Thursday, 12 September 2013

ഓണാശംസകള്‍







     എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും    
ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Saturday, 7 September 2013

ഓര്‍മ്മയില്‍ ഒരു പൊന്നോണം (കവിത)



കേരളമക്കളിന്നെമ്പാടും  കൊണ്ടാടും 
ഇന്‍സ്റ്റന്റോണത്തിന്‍ വര്‍ണ്ണജാലം
കണ്ടുമടുത്തെന്‍റെ  കണ്ണുകള്‍ തേടുന്നു
ഗ്രാമീണ ബാല്യത്തിന്നോണക്കാലം.

തൂമലര്‍ത്തുമ്പകള്‍ പൂത്തോരെന്‍ വാടിയില്‍
പൊന്നോണത്തുമ്പികള്‍ പാറിവന്നു.
മോഹം മയങ്ങുമെന്‍ മാനസവേദിയി-
ലോര്‍മ്മകളാലോലം നൃത്തമാടി .

പുഴയില്‍ക്കുളിച്ചു മെയ്ച്ചന്തം വരുത്തിപ്പൊന്‍-
ചേലുള്ള പട്ടുപാവാടചാര്‍ത്തി.
പൂമുടി വാര്‍ന്നിട്ടു പിച്ചകപ്പൂ ചൂടി
വാര്‍നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു. 

ഓണപ്പൂക്കളം മോടിയില്‍ തീര്‍ക്കുവാന്‍
വാടാത്ത പൂവുമായോടിയെത്തും
ഓമനത്തോഴന്‍റെ  പൂങ്കവിളത്തൊരു
പൂമുത്തമേകിയാര്‍ത്തുല്ലസിച്ചും
ഓലപ്പന്തുമായ് കളിയാടാനെത്തുന്ന-
കോലപ്പനുപ്പേരി പങ്കുവച്ചും

മഞ്ഞക്കോടിചുറ്റി ചങ്ങാതിമാരുമാ -
യീണത്തില്‍ കൈകൊട്ടിപ്പാട്ടുപാടി ,
മൈലപ്പൂമാവിന്‍ കൊമ്പത്തു ഞാത്തിയോ -
രൂഞ്ഞാലിലാടിത്തിമര്‍ത്തു ചെമ്മെ.

ഓണത്തല്ലോണത്തെയ്യം പുലിക്കളി
മാവേലി കുമ്മാട്ടി വാമനനും
കോലം പലവിധം കെട്ടിയാടീടുവാ-
നാരോമല്‍ കൂട്ടുകാരൊത്തുകൂടി.

സാരള്യ രാഗമുണര്‍ത്തുമപ്പൊന്നോണ-
മിന്നെന്‍റെയോര്‍മ്മയില്‍ മാത്രമായി .
എങ്കിലും ചിങ്ങത്തിരുവോണനാളിനായ്‌
കാത്തിരിക്കുന്നു ഞാനാണ്ടുതോറും .

കള്ളവും ചതിയുമില്ലാതെ നമ്മുടെ
നാട്ടില്‍ സമത്വം പുലരുവോളം
സ്വര്‍ഗീയ സുന്ദര സങ്കല്പതീരത്തു
സ്വപ്നം കൊണ്ടോണവിരുന്നൊരുക്കാം.

സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ 
സ്വാഗതം പണ്ടത്തെ കൂട്ടുകാരേ.
സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ 
സ്വാഗതം കേരളനാട്ടുകാരേ .....



Sunday, 1 September 2013

വൃദ്ധക്കുരുന്ന് (കഥ)

    













         അമ്പതാംപിറന്നാള്‍  ആഘോഷിക്കാന്‍  കലാലയം
  അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു . അങ്കണത്തില്‍  നിരത്തിയിട്ട  പ്ലാസ്റ്റിക്  കസേരകളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും  അധ്യാപകരും സ്ഥാനംപിടിച്ചുകഴിഞ്ഞു . ആ  മുഖങ്ങളില്‍   അവളുടെ കണ്ണുകള്‍ പരതിനടന്നു.  ഇല്ല ,  ആ  മുഖം മാത്രമില്ല .ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെ കാണെണ്ടതല്ലെ. ഒരുപക്ഷേ  ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന അദ്ദേഹത്തെ  രൂപഭേദംകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണോ ?
        അഞ്ചുവയസ്സുകാരിയുടെ മനസ്സില്‍ വരച്ചിട്ട രൂപത്തിന് നല്ല ഉയരവും വെളുത്തനിറവും   വട്ടമുഖവും എണ്ണതേച്ചു ചീകിയൊതുക്കിയ കറുത്തമുടിയും ആയിരുന്നു. കൊഞ്ചിക്കുഴഞ്ഞും കുറുമ്പുകാട്ടിയും നടന്ന കുട്ടിയുടെ കണ്ണില്‍ മറ്റെല്ലാവരേയുംകാള്‍ സുന്ദരനുമായിരുന്നു തോമസ്‌സാറ്. കുട്ടികളെ തല്ലുകയോ ശകാരിക്കുകയോ ചെയ്യാത്ത 'പാവം സാറ് ', കുട്ടികളോടൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നല്ല സാറ് .
        'സരസിജാ.... മോളേ ...... വേഗം വാ ...... ബല്ലടിക്കാറായി' എന്നു വിളിച്ചുകൊണ്ട് അധ്യയനദിവസങ്ങളില്‍ കൃത്യം ഒമ്പതുമണിക്ക്  വീട്ടിലെത്തുന്ന തോമസ്‌ സാറിനെ ഓര്‍മ്മകള്‍ തുറക്കുന്ന ജാലകത്തിലൂടെ വല്ലപ്പോഴും കാണാറുണ്ട് . പ്രിയഗുരുനാഥന്
 എന്നും മുപ്പതിനോടടുത്ത പ്രായം .
         എല്ലാവരും പൂര്‍വ്വകാല സ്മരണകള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ്. സാറിനെ കാണുന്നില്ലല്ലോ .എന്തുപറ്റി ? സ്കൂളധികൃതര്‍ ക്ഷണിക്കാന്‍ മറന്നതാവുമോ ? അങ്ങനെയാവാന്‍ വഴിയില്ല .ഇന്ന്‍ പ്രശസ്തമായ ഹയര്‍സെക്കന്‍ഡറിസ്കൂളായി തലയുയര്‍ത്തിനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രം അന്നൊരു പ്രൈമറിസ്കൂള്‍ മാത്രമായിരുന്നു. വളര്‍ച്ചയുടെ പടവുകളില്‍ തോമസ്‌ സാറിന്‍റെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട് . സ്കൂളിന് സ്വന്തമായൊരു ലൈബ്രറിയും കളിസ്ഥലവുമൊക്കെ ഉണ്ടായത് തോമസ്‌ സാറിന്‍റെ പരിശ്രമഫലമായാണ് . പരിസരത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ല. മുറ്റത്തുനില്‍ക്കുന്ന മുണ്ടപ്ലാവിന്റെ പുറംവേരില്‍  നിറയെ ഫുട്ബാള്‍വലിപ്പത്തിലുള്ള ചക്കകള്‍! ഈ പ്ലാവിന്‍റെ തൈ നട്ടത് തോമസ്‌ സാറാണെന്ന കാര്യം അവള്‍ മറന്നിട്ടില്ല.
          പാറിപ്പറക്കുന്ന തുമ്പിയെ പിടിക്കാന്‍ കൊതിച്ചുനില്‍ക്കുമ്പോള്‍ , അതല്ലെങ്കില്‍ മാവില്‍ പടര്‍ന്നുകിടക്കുന്ന മുല്ലവള്ളിയില്‍നിന്നു കൊഴിയുന്ന പൂക്കള്‍ പെറുക്കുമ്പോള്‍ അമ്മ ബലമായി പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച് ഉടുപ്പിടിയിച്ച് ഒരുക്കിനിറുത്തും . പിന്നെ സാറിന്‍റെ തോളത്തി രുന്നുള്ള സവാരി സ്കൂള്‍മുറ്റംവരെ . തോളത്തിരുന്നുകൊണ്ട്  സാറിന്‍റെ ഭംഗിയായി ചീകിയൊതുക്കിയ മുടി വലിച്ചുകുലച്ചിടുമ്പോള്‍ സ്നേഹത്തോടെ ശാസിക്കും :
 'താമരക്കുറുമ്പിയെ ഞാനിപ്പം  താഴത്തിടുമേ ...'
    ഒപ്പം നടന്നുവരുന്ന കുസൃതിപ്പിള്ളെര്‍ക്ക്  വല്ലാത്ത കുശുമ്പാണ്. അവരെ നോക്കി കൊഞ്ഞണംകുത്തുമ്പോള്‍ അവര്‍ തിരിച്ച്‌ കോക്ക്രികാട്ടി വിളിക്കും :
'നീ പോടീ സുന്ദരിക്കോതേ '
    ' മോള്‍ക്ക്‌ ഞാനൊരു നല്ല പേരിടട്ടേ ?' സ്കൂള്‍രജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ ചെന്നപ്പോള്‍ അച്ഛനോടു ചോദിച്ചു .
    'സാറിനിഷ്ടമുള്ള പെരെഴുതിക്കൊള്ളൂ ' അച്ഛന്‍ സമ്മതിച്ചു .
     'സരസിജ . ഇവളെ ഞാന്‍ സരസിജാന്നേ വിളിക്കൂ '.
  അച്ഛനമ്മമാരിട്ട പേരു മാറ്റി കുട്ടിക്ക് അനുയോജ്യമായ പേരിട്ട ഗുരുനാഥനെ ശിഷ്യയ്ക്ക് മറക്കാനാവുമോ ? സ്കൂള്‍പരിസരം ചുറ്റിനടന്നു കാണുന്നതിനിടയില്‍ സാറിനെപ്പറ്റി
പലരോടും ചോദിച്ചു . ഒരാള്‍ വീടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു .
     കോലായില്‍ ചാരുകസേരയില്‍ പഞ്ഞിപ്പൂ പോലൊരു വൃദ്ധന്‍ , ആ പഴയ ഗുരുനാഥന്‍ !
ഭക്ത്യാദരങ്ങളോടെ നമസ്കരിച്ച് സ്വയം പരിചയപ്പെടുത്തി .
ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ നോക്കിയിരുന്നതല്ലാതെ അദ്ദേഹം ഒരുവാക്കുപോലും ഉരിയാടിയില്ല .
'സാറിന്‍റെ താമരക്കുറുമ്പിയെ മറന്നുപോയോ ?' അവള്‍ മെല്ലെ ചോദിച്ചു .
ഉത്തരം ചിരി മാത്രം .
  അകത്തുനിന്ന് ഒരു ചെറുപ്പക്കാരന്‍  ഇറങ്ങിവന്നു .ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അതേ രൂപം !
'ഞാന്‍ സരസിജ '. അവള്‍ സ്വയം പരിചയപ്പെടുത്തി .
'സരസിജയെക്കുറിച്ച് അപ്പന്‍ ധാരാളം പറഞ്ഞിട്ടുണ്ട് , നേരില്‍ കാണുന്നതിപ്പഴാ. ഇരിക്കൂ .'
'സാറെന്താ എന്നോടു മിണ്ടാത്തെ ?' തെല്ലു വ്യസനത്തോടെ ചോദിച്ചു .
'അപ്പന് ആരെയും അറിഞ്ഞുകൂട. കഴിഞ്ഞതൊന്നും ഓര്‍ക്കാനും കഴിയില്ല . സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണിപ്പോള്‍.'
 സരസിജ ഒരുനിമിഷം സ്തബ്ധയായിനിന്നു .
ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് അറിവിന്‍റെവെളിച്ചം പകര്‍ന്ന , സഹജീവിസ്നേഹത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ആ ഗുരുശ്രേഷ്ഠന്‍റെ  ഓര്‍മ്മച്ചെപ്പ് കവര്‍ന്നതാര് !
    പ്രിയപ്പെട്ട ഗുരുനാഥന്റെ പാദങ്ങളില്‍ രണ്ടു മിഴിനീര്‍ത്തുള്ളികള്‍  കാണിക്കയര്‍പ്പിച്ചു . ആര്‍ദ്രമായ മിഴിനീരിന്റെ ചൂടും നനവുമേറ്റ് ആ പാദങ്ങള്‍ ഒന്നിളകി . അവള്‍ ആ പാദങ്ങള്‍ തൊട്ടുവന്ദിച്ചു . അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കി അല്പനേരം പകച്ചിരുന്നു .
 പിന്നെ ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു .
     ഒന്നുമറിയാതെ ചിരിക്കുന്ന ആ  വൃദ്ധക്കുരുന്നിന്റെ രൂപംകൂടി ഓര്‍മ്മയില്‍
വരച്ചുചേര്‍ത്തുകൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ മനസ്സു മന്ത്രിച്ചു : മാഷേ മാപ്പ്;
ഞാനും മറന്നുവല്ലോ എന്‍റെ മാഷിനെ ഇത്രയുംകാലം ! മാഷേ മാപ്പ്.........