Saturday, 25 January 2014

ഉപ്പ് (കവിത)









 തുണി തേയ്ക്കാനുണ്ടോ........?
 നീട്ടിവിളിപ്പൂ പണിയാളന്‍.
വീട്ടികടഞ്ഞതുപോലുടലില്‍
വേര്‍പ്പിന്‍ചാലുകള്‍കീറി
 നീട്ടിവിളിപ്പൂപണിയാളന്‍. 
പളപളയിസ്തിരി പോട്ടുതരാം
പുടവകള്‍,ചേലകള്‍ പോടമ്മാ ...
 നീട്ടിവിളിപ്പൂ പണിയാളന്‍.

കസവുടയാടകളഞ്ചെട്ടെണ്ണം
കനിവൊടുനല്‍കീ വീട്ടമ്മ.

കന്നിപ്പെണ്ണിന്‍പൂവുടലില്‍
കരലാളനമേറ്റുന്നതുപോലെ
നല്ലുടയാടകള്‍ ചുളിവുകള്‍നീര്‍ത്തി
തേച്ചുമിനുക്കിപണിയാളന്‍.

തോളില്‍ച്ചുറ്റിയ ചുട്ടിത്തോര്‍ത്തില്‍
മേലുതുടച്ചവനെരിവയറന്‍   
തിണ്ണത്തറയില്‍കുത്തിയിരുന്നൊരു
മൊന്തത്തണ്ണീര്‍ മോന്തിനിവര്‍ന്നൂ.

മടിയാജോലിക്കുചിതം കൂലി
കൊടുത്തിട്ടമ്പൊടു വീട്ടമ്മ
ചോറും കറിയും നിറയെ വിളമ്പി-
പ്പണിയാളക്കൊമരനെയൂട്ടി.

ഉപ്പുമണത്തോരുടല്‍വഴിയില്‍
സോപ്പിന്‍കുമിള മണത്തപ്പോള്‍
പൂത്തുതളിര്‍ത്തൊരു പെണ്ണുടലില്‍
കാത്തുകിടന്നൊരു വേനല്‍ക്കാലം
കാറ്റായ്, മഴയായാര്‍ത്തു ചിരിച്ചു
കുത്തിയൊലിച്ചു മലവെള്ളം.
പുഴയായ്ത്തീര്‍ന്നതു കടലായ്പ്പിന്നെ
കടലേഴിലുമുപ്പു വിളഞ്ഞൂ.

No comments:

Post a Comment