും കമന്റടിച്ചും പുറകേനടക്കുന്ന പഞ്ചാരക്കുട്ടന്മാരെ അവള്‍ ഗൌനിക്കാറുമില്ല.
‘എടികൊച്ചേ, പത്തുകാശുണ്ടാക്കാന്‍ പറ്റിയപണി വല്ലതും ചെയ്തൂടേ നിനക്ക്? ഈ കടലക്കച്ചോടംകൊണ്ടെന്തു കിട്ടാനാ ?’ റൌഡിപ്പൊന്നന്‍ ചോദിച്ചു.
‘കൂടെവന്നാല്‍ ഞങ്ങളു നല്ല  കോളൊപ്പിച്ചുതരാം.’ പൊന്നന്‍റെ കൂട്ടുകാരനും പട്ടണത്തില്‍ താമസക്കാരനുമായ ദല്ലാള്‍പാപ്പച്ചന്‍ പ്രലോഭനങ്ങളുമായി പുറകേകൂടി.
സുമതിക്കുട്ടി അവരെ ശ്രദ്ധിക്കാറേയില്ല. ചോദ്യങ്ങള്‍ക്കു മറുപടി പറയാറുമില്ല. വില്പ്പ ന കഴിഞ്ഞാല്‍ കാശിടുന്ന ചെറുവട്ടി മടിയിലെടുത്തുവച്ച് വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തി, മുതല്‍ പ്രത്യേകം മാറ്റിവയ്ക്കും. ലാഭം കയ്യിലെടുക്കും. പിന്നെ അവള്‍ എണീറ്റ്, പാവാട തട്ടിക്കുടഞ്ഞ്, ഒഴിഞ്ഞ കടലവട്ടികള്‍ അടുക്കിയെടുത്ത്, കൃഷ്ണപിള്ളയുടെ കടയില്‍നിന്ന് മണ്ണെണ്ണയും സോപ്പും പലവ്യഞ്ജനവും വാങ്ങി വീട്ടിലേക്കു മടങ്ങും.
തെരുവുവിളക്കുള്ള പാത പിന്നിട്ട് ഒറ്റയടിപ്പാതയിലേക്കു കടക്കുമ്പോള്‍ ഭയം അവളെ വിഴുങ്ങും. ഇരുട്ടത്ത് വഴി കാണാന്‍ ത ന്നെ പ്രയാസം. വഴിയുടെ ഇരുവശവും തഴച്ചുവള ര്‍ന്നു നില്ക്കു ന്ന മരച്ചീനിച്ചെടികളാണ്. മരച്ചീനിക്കണ്ടങ്ങള്‍ക്കി ടയില്‍ ഒറ്റപ്പെട്ട വീടുകളില്‍ കത്തിച്ചുവച്ച മണ്ണെണ്ണവിളക്കിന്‍റെ  നാളങ്ങള്‍ കാറ്റിന്‍റെ അദൃശ്യചലനത്തിനൊത്തു നൃത്തമാടുന്നതും കരിമേഘക്കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന മാനത്ത് മാലാഖമാര്‍ കത്തിച്ചുവച്ച സ്വര്‍ണ്ണ വിളക്കുകള്‍ മിന്നിമിന്നിത്തെളിയുന്നതും നോക്കി അവള്‍ നടക്കും. തട്ടിയും മുട്ടിയും വീണു, വീണില്ല എന്നമട്ടിലാണു നടത്തം. വീട്ടിലെത്തുന്നതുവരെ ഒരേ പ്രാര്‍ത്ഥനയാണ്- ‘എന്‍റെ വ്യാകുലമാതാവേ, ഇന്നത്തേക്കു രക്ഷിക്കണേ, കുരിശടിയില്‍ മെഴുകുതിരി കത്തിച്ചേക്കാമേ.’
ഒരു മഴക്കാലസന്ധ്യയില്‍, വഴിയിലേക്കു  ചാഞ്ഞുനില്‍ക്കു ന്ന മരച്ചീനി ച്ചെടികളില്‍നിന്നു കായ്കള്‍ പറിച്ചെറിഞ്ഞുനടക്കുമ്പോള്‍, അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ടു: കള്ളുകുടിയന്‍ കേശു എതിരേ വരുന്നു!
സുമതിക്കുട്ടിക്ക് കള്ളുകുടിയന്മാരെ പേടിയാണ്. മരച്ചീനിക്കാട്ടില്‍ ഒളിക്കാമെന്നുവച്ചാല്‍ പാമ്പും ചേരയും എലികളെ തേടിയിറങ്ങുന്ന സമയവും. വരുന്നതുവരട്ടെ. അവള്‍ വഴിയില്ത്ത ന്നെ അനങ്ങാതെ നിന്നു.
‘അല്ലാ...ഇയാരാ....... ങ്ഹാ.... കടലക്കാരിയോ....!’
അയാള്‍ അവളുടെ കവിളില്‍ തഴുകിക്കൊണ്ടു ചോദിച്ചു: സുന്തരിമോളെന്താടിയിത്തര താമസിച്ചെ ?
പുളിച്ച കള്ളിന്‍റെ നാറ്റം മൂക്കിലേക്ക് തുളച്ചുകയറി. അവള്ക്കു മനംപിരട്ടി. അവള്‍ പുറകോട്ടുനടന്നു. കേശു മുന്നോട്ടും. ഉറക്കെ വിളിക്കണമെന്നു തോന്നി. ശബ്ദം പുറത്തേക്കു വരുന്നില്ല. കേശുവിന്‍റെ വിരലുകള്‍ അവളുടെ മാറില്‍ ഇഴയാന്‍ തു ടങ്ങി. ഒരുനിമിഷം അവള്‍ പേടി മറന്നു. കയ്യിലിരുന്ന മണ്ണെണ്ണക്കുപ്പികൊണ്ട് അയാളുടെ പള്ളയ്ക്കടിച്ചു. കള്ളിന്‍റെ  ലഹരിയില്‍ ആടിയാടിനിന്ന കേശു മറിഞ്ഞുവീണു.
അവള്‍ അയാളെ മറികടന്നു മുന്നോട്ടോടി, കഴിയുന്നത്ര വേഗത്തില്‍.
‘എടീ കടലക്കാരീ........ നിന്നെ ഞാനെടുത്തോളാമെടീ..... അഹങ്കാരീ......നീയി കേശുനോടാ കളിക്കണേ....ഫൂ......’ കേശു ആട്ടിത്തുപ്പി.
ഓടുന്നതിനിടയില്‍ വഴിയിലിരുന്ന സര്‍വേ ക്കല്ലില്ത്ത ട്ടി അവളുടെ കാല്‍ മുറിഞ്ഞു. വല്ലാത്ത നീറ്റല്‍.
അപ്പോഴേക്കും മങ്ങിയ ടോര്ച്ചും മിന്നിച്ചുകൊണ്ട് ഒരാള്‍ എതിരേ വന്നു; കൂലിപ്പണി കഴിഞ്ഞു തള ര്‍ന്നെത്തിയ അച്ഛന്‍ മകളെ തിരക്കി വരിക യായി രുന്നു.
‘പൊന്നുമോളെന്തായിത്ര താമസിച്ചേ? അമ്മേം ചേച്ചീം പേടിച്ചിരിക്ക്യാ. വിറ്റില്ലേ വേണ്ട, ഇരുട്ടുംമുമ്പ് വീട്ടിലെത്തണം. കാലം പൊല്ലാത്തതാ, നോക്കിയും കണ്ടും വേണം നടക്കാന്‍.’
‘കൃഷ്ണപിള്ളച്ചേട്ടന്‍റെ  കടയില് നല്ല തിരക്കാരുന്നച്ചാ. മണ്ണെണ്ണ വാങ്ങാതെ വന്നാലെങ്ങനാ, ചേച്ചിക്കൊരുപാട് പഠിക്കാനില്ലേ?
മുറ്റത്ത് അമ്മയും ചേച്ചിയും കാത്തുനില്‍ക്കു ന്നുണ്ടായിരുന്നു.
അമ്മ അവളുടെ മുറിഞ്ഞ കാല്‍ വി രലുകള്‍ കഴുകിത്തുടച്ചു വൃത്തിയാക്കി, തൊടിയില്‍ ഉറങ്ങിക്കിടന്ന തൊട്ടാവാടിയുടെ ഇലകള്‍ പറിച്ച് കൈവെള്ളയിലിട്ടു ഞരടിപ്പിഴിഞ്ഞ് മുറിവിലിറ്റിച്ചു വെള്ളത്തുണി കൊണ്ടു കെട്ടിവച്ചു.
‘പാവം സുമതി. അവളെനിക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു. എങ്ങനെയെങ്കിലും രണ്ടുവര്‍ഷം കൂടി കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു’.
ചേച്ചി അമ്മയോട് സങ്കടംപറയുന്നതു കേട്ടപ്പോള്‍ സുമതിക്കുട്ടിക്കു കരച്ചില്‍ വ ന്നു.
പിറ്റേദിവസവും അവള്‍ അന്തിച്ചന്തയില്‍ കടല വില്‍ക്കാ ന്‍ പോയി.
ചേച്ചി കാത്തിരുന്നു .
ഇരുട്ടുപരന്നിട്ടും സുമതി തിരിച്ചെത്തിയില്ല.
ടോര്ച്ചി ന്‍റെ  അരണ്ടവെളിച്ചത്തില്‍ മകളെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍റെ  നിലവിളി കേട്ടു ഗ്രാമം ഞെട്ടി .
ഒറ്റയടിപ്പാതയിലേക്കു തിരിയുന്നിടത്ത് റോഡരികില്‍ കടലവട്ടികളും മണ്ണെണ്ണക്കുപ്പിയും അനാഥമായിക്കിടപ്പുണ്ടായിരുന്നു; തൊട്ടരികില്‍ ചവിട്ടിയരച്ച കടലയും നാണയത്തുട്ടുകളും.

Thursday, 17 April 2014

വീടുകളുടെ വിലാപം (കഥ)




                  
   പ്രവാസിത്തെരുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നൊരു വീടായിരുന്നു അത്. അരയാള്‍പ്പൊക്കമുള്ള ചുറ്റുമതിലിലൂടെ അകത്തേക്കു നോക്കിയാല്‍ ഇറക്കുമതിചെയ്ത കേരളീയതയുടെ അതിപ്രസരം കാണാം. വിശാലമായ മുറ്റത്ത് മന്ദാരവും തെച്ചിയും നന്ത്യാര്‍വട്ടവും പിച്ചകവുമൊക്കെ പൂവിട്ടുനില്‍ക്കുന്നു. ചിട്ടയോടെ വെട്ടിയൊതുക്കിയ പുല്‍ത്തകിടിയും  തൂത്തുവാരി വൃത്തിയാക്കിയ മുറ്റവും. തൊടിയില്‍ പച്ചമുറ്റിയ ഫലവൃക്ഷങ്ങളും.
    അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ വെളിച്ചമില്ല, ആളനക്കവുമില്ല. കണ്ടും കൊണ്ടും കൊതിതീരുംമുമ്പ് വിമാനമേറിപ്പോയവന്‍റെ തിരിച്ചുവരവും കാത്തുനില്‍ക്കുന്ന നവോയെപ്പോലെ ആ വീട് വഴിക്കണ്ണുമായി നില്‍പ്പാണ്!
    അതുവഴി പോകുമ്പോഴൊക്കെ  ആ വീടിന്‍റെ രൂപകല്‍പ്പനയിലും പരിസരഭംഗികളിലും ആകൃഷ്ടനായി നിന്നുപോകാറുണ്ട് ശങ്കര്‍ദാസ്. കലാഹൃദയമുള്ളൊരു പുത്തന്‍കാരണവരെ പൂമുഖത്ത് പ്രതീക്ഷിക്കാറുമുണ്ട്. പക്ഷേ, ഒരു വേലക്കാരന്‍ പയ്യനെപ്പോലും പരിസരത്തെങ്ങും കണ്ടിട്ടില്ല.
     രൂപഭംഗിയില്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന വലിയ വീടുകളാണ് തെരുവിന്‍റെ ഓരങ്ങളില്‍. മറ്റെല്ലാ വീടുകളും വെളുപ്പിനേ ഉണര്‍ന്ന് ഉഷാറാവുമ്പോള്‍ ഈ വീട് മാത്രം ഒച്ചയനക്കങ്ങള്‍ ഒന്നുമില്ലാതെ വ്യസനിച്ചുനില്‍ക്കുന്നതെന്ത്?
      താന്‍ പണിതീര്‍ത്തതല്ലെങ്കിലും ആ വീടിന്‍റെ ദുഃഖം ശങ്കര്‍ദാസിന് നന്നായി മനസ്സിലാവുന്നുണ്ട്. ചെലവ് കുറഞ്ഞതും കൂടിയതുമായ എത്രയെത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയ ആര്‍ക്കിടെക്റ്റാണ് താന്‍. ഓരോ വീടും ഉടമസ്ഥന്‍റെ ഇഷ്ടത്തിനനുസരിച്ച് പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ത്തന്നെ അതിന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന വികാരമെന്തെന്ന്  അയാള്‍ക്ക്  നന്നായറിയാം. ചില വീടുകളുടെ ഹൃദയത്തുടിപ്പുകള്‍ സന്തോഷത്തിന്‍റെതും സംതൃപ്തിയുടേതും ആയിരിക്കും. അതിനുള്ളില്‍ വസിക്കുന്നവര്‍ക്ക് പോസിറ്റീവ് എനര്‍ജി പ്രദാനംചെയ്തുകൊണ്ട് ഐശ്വര്യപ്രതീകംപോലെ അവ ശോഭിച്ചുനില്‍ക്കും. ചില വീടുകള്‍  കാണാന്‍ പ്രൌഠിയുള്ളവയെങ്കിലും അവയുടെ ഉള്ളില്‍നിന്നുയരുന്ന നെഗറ്റീവ് എനര്‍ജി ആരെയും വിഷാദചിത്തരാക്കും.
     വീടിന്‍റെ ഹൃദയഭാഷ ഇത്ര സൂക്ഷ്മമായി  മനസ്സിലാക്കാന്‍ കഴിവുള്ള ആര്‍ക്കിടെക്റ്റുകള്‍ അധികമില്ല. തെരുവിന്‍റെ പൂമുഖമന്ദിരംപോലെ നിലകൊള്ളുന്ന ആ വീട് പോസിറ്റീവ് എനര്‍ജിയുടെ ഉറവിടമാണെന്ന്‍ ശങ്കര്‍ദാസിന് തോന്നാറുണ്ട്. അതുകൊണ്ടു തന്നെയാവാം അയാള്‍ ആ വീടിനെ  സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു.
     ഒരുദിവസം വേലക്കാരന്‍പയ്യന്‍ പുല്‍വെട്ടിയും കയ്യില്‍പ്പിടിച്ച്  വീടിന്‍റെ മുറ്റത്ത് നില്‍ക്കുന്നതുകണ്ടു. 
    ‘ഹാവൂ!' ശങ്കര്‍ദാസിന് സന്തോഷമായി. അയാള്‍ ഗേറ്റിനുമുകളിലൂടെ തല അകത്തേക്കുനീട്ടി.
 ‘ആരാ?’ പയ്യന്‍ ചോദിച്ചു.
 ‘ഈ വീട്ടില്‍ ആള്‍പ്പാര്‍പ്പില്ലേ?’ അയാള്‍ ചോദിച്ചു.
  ‘അറിഞ്ഞിട്ടെന്തുവേണം?’
  പയ്യന്‍ ഉടക്കുപാര്‍ട്ടിയാണ്. അവന്‍റെ   മുമ്പില്‍ അല്പ്പമൊന്ന് താണു  കൊടുത്തേക്കാം. താനാരാണെന്ന് അവനറിയില്ലല്ലോ.
  ‘ഇത്ര നല്ലൊരു വീട് വെറുതേ പൂട്ടിക്കിടക്കുന്നതുകണ്ട് ചോദിച്ചുപോയതാടോ.’
 ‘സാറെന്താ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിവയ്ക്കാനിറങ്ങിയതാണോ? കണ്ടിട്ട് ബണ്ടിച്ചോറിനെപ്പോലുണ്ടല്ലോ.’
  ‘അയ്യോ!’ ശങ്കര്‍ദാസ് ഒന്നു ഞെട്ടി. ബണ്ടിച്ചോറിന്‍റെ ഹൈടെക്ക്കവര്‍ച്ച നഗരവാസികളെ ഞെട്ടിച്ചത് അടുത്തകാലത്താണല്ലോ!
 അയാള്‍ അനുനയഭാവത്തില്‍  വീണ്ടും ചോദിച്ചു:
 ‘ഇയാളിതിന്‍റെ സൂക്ഷിപ്പുകാരനാണോ?’
 ‘ആണെങ്കില്‍....?’
 ‘താനാളുകൊള്ളാമല്ലോടോ. ആട്ടേ, ഈ വീടെന്താ എപ്പോഴുമിങ്ങനെ 
  പൂട്ടിയിട്ടിരിക്കുന്നത്?’
  ‘ആളില്ലാഞ്ഞിട്ട്.’
  ‘അവരെവിടെപ്പോയി?’
  ‘അവരൊക്കെ അങ്ങു ഗള്‍ഫിലാ സാറെ. അടുത്തയാഴ്ച വരുന്നുണ്ട്.’
  ‘വന്നാല്‍ വീണ്ടും പോകുമോ? അതോ ഇവിടെത്തന്നെ താമസിക്കുമോ?’
‘സാറൊന്നു പോയാട്ടെ. അല്ലാ...., ഇതൊക്കെയറിഞ്ഞിട്ട് ഇങ്ങേര്‍ക്കെന്നാ    വേണം?’
    ഒരു ശല്യക്കാരനെന്ന  മട്ടില്‍ ശങ്കര്‍ദാസിനെ അവഗണിച്ചുകൊണ്ട്   പയ്യന്‍ പുല്ലുകളുടെ  നീണ്ടനാമ്പുകള്‍  വെട്ടിയൊതുക്കാന്‍ തുടങ്ങി.
    വീടുകളുടെ തച്ചുശാസ്ത്രവും വാസ്തുവിധികളും പരിസ്ഥിതിപാഠ ങ്ങളുമൊക്കെ തന്‍റെ തലയ്ക്കുള്ളില്‍ക്കിടന്ന്‍ അവിയലുപരുവത്തില്‍ വെന്തുമണക്കുകയാണെന്ന് അവനുണ്ടോ അറിയുന്നു! മനോഹരമായൊരു വീട് കണ്ടാല്‍ അതു നില്‍ക്കുന്ന വസ്തുവിന്‍റെ വാസ്തുവിലേക്കാവും ആദ്യം തന്‍റെ ശ്രദ്ധപതിയുക. പിന്നെ അതിന്‍റെ പരിസ്ഥിതിയിലേക്കും. ഏതു ശാസ്ത്രവിധിപ്രകാരം നോക്കിയാലും ഓക്കേ പറയാവുന്ന  വീടുകള്‍ വേറൊന്നുമില്ല ആ തെരുവോരത്ത്. ആകെയുള്ള ഒരെണ്ണത്തിലാവട്ടെ  ആള്‍പ്പാര്‍പ്പുമില്ല !
    ദിവസങ്ങള്‍ക്കുശേഷം അയാള്‍ വീണ്ടും അതുവഴി  നടക്കാനിറങ്ങി. ആ വീടിന്‍റെ  പോര്‍ച്ചില്‍ ഒരു പുത്തന്‍പജീറോ യാത്രയ്ക്കായി  ഒരുങ്ങിനില്‍ക്കുന്നു. അകത്തെ  മുറിയില്‍ മുരളീകൃഷ്ണയുടെ ക്ലാസിക്കല്‍സംഗീതം.
   ശങ്കര്‍ദാസിന് സന്തോഷമായി. ആ വീടും ഉണര്‍ന്നിരിക്കുന്നു. 
വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. അയാള്‍ അകത്തേക്ക് ചെന്നു. കാളിംഗ്ബെല്ലടിച്ചു.
    മുട്ടോളമെത്തുന്ന സില്‍ക്ക്ജുബ്ബയും  കാല്‍ച്ചട്ടയും ധരിച്ച  മദ്ധ്യവയസ്സുകാരന്‍ വാതില്‍തുറന്ന് പുറത്തുവന്നു.
‘ആരാ?’ എന്ന്‍ പച്ചമലയാളത്തില്‍  ചോദിച്ചുകേട്ടപ്പോള്‍ ആ പ്രവാസിയോട് വളരെ  ബഹുമാനംതോന്നി: അയാള്‍ മലയാളം മറന്നിട്ടില്ല.
‘ഞാന്‍ ശങ്കര്‍ദാസ്. ആര്‍ക്കിടെക്റ്റാണ്.’
‘എന്തേ?’
‘വെറുതെ, ഒന്നു പരിചയപ്പെടണമെന്നു തോന്നി.’
‘സന്തോഷം. എന്‍റെ പേര് സാജന്‍ഫിലിപ്പ്. മുപ്പതുകൊല്ലമായി ഗള്‍ഫി ലാണ്. രണ്ടുകൊല്ലത്തിലൊരിക്കല്‍ വരും. രണ്ടുമാസം താമസിച്ച് തിരിച്ചുപോകും.’
 ‘രണ്ടുകൊല്ലത്തിലൊരിക്കല്‍ രണ്ടുമാസം താമസിക്കാന്‍ ഇത്രയും വലിയൊരു  വീട്!’  
ശങ്കര്‍ദാസിന്‍റെ ആത്മഗതം കേട്ട് വീട്ടുകാരന്‍ ചിരിച്ചു.
 ‘മിസ്റ്റര്‍ ശങ്കര്‍ദാസ് വരൂ. അകത്തിരുന്ന് സംസാരിക്കാം.’
    വിലകൂടിയ പരവതാനി വിരിച്ച ഹാളിലേക്ക് കടന്നപ്പോള്‍ ശങ്കര്‍ദാസിന്‍റെ നോട്ടം മച്ചിലെ ചിത്രപ്പണികളിലും  ചുവരലങ്കാരങ്ങളിലും ഇരിപ്പിടങ്ങളിലെ മാര്‍ദ്ദവഭംഗികളിലും ചുറ്റിപ്പറന്നു.
 ‘എല്ലാം ഇമ്പോര്‍ട്ടഡ് ഐറ്റംസാണ്.’ അതിഥിയുടെ കൗതുകംകണ്ട് വീട്ടുകാരന്‍ പറഞ്ഞു.
 ‘മിസ്റ്റര്‍ ഫിലിപ്പിന്‍റെ തറവാടെവിടെയാ?’
 ‘കോട്ടയത്ത്.’
‘അവിടെയിപ്പോ ആരുമില്ലേ ?’
‘ചേട്ടായിയും കുടുംബവുമുണ്ട്. പെങ്ങന്മാരും അതിനടുത്തൊക്കെത്തന്നെയാ.’
‘വല്ലപ്പോഴും നാട്ടില്‍വരുമ്പോള്‍ കുടുംബക്കാരോടൊപ്പം തങ്ങുന്നതല്ലേ  സന്തോഷം?’
  നിങ്ങള്‍ക്കൊക്കെ അങ്ങനെ തോന്നും. പക്ഷേ പ്രവാസികളുടെ അനുഭവം അതല്ല. ബന്ധുക്കാരുടെ നോട്ടം അവരുടെ പോക്കറ്റിലാണ്. കൊടുക്കുന്നതിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് സ്നേഹവും സന്തോഷവും അളന്നുതൂക്കിക്കിട്ടും.’
 ‘അങ്ങനെയോ?’
 ‘അതേ  മിസ്റ്റര്‍ ശങ്കര്‍ദാസ്. ആതിഥ്യവും സല്‍ക്കാരവുമൊക്കെ പ്രതിഫലേച്ഛയോടെയാവുമ്പോള്‍  അതിലെന്തു സന്തോഷം?’
 ‘എന്നാലും ഏതാനുംദിവസത്തെ വിശ്രമത്തിനുവേണ്ടിമാത്രം  ഇത്രവലിയ വീടുണ്ടാക്കി വെറുതേ അടച്ചിടുന്നത് പ്രവാസിയുടെ സ്വാര്‍ത്ഥതയല്ലേ ? കേറിക്കിടക്കാന്‍ ഒരു കൊച്ചു കൂര പോലുമില്ലാത്തവരുടെ  കണ്മുന്നില്‍      ഇതേപോലെ  എത്രയെത്ര വീടുകള്‍ വെറുതേ  പൂട്ടിക്കിടക്കുന്നു!’

 ‘നിങ്ങള്‍ക്കതിനെ സ്വാര്‍ഥതയെന്നോ ആര്‍ഭാടമെന്നോ എന്തുവേണമെങ്കിലും വിളിക്കാം. പക്ഷേ പ്രവാസിക്ക്  നാട്ടില്‍ സ്വന്തമായൊരു വീട് വളരെ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് വാസ്തവം.’
‘ആയിരിക്കാം.എന്നാലും....'
 എന്നാലും....?
 ഒന്നുമില്ല. മിസ്റ്റര്‍ ഫിലിപ്പ് ഒറ്റയ്ക്കേ വന്നുള്ളൂ?’
‘അല്ലല്ല. കുടുംബവുമുണ്ട്. അവരൊക്കെ കായംകുളത്തിനു പോയിരിക്കയാ,  ഒരു കല്ല്യാണംകൂടാന്‍. ഭാര്യയുടെ വീടവിടെയാ. എനിക്കിന്ന്‍ നോര്‍ക്കവരെ പോകേണ്ട കാര്യമുണ്ട്. അതുകഴിഞ്ഞ് ഞാനും  അങ്ങോട്ട്‌ പോകും.’
‘എന്നാല്‍ ഞാനിറങ്ങട്ടെ. പിന്നെക്കാണാം.’
‘അല്ലാ.... ശങ്കര്‍ദാസിന്  കുടിക്കാനെന്താ വേണ്ടത്? ചായയോ കാപ്പിയോ?’
‘ഒന്നുംവേണ്ട.’
‘ഏയ്‌, അതുപറ്റില്ല. വര്‍ഗ്ഗീസേ ചായ.’
  പയ്യന്‍ ചായ കൊണ്ടുവന്നു. കുടിക്കുന്നതിനിടയില്‍ ഫിലിപ്പ് ചോദിച്ചു: ‘ശങ്കര്‍ദാസിന് എന്നോടെന്തോ പറയാനുണ്ടെന്നു തോന്നുന്നു?’
 ‘അത് പിന്നൊരിക്കലാവാം. ഇപ്പോള്‍ തിരക്കിലല്ലേ.’
‘ഫോര്‍മാലിറ്റിയൊന്നും വേണ്ട. പറഞ്ഞോളൂ.’
‘എന്നെങ്കിലും ഈ വീട് വില്‍ക്കണമെന്നു തോന്നിയാല്‍ എനിക്ക് തന്നേക്കണം. ന്യായമായ വില തരാം.’
‘സോറി മിസ്റ്റര്‍ശങ്കര്‍ദാസ്. ഈ വീട് വില്‍ക്കുന്ന പ്രശ്നമേയില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം പോലെയാണ് പ്രവാസിക്ക് നാട്ടിലെ വീട്. എന്തെങ്കിലും കാരണവശാല്‍ അവിടം വിട്ടുപോരേണ്ടിവന്നാല്‍ വന്നുകേറാന്‍ സുരക്ഷിതമായ ഒരിടം.’  
    ഫിലിപ്പെന്ന പ്രവാസിമലയാളിക്ക് കൈകൊടുത്ത് മടങ്ങുമ്പോള്‍ കാറ്റും വെളിച്ചവും കടക്കാതെ, മനുഷ്യസ്പര്‍ശമേല്‍ക്കാതെ, അടച്ചിട്ടിരിക്കുന്ന പ്രവാസിവീടുകളുടെ കൂട്ടവിലാപം ശങ്കര്‍ദാസെന്ന ആര്‍ക്കിടെക്റ്റിന്‍റെ കാതില്‍ മുഴങ്ങുകയായിരുന്നു!



Wednesday, 16 April 2014

എസ് .സരോജത്തിന്‍റെ 'ക്ഷുഭിത കാലത്തിന്‍റെ സുവിശേഷകന്‍ ഡോ.ബി .വി.ശശികുമാര്‍



                   അവതാരിക

               കഥയിടുക്കുകളില്‍ ചാടിച്ചാടി നടക്കുന്ന ഒരു ഒറ്റക്കാല്‍
                
                ഡോ:ബി.വി.ശശികുമാര്‍

        ‘I wrote what I suffer’  എന്ന സത്യപ്രസ്താവനയ്ക്ക് എക്കാലത്തും പ്രസക്തിയുണ്ട്. അത് ‘ചോരയില്‍ച്ചേര്‍ന്നലിഞ്ഞു പോം ഗാനധാരകള്‍’ എന്ന്‍ ഒരു മലയാളകവിയും ആവര്‍ത്തിക്കുന്നു. അനുഭവിച്ചത് എഴുതുമ്പോഴേ  അത് ‘ജീവിതത്തില്‍നിന്ന്‍ ചീന്തിയെടുത്ത ചോര പൊടിയുന്ന ഒരു ഏട്’ ആകുന്നുള്ളൂ. അനുഭവിക്കാത്തത് എഴുതുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്ന് ടോള്‍സ്റ്റോയ്‌ തന്‍റെ ‘What is art ?’ എന്ന കൃതിയില്‍ ‘ചെന്നായുമായി ഏറ്റുമുട്ടിയെന്നു കള്ളം പറഞ്ഞ കുട്ടി’യുടെ ഉദാഹരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്നെത്തന്നെ അക്ഷരങ്ങളിലൂടെ പറിച്ചുനട്ട എഴുത്തുകാരെല്ലാം കാലത്തിന്‍റെ കൊടുംകാറ്റടിയെ അതിജീവിച്ചിട്ടുണ്ട്. അവരുടെ വിധിയെഴുതുന്നത് സമകാലനിരൂപകരല്ല, കാലമാണ്. മണ്മറഞ്ഞാലും മൃണ്മയഭൌതികതയെയെല്ലാം അവര്‍ അതിജീവിക്കും. ഒരു വരി പോലും എഴുതിയിട്ടില്ലാത്ത നാറാണത്തുഭ്രാന്തന്‍  ഒരു ‘ശിലാകടങ്കഥ’യിലൂടെ ഇന്നും ജീവിക്കുന്നില്ലേ ? അകവൂര്‍ചാത്തന്‍റെയും  പെരുന്തച്ചന്‍റെയും കഥകള്‍ വ്യതസ്ത മല്ല. അനുഭവങ്ങളുടെ ‘നീറുന്ന തീച്ചൂള’ അവര്‍ക്കു സ്വന്തം. മാനകഭാഷയിലല്ലാതെ പ്രയോഗങ്ങളിലൂടെ അവര്‍ രചന നിര്‍വഹിക്കുകയായിരുന്നു. ആ പ്രയോഗങ്ങള്‍ അവരെ രചയിതാക്കള്‍ / സ്രഷ്ടാക്കള്‍ / പ്രജാപതികള്‍ ആക്കിയിരിക്കുന്നു. അവര്‍ അപാരമായ കാവ്യസംസാരത്തില്‍ ഏതോ നാഭീനാളത്തിലിരുന്നുകൊണ്ട് രചനയുടെ ചതുര്‍മുഖസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ചാത്തനും  പാണനും പാക്കനാരും ഭ്രാന്തനും മസ്തിഷ്കത്തില്‍ കുടിയേറിയ പുതിയകാലത്തിന്‍റെ എഴുത്തുകാരും അതുതന്നെ ചെയ്യുന്നു. ‘ചത്തവന്‍റെ സുവിസേഷ’മല്ല, ‘ജീവിച്ചിരിക്കെത്തന്നെ ചത്തവരുടെ’ സുവിസേഷമെഴുതുന്ന ബാബുകുഴിമറ്റവും ഇക്കൂട്ടത്തില്‍പ്പെടുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലൂടെയും സാഹിത്യജീവിതത്തിലൂടെയും തമ്മില്‍ത്തൊടാന്‍ വെമ്പുന്ന സമാന്തരരേഖകളിലൂടെ സഞ്ചരിക്കുകയാണ് എസ്.സരോജം ഈ കൃതിയില്‍.
         തന്‍റെ പുസ്തകത്തിന് അക്കാദമിക് സ്വഭാവമില്ല എന്ന മുന്‍കൂര്‍ജാമ്യം സരോജത്തിന്‍റെ സത്യവാങ്ങ്മൂലം കൂടിയാണ്. ആസ്വാദനത്തിന് അക്കാദമിക് അടിത്തറ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതൊരു നിരുപാധിക പ്രക്രിയയാണ്. കണ്ണുകള്‍ കെട്ടിയടയ്ക്കാത്ത കുതിരയെപ്പോലെ ഒരു നിര്‍ബാധസഞ്ചാരം. അതാണ്‌ എഴുത്തുവഴിയിലെ ഈ സഞ്ചാരം. പുസ്തകത്തിലെ മുന്‍മൊഴി സരോജത്തിന്‍റെ സമീപനമെന്തെന്നു വ്യക്തമാക്കിത്തരുന്നുണ്ട്. വിദൂഷകനെയും കാമുകനെയും അവധൂതനെയും കോമരത്തെയും ബ്യൂറോക്രാറ്റിനെയും മുന്‍വിധികളില്ലാതെ സമീപിക്കനൊരുങ്ങുന്ന ഒരാളിന്‍റെ വ്യക്തമാക്കലാണത്. വ്യക്തിയെയും എഴുത്തുകാരനെയും അവരുടെ ‘Black brother’ എന്ന  ‘other self’  നെയും  തിരിച്ചറിഞ്ഞ ഒരാളിന്‍റെ ആത്മാര്‍ത്ഥത ‘മുന്‍മൊഴി’ എന്ന ഈ സമീപനരേഖയിലുണ്ട്. ഈ പുസ്തകത്തിനു ദോഷങ്ങളുണ്ടെങ്കില്‍ അതെല്ലാം ഈ സമീപനരേഖയ്ക്കു മുന്നില്‍ നിഷ്പ്രഭമായിപ്പോകും.
     ഇരുപത്തിമൂന്ന് അധ്യായങ്ങളിലായി ബാബുവിന്‍റെ രചനാലോകങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സരോജം അടക്കം / ഒതുക്കം /സംയമനം പാലിക്കുന്നു. ‘ചത്തവന്‍റെ സുവിശേഷം’ ഉദിച്ച കാലത്തിന്‍റെ പ്രത്യേകത മുതിര്‍ന്ന എഴുത്തുകാരുടെ ഉദ്ധരണികളോടെ ആദ്യാദ്ധ്യായത്തില്‍ വെളിപ്പെടുത്തിത്തരുന്നുണ്ട്. ചുണ്ടില്‍ രണ്ടു പൊന്മോതിരവുമായി പറന്നുയര്‍ന്ന പറയന്‍കാക്ക വെറുമൊരു കഥയിലെ വെറുമൊരു ‘ട്വിസ്റ്റ്‌’ അല്ല; ഒരു സൂചകം തന്നെയാണ്. ഒറ്റക്കാലന്മാരുടെ ലോകത്ത് രണ്ടുകാലുള്ള കുട്ടിയെപ്പോലെ ഒന്ന്‍. സാഹിത്യലോകത്ത് ഒരു പറയന്‍തുള്ളലിലൂടെ മാത്രമേ ഇത്തരം സൃഷ്ടികള്‍ സാധ്യമാകൂ. ഒരുതരത്തില്‍ കോമരംതുള്ളല്‍ തന്നെ. ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’ ആയിട്ടായിരുന്നു ബാബുവിന്‍റെ അരങ്ങേറ്റം. ‘ഞാനാരാണ്? / അഞ്ചിലൊന്ന്‍’ എന്ന ചോദ്യോത്തരത്തില്‍ ഒരു സ്വത്വപ്രതിസന്ധി (Identity Crisis) അടങ്ങുന്നുണ്ട്. ‘സമൂഹത്തോളം വലുതല്ല വ്യക്തി’ എന്നതു ശരി തന്നെ. എന്നാല്‍ വ്യക്തി എന്ന ഇഷ്ടികയുടെ അസ്തിത്വത്തിന്മേലല്ലേ സമൂഹം എന്ന മഹാഭിത്തി ? ‘രാജ്യം പോയൊരു രാജകുമാരന്മാര്‍’ ഇന്നു ധാരാളമുണ്ടെങ്കിലും അവരുടെ വാഴ്ച, ഒരു വാഴ്ച തന്നെയായിരുന്നു.
        പ്രതീകരചനയെ ബാബുവിന്‍റെ ഒരു പ്രത്യേകതയായി സരോജം നിരീക്ഷിക്കുന്നുണ്ട്. കടല്‍ത്തീരത്തെ ആ പാറക്കെട്ടുകളില്‍ ചാടിച്ചാടി നടക്കുന്ന ആ ഒറ്റക്കാല്‍ മലയാളത്തിനു മറക്കാനാവില്ല. അറുത്തിട്ടാലും തുടിക്കുന്ന ചിലതിനെ നെഞ്ചേറ്റി ലാളിക്കാന്‍ മനുഷ്യനു സഹജവാസനയുണ്ട്. കൊളുത്തി വലിക്കപ്പെടാനുള്ള ചോദന – മസോക്കിസ്റ്റ് മനോഭാവം – തന്നെയാണത്. ഇത്തരം കഥകളില്‍ ക്രാന്തദര്‍ശിത്വമുണ്ട്. പ്രവചനങ്ങള്‍ അതിന്‍റെ പിന്നാലെ ഓടിവരും. മാര്‍ക്‌സിസത്തെ സ്നേഹിക്കുകയും മഹത്തായ ആ ആശയസംഹിതയെ വ്യഭിചരിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെ വെറുക്കുകയും ചെയ്യുന്ന ബാബുവില്‍ തീര്‍ച്ചയായും ഒരു ക്രാന്തദര്‍ശിയുണ്ട്. പലപ്പോഴും കവിതയുടെ ചില്ലയിലിരുന്നാണ് ബാബു ‘കഥകളതിസാദരം’ മൊഴിയുന്നത്.   ‘കുറുന്തോട്ടിക്ക്  വാതം’ എന്ന ശൈലിയില്‍ നിബന്ധിതമായ ‘യുഹാനോന്‍ ളൂവീസിന്‍റെ പ്രാവുകള്‍’ എന്ന കഥ ഉദാഹരണം. ബാബുവിനു സേഷം മലയാളത്തിലുണ്ടായ ‘സുവിസേഷപ്രളയങ്ങള്‍’ അദ്ദേഹത്തെ മാറ്റൊലികള്‍ക്ക് പ്രഭവമാക്കുന്നുണ്ടോ ?
       പൂര്‍ണ്ണിമയ്ക്ക് പുള്ളിക്കുയിലാകണമെന്നാല് രചന ഗ്രാമീണമാകുന്നുവെന്നു തന്നെ സാരം. ഗ്രാമീണതയുടെ വശ്യഭംഗികള്‍ ഈ കഥാകാരന്‍ ആവിഷ്കരിക്കുന്നതിന്‍റെ രീതിഭേദങ്ങള്‍ ഇവിടെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്‌. പുള്ളിക്കുയിലും പൊന്മയും തമ്മിലുള്ള അടുപ്പമായിരുന്നു ബാബുവിനും മാധവിക്കുട്ടിക്കും തമ്മില്‍. അതും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആമിയെപ്പോലെ കിനാവുകളുടെ സൂക്ഷിപ്പ് അദ്ദേഹത്തിനുമുണ്ടായിരുന്നു, ഭൌതികജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും. കിനാവുകള്‍ നിറഞ്ഞ ഒരു ഒട്ടകപ്പൂഞ്ഞയാണദ്ദേഹം. തലസ്ഥാനത്തെത്തുന്ന എഴുത്തുകാര്‍ക്ക് ഒരു അത്താണി ഇനിയും പൂവണിയാത്ത സ്വപ്നമാണ്.
         കളിയും ചിരിയും മേലെ
         ചളിയും ചുഴിയും താഴെ
സൂക്ഷിക്കുന്ന ഒരലകടല്‍ ഉള്ളില്‍പ്പേറി നടക്കുന്നവന്‍റെതാണ് ഈ സ്വപ്നം. അനന്തനും ആദികൂര്‍മ്മവും നുരയും പതയും മലരിയുമുള്ള ഒരു മഹാസമുദ്രം. അതിനെ മലയാളത്തിലേക്ക്  കോരിപ്പകരാനാണു ബാബു എപ്പോഴും ശ്രമിക്കുന്നത്. ഒന്നിനു പോകാനുള്ള പ്രകൃതിയുടെ വിളിയെപ്പോലും ദാര്‍ശനികവ്യഥയായി കാണുന്നതും അതുകൊണ്ടാണ്. ‘വസന്തത്തിന്‍റെ ആരംഭത്തില്‍’ പോലുള്ള രചനകള്‍ ആ കടലില്‍ ഇടയ്ക്കിടെയുണ്ടാവുന്ന സുനാമികളാണ്. മസോക്കിസ്റ്റ് ക്രൂരനാകുന്നതും അതുകൊണ്ടാണ്. ഇല്ലാത്ത രോഗത്തിന്‍റെ തീരെയില്ലാത്ത വേദനകള്‍ അഭിനയിക്കുമ്പോഴും  സാഡിസ്റ്റാകാനൊരുങ്ങുന്ന ഒരു മസോക്കിസ്റ്റിനെയാണ് നാം കാണുക. എല്ലാം വ്യഥിതമനസ്സിന്‍റെ നിതാന്തവിചാരണകള്‍ തന്നെ. 

      അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ പ്രപഞ്ചമാര്‍ഗ്ഗത്തെപ്പറ്റി ബാബു ബോധവാനാണ്. ‘വൈറ്റ്ഹൌസിലെ പേനുകള്‍’ കേവലം ബ്ലാക്ക്ഹ്യൂമര്‍ അല്ലാതാകുന്നത് അതുകൊണ്ടാണ്. ‘അനന്തതയില്‍ നിന്ന് എത്തുന്ന ചില രഹസ്യങ്ങള്‍’ എന്ന പ്രയോഗത്തെ അതുകൊണ്ടുതന്നെ വിപുലമായ
അര്‍ത്ഥത്തില്‍ കാണണം. മോചനത്വര – അത് ദാമ്പത്യത്തില്‍ നിന്നായാലും – ഈ എഴുത്തുകാരനില്‍ എപ്പോഴുമുണ്ട്. ‘രാമായണസ്വാധീനം’ പോലുള്ള കഥകള്‍ നോക്കുക. ‘Variety is the Spice of Life’ സമൂഹം അനുവദിച്ചുതരില്ലെങ്കിലും സത്യം മാത്രമാണ്. പൂച്ചയായി മാറിയ ഭാര്യ പുറത്തേക്കെറിയപ്പെടുന്നിടത്ത് ബാബു ആ ആശയത്തെ മൂര്‍ത്തമാക്കുന്നു. ‘പൂവില്‍നിന്നു പൂവിലേക്കു പറന്നലയുന്ന ഒരു ഷഡ്പദ’മാകാന്‍ ആഗ്രഹിക്കുന്ന പുരുഷനെ (സ്ത്രീയെയും) കുറ്റപ്പെടുത്താന്‍ കഴിയുന്നില്ലെന്ന്‍ സമര്‍ത്ഥിക്കുന്നു, ഇവിടെ. സുഭദ്രമായ കുടുംബജീവിതം നയിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് വൈരുദ്ധ്യമായി തോന്നാം. എഴുത്തിനെയും ജീവിതത്തെയും സംബന്ധിച്ച വസ്തുതകള്‍ ഇന്നും ഒരു കടങ്കഥയല്ലേ ?
        ഉറൂബിന്‍റെ അനുഭവവിവരണങ്ങളില്‍നിന്ന് ബാബു കണ്ടെടുത്ത പന്നികള്‍ ആണ് ‘മണല്‍ക്കുഴികള്‍’ നിറയെ. അന്യാപദേശ(Allegory)മാണ് ഈ കഥ. രൂപാന്തരീകരണമാണ് കഥയുടെ സൂത്രം. ‘കളിവീടുകളുടെ കിളിവാതില്‍’ പോലുള്ള കഥകളില്‍ ഈ ബാബുവിനെ നാം കണ്ടെന്നുവരില്ല. ആ ചെറുക്കനും പെണ്ണും കണ്ടെത്തിയ തൊഴില്‍ പോലെ ഒന്നിനെ മലയാളികള്‍ക്ക് മുന്‍പരിചയമില്ല. ബിയര്‍പാര്‍ലറിനു മുമ്പില്‍ തൊഴില്‍രഹിതരുടെ ജാഥ സംഘടിപ്പിച്ചതിലൂടെ കഥാകാരന്‍ അലറിച്ചിരിക്കുകയാണ്. പുതിയകാലത്തിന്‍റെ ഈ പൊന്‍കുന്നം വര്‍ക്കിയിലേക്ക് കേശവദേവിനെയും അല്‍പ്പം പിഴിഞ്ഞുചേര്‍ക്ക ണമെന്നു മാത്രം. ‘അവള്‍ മഹതിയാം ബാബിലോണ്‍’ എന്ന കഥയില്‍ അദ്ദേഹം നാണയപ്പെടുത്തിയെടുത്ത ‘നിര്‍വേശകാലം’ എന്ന വാക്കിലുമുണ്ട് ആക്ഷേപഹാസ്യത്തിന്‍റെ തീപ്പൊരി. എന്നാല്‍ ‘അമ്മാളുവമ്മയുടെ ഭര്‍ത്താവ്’ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരുതുള്ളി കണ്ണീരാണ്.
            മാരനെയല്ല മണാളനെയല്ല
            മാനം കാക്കുമൊരാങ്ങളയെ
എല്ലാ പേടിച്ചരണ്ട മാന്മിഴികളും തേടുന്നു എന്ന്‍ ഒ.എന്‍.വി. ഇല്ലാത്ത മണാളനെ കാണിച്ചാണ് തന്നെയും രണ്ടു പെണ്മക്കളെയും അമ്മാളുവമ്മ രക്ഷിച്ചുപോരുന്നത്. എന്നാല്‍ ‘സൈനബയുടെ കാമുകന്‍’ പോലുള്ള കഥകളില്‍ ശാസ്ത്രനിരീക്ഷകനായ കഥാകൃത്തിനെയാണ് കാണുന്നത്. സൈനബ വരുംകാലത്തിന്‍റെ കഥാപാത്രമാണ്. അവള്‍ വരാനിരിക്കുന്നേയുള്ളൂ അഥവാ വന്നുകൊണ്ടേയിരിക്കുന്നു. സര്‍ഗ്ഗപ്രതിഭയുടെ മറ്റൊരു മുഖമാണ് ‘ഭൂപട’ത്തില്‍ തെളിയുന്നത്. ചോരയില്‍ കുതിര്‍ന്നതാണത്. ഭ്രാന്തനായിരുന്ന പെരേരയെ കഥാപാത്രമാക്കുമ്പോള്‍ കഥാകൃത്തില്‍ഭ്രാന്തന്‍ ആവേശിക്കുന്നു. അയാളുടെ ടോര്‍ച്ചില്‍നിന്നു വരുന്നത്   ഭ്രാന്തിന്‍റെ (നേരിന്‍റെ) വെളിച്ചമാണ്. ഒരു കഥയുടെ കല്ലുരുട്ടി വായനക്കാരന്‍റെ  മനസ്സിന്‍റെ മലമുകളിലേക്ക് കയറ്റാന്‍ ബാബുകുഴിമറ്റം  പെടുന്ന പാട് ! അത് താഴേക്ക് ഉരുട്ടിക്കളയാന്‍ അദ്ദേഹം തന്നെ വേണമെന്നില്ല, നമ്മളായാലും മതി. അങ്ങനെ ഉരുട്ടിക്കയറ്റപ്പെട്ട കഥയാണ് ആത്മാരാമന്‍റെത്.
       ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
       ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം
കുഴിമറ്റത്തിനു പരിചിതമാണ്. സ്വയം ഊതിക്കെടുത്താനുള്ള പ്രവണതയെ പലവട്ടം താലോലിച്ച് തള്ളിക്കളഞ്ഞ ആളാണദ്ദേഹം.
      വന്യരതിയുടെ വിഭ്രാമകതലങ്ങളിലൂടെ സഞ്ചരിക്കുക ആത്മഹത്യയില്‍ നിന്നുള്ള മുക്തിമാര്‍ഗ്ഗമാണ്. ആത്മഹത്യ അല്ലെങ്കില്‍ സാഹിത്യരചന അല്ലെങ്കില്‍ ഭോഗം എന്ന സമവാക്യത്തില്‍ കഴമ്പുണ്ട്. ‘കറുത്ത മറുകില്‍ രണ്ടു രോമങ്ങളുള്ള പെണ്‍കുട്ടി’ വ്യഭിചാരത്തിന്‍റെ വക്കില്‍ പിടിച്ചുനിന്നുകൊണ്ട് സംഭോഗസുഖത്തിന്‍റെ ആഴങ്ങളിലേക്ക് എത്തിനോക്കുന്ന കഥയാണ് . ഗഡ്വാളിയോട് അസൂയ തോന്നിയിട്ടു കാര്യമില്ല. തളരാത്ത ഭോഗശക്തി ശവങ്ങള്‍ക്കും സൂപ്പര്‍നാച്വറല്‍ ശക്തികള്‍ക്കും മാത്രമേയുള്ളൂ. ഗഡ്വാളി രണ്ടാമതു പറഞ്ഞ വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ശവങ്ങള്‍ ആസ്വദിക്കുന്നില്ലല്ലോ. സ്ത്രീയുടെ സ്വത്വബോധത്തെ പലതരത്തില്‍ നിര്‍വചിക്കാന്‍ കഴിയുന്ന രചനയെന്ന നിലയില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയേറുന്നു. ‘രതി ഈശ്വരപൂജയാണ്’ – ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലായാലും അല്ലെങ്കിലും.  
         ബൈബിളിന്‍റെ സ്വാധീനസമുദ്രത്തില്‍ കഥയുടെ പെട്ടകത്തിനുള്ളിലാണ് ബാബു. സമസ്ത ജീവജാലങ്ങളുമുണ്ടതില്‍. ‘സുവിസേഷം’ എന്ന വാക്കിലാരംഭിച്ച് അനേകം കഥകളിലേക്ക് ആ സമുദ്രം ചാലുകീറി ഒഴുകിയെത്തുന്നു. ഒടുവില്‍ ഉയരുന്നതാകട്ടെ കോടിക്കണക്കിനു ഉത്തരമുണ്ടാകാവുന്ന ഒരു ചോദ്യവും – യാഹോവയുടെ വാളിന്മേല്‍ യേശുദേവന്‍  എന്തുചെയ്തു?! ഒരു ‘ഓശാനക്കഴുത’യ്ക്കും അതിന്‍റേതായ ഉത്തരമുണ്ടാകാം. വര്‍ത്തമാനകാലത്തിന്‍റെ രാഷ്ട്രീയ – ആത്മീയ സമസ്യകളുടെ ഒരു രൂപകമാകുന്നു ഓശാനക്കഴുത. മറ്റു മതദര്‍ശനങ്ങളെ ക്രൈസ്തവദര്ശനവുമായി  വിളക്കിച്ചേര്‍ക്കാനും ശ്രമിച്ചുകാണുന്നു.
       വ്യക്തിയെന്ന നിലയില്‍ സിംഹത്തിന്‍റെ തോലിട്ട മാന്കുട്ടിയാണ് ബാബുകുഴിമറ്റം എന്ന്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
          ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
          ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി.
                                 ( ജി.)
എന്ന്‍ പരോപകാരപ്രവണമായ ആ ജീവിതത്തെ വിലയിരുത്താം. നിമ്നോന്നതമായ വഴികളിലൂടെ തേരുപായിക്കുക, അത് ഏതു ഇരുള്‍ക്കുഴികളിലൂടെ ഉരുണ്ടാലും കടിഞ്ഞാണ്‍ വിടാതിരിക്കുക (ഇടസ്സേരി) എന്നതാണ് ഈ കഥാകാരന്‍റെയും സ്ഥൈര്യം. സിംഹവും മാനും പരസ്പരാപേക്ഷ പുലര്‍ത്തുന്നതു കണ്ടറിയാന്‍ അത്രയ്ക്ക് അടുപ്പമുള്ള ഒരാളിനേ കഴിയൂ .
        സിംഹം, മാന്കുട്ടി എന്നീ പ്രതീകങ്ങള്‍ വ്യക്തിത്വത്തിന്‍റെ രണ്ടു മുഖങ്ങളെയും ഭ്രാന്തന്‍, കോമാളി, അവധൂതന്‍, യാത്രികന്‍ എന്നിവ എഴുത്തുകാരന്‍റെ പ്രതിഭയിലെ ചേരുവകളെയും സൂചിപ്പിക്കുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട നിരീക്ഷണവും ഇതുതന്നെ .എഴുത്തുകാരന്‍റെ വ്യക്തിജീവിതത്തെ അടുത്തറിഞ്ഞ കുഴല്‍ക്കണ്ണാടി തന്നെ എഴുത്തിനെ നോക്കാനും ഉപയോഗിച്ചിരിക്കുന്നു. രണ്ടിനെയും വെവ്വേറെ തിരിച്ച് ഭാഗങ്ങളാക്കാനൊന്നും മുതിര്‍ന്നിട്ടില്ല. തൂലികയ്ക്കു തോന്നിയമാതിരി കൂട്ടിക്കലര്‍ത്തി എഴുതി മുന്നേറുന്ന ഒരു രീതിയാണ് സ്വീകരിച്ചുകാണുന്നത്. കമ്പോടുകമ്പ് ഉദ്ധരണികളോ പാശ്ചാത്യമസ്തിഷ്കങ്ങളുടെ വിസര്‍ജ്യങ്ങളോ വാരിവിതറിയിട്ടില്ല. ഞാന്‍ കണ്ട ബാബുകുഴിമറ്റത്തെയും അദ്ദേഹത്തിന്‍റെ കഥകളെയും ‘കണ്ടപടി' അവതരിപ്പിക്കുന്നു എന്നേ ഭാവിക്കുന്നുള്ളൂ. സാഹിത്യവിമര്‍ശനം സങ്കേതജടിലമായി വായനക്കാരില്‍നിന്ന്‍ അകന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എസ്.സരോജത്തിന്‍റെ ഈ തനതുസമീപനം ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ്.
                                                                                         ഡോ:ബി.വി.ശശികുമാര്‍
മലയാളവിഭാഗം
കേരളസര്‍വകലാശാല
                                                   കാര്യവട്ടം