Saturday, 5 October 2024

കുമരകത്തെ പക്ഷികളും പൂമ്പാറ്റകളും - (യാത്ര) എസ്.സരോജം

 


കായല്‍സവാരി ആസ്വദിക്കുന്നവര്‍ക്കും പക്ഷികളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടുന്നവര്‍ക്കും കുമരകത്തേക്കൊരു  വിനോദ യാത്ര പോകാം. വേമ്പനാടു കായല്‍പ്പരപ്പിലൂടെ ഹൗസ്‌ബോട്ടില്‍ കറങ്ങിനടന്ന് കായല്‍സൗന്ദര്യം കണ്ണുകളില്‍ കോരിനിറയ്ക്കാം, കായല്‍മത്സ്യത്തിന്റെയും നാടന്‍ഭക്ഷണത്തിന്റെയും രുചി ആസ്വദിക്കാം, എന്തൊരു ത്രില്ലാണെന്നോ.             കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിന്റെ തീരത്ത്  സ്ഥിതിചെയ്യുന്ന പച്ചപ്പുനിറഞ്ഞ ചെറിയൊരു ഗ്രാമമാണ് കുമരകം. കോട്ടയം പട്ടണത്തില്‍നിന്ന് പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളു. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന നിരവധി ചെറുദ്വീപുകള്‍ ചേര്‍ന്ന കുട്ടനാടിന്റെ ഭാഗമാണ് കുമരകം. 5166 ഹെക്ടറാണ് കുമരകത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 2418 ഹെക്ടര്‍ കായലും 1500 ഹെക്ടര്‍ നെല്‍പ്പാടങ്ങളും 1253 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നു. സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനാല്‍  കുമരകത്തെ കേരളത്തിലെ നെതര്‍ലാന്റ് എന്നുവിളിക്കുന്നു.
        പ്രകൃതിരമണീയമായ കുമരകത്തെ ഇന്നുകാണുന്ന രീതിയില്‍, സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയെടുത്തതിന്റെ പിന്നില്‍ ആല്‍ഫ്രഡ് ജോര്‍ജ്ജ്  ബേക്കര്‍  എന്ന ബ്രിട്ടീഷ് കര്‍ഷകന്റെ ബുദ്ധിയും പ്രയത്‌നവുമുണ്ട്. 1847-ല്‍ കേരളത്തിലെത്തിയ ബേക്കര്‍ കുമരകത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും അദ്ദേഹം 104 ഏക്കര്‍ ഭൂമി വാങ്ങി, അവിടെ തന്റെ താമസത്തിനായി നല്ലൊരു ബംഗ്ലാവും മനോഹരമായൊരു പൂന്തോട്ടവും നിര്‍മ്മിച്ചു അദ്ദേഹവും തലമുറകളും 1962വരെ ഈ ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് താജ് ഗ്രൂപ്പ് ഈ ബംഗ്ലാവ് ഏറ്റെടുത്ത്, പഴമ നിലനിറുത്തിക്കൊണ്ടുതന്നെ, ലക്ഷ്വറി ഹെരിറ്റേജ് ഹോട്ടലാക്കി മാറ്റുകയാണുണ്ടായത്.കണ്ടല്‍ക്കാടുകളും വെള്ളാമ്പല്‍പൂക്കളും   നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും  അവയ്ക്കിടയിലൂടെയുള്ള ജലപാതകളില്‍ തുഴഞ്ഞുനീങ്ങുന്ന നാടന്‍വള്ളങ്ങളും ചെറുവഞ്ചികളും രാജകീയപ്രൗഢിയോടെ സഞ്ചരിക്കുന്ന വഞ്ചിവീടുകളും ഒഴുകുന്ന ഭക്ഷണശാലയും  തീരത്തുള്ള എ.സി.കോട്ടേജുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും എല്ലാംചേര്‍ന്ന് ഈ കൊച്ചുഗ്രാമത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കുന്നു. കുമരകവും സമീപഗ്രാമമായ ഐമനവും  പശ്ചാത്തലമാക്കി അരുന്ധതിറോയി രചിച്ച ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന വിഖ്യാതമായ പുസ്തകത്തിലൂടെയാണല്ലൊ ഈ ഗ്രാമങ്ങള്‍ ലോകശ്രദ്ധ നേടിയത്.

  കായല്‍ക്കരയിലെ രാത്രിക്കാഴ്ചകള്‍

വിനോദസഞ്ചാരികളുടെ തിരക്ക് ഏറിയിരുന്ന ഒരു വെള്ളിയാഴ് ച വൈകുന്നേരം കുമരകത്തെത്തിയ ഞങ്ങള്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങള്‍ മാത്രമുള്ള ഇല്ലിക്കളം ലേക്‌സൈഡ് കോട്ടേജിലായിരന്നു താമസസൗകര്യം ലഭ്യമായത്. അതെന്തായാലും വലിയൊരനുഗ്രഹമായിത്തീര്‍ന്നു. കായലിനഭിമുഖമായി നില്‍ക്കുന്ന ചെറിയൊരു കോട്ടേജ്. മുറ്റത്തിനും കായല്‍ഭിത്തിക്കുമിടയില്‍ മനോഹരമായ ചെടികളും പൂക്കളും. പച്ചപ്പട്ടുവിരിച്ചതുപോലുള്ള പുല്‍ത്തകിടിയും  ഇളനീര്‍ക്കുടങ്ങള്‍ ചൂടിനില്‍ക്കുന്ന കേരവൃക്ഷങ്ങളും നൈസര്‍ഗികപ്രകൃതിയുടെ ലാവണ്യക്കാഴ്ചകളായി. കായലില്‍ മുട്ടിയുരുമ്മിനില്‍ക്കുന്ന പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയസൂര്യന്‍ വിരഹചിത്രങ്ങള്‍ വരക്കുന്നതും രാത്രിയും പകലും യാത്രാമൊഴിചൊല്ലി പിരിയുന്നതും കൗതുകത്തോടെ നോക്കിയിരുന്നു.

     രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഞങ്ങള്‍ കായല്‍ക്കരയില്‍ ഉണര്‍ന്നിരുന്നു. കായലോളങ്ങള്‍ ഭിത്തിയില്‍ മുട്ടുന്ന ഗ്ലും ഗ്ലും ശബ്ദം, ഓളങ്ങളില്‍ ഒഴുകിപ്പരക്കുന്ന കുളവാഴപ്പൂക്കളുടെ അപരിചിതഗന്ധം.  

മുകളില്‍ നക്ഷത്രനിബിഡമായ നീലാകാശം,  കായല്‍ഭിത്തിയിലിരുന്ന് കായലോളങ്ങളില്‍ കാലുചിക്കി, കിന്നാരം പറഞ്ഞും പച്ചപ്പുല്ലില്‍ കിടന്നുരുണ്ടും  കായല്‍ക്കാറ്റിന്റെ രാത്രിക്കുളിരില്‍ അലിഞ്ഞുലഞ്ഞും...  ഹാ... എന്തുരസം! ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ അനുഭൂതി. പുലരാറായപ്പോള്‍ കാഴ്ച മതിയാക്കി, ഗാഢമായ നിദ്രയിലേക്ക്.  ഉണര്‍ന്നപ്പോള്‍ രാവിലെ എട്ടുമണി. തിടുക്കപ്പെട്ട് കുളിച്ചൊരുങ്ങി. പ്രഭാതഭക്ഷണത്തിനുശേഷം പക്ഷിസങ്കേതത്തിലേക്ക് പുറപ്പെട്ടു.കുമരകം പക്ഷിസങ്കേതം

നീര്‍ക്കാക്ക, കൊറ്റി, കുക്കു,  കുളക്കോഴി,  മരംകൊത്തി, മഴപ്പുള്ള്, നത്ത്, തത്ത, പൊന്മാന്‍, ഇരണ്ട,  ഞാറ, മല്ലിക്കോഴി തുടങ്ങി നൂറോളം പ്രാദേശികയിനം പക്ഷികളുടെയും അമ്പതിലേറെയിനം ദേശാടനപ്പക്ഷികളുടെയും ആവാസകേന്ദ്രമാണ് കുമരകം പക്ഷിസങ്കേതം. പ്രാദേശിക പക്ഷിനിരീക്ഷണത്തിന് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും ദേശാടനപ്പക്ഷിനിരീക്ഷണത്തിന്  നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ് ഏറ്റവും അനുയോജ്യമായ കാലം.  ഞങ്ങള്‍ ഡിസംബറിന്റെ അവസാനത്തിലാണ് ഇവിടം സന്ദര്‍ശിച്ചത്. ആകയാല്‍, സൈബീരിയന്‍ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ സുലഭമായിരുന്നു. കണ്ടല്‍ക്കാടുകളും ചതുപ്പുനിലങ്ങളും ഉള്‍പ്പെടുന്ന കുമരകത്തിന്റെ ഭൂപ്രകൃതിയാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പക്ഷിനിരീക്ഷണത്തിനുമാത്രമല്ല, അലസമായി ചുറ്റിനടക്കാനും തണല്‍കൊണ്ടിരിക്കാനും ഇതിനെക്കാള്‍ മികച്ച ഒരിടം കേരളത്തില്‍ വിരളമെന്നേ പറയേണ്ടു. . പിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും വളഞ്ഞുചുറ്റിയ കാട്ടുവള്ളികളില്‍  ചാരുകസേരയിലെന്നപോലെ ചാരിക്കിടന്നും... ഈ പക്ഷിസങ്കേതം  പകര്‍ന്നേകുന്ന വിനോദവിസ്മയങ്ങള്‍ ചെറുതല്ല. 

പതിനാലേക്കര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം മുഴുവന്‍ നടന്നുകാണുക ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഡിസംബറിലെ തണുപ്പില്‍  നാടന്‍പക്ഷികളെ കാണാന്‍കിട്ടുക അപൂര്‍വ്വം.  കാടിനുള്ളിലെ തടാകത്തില്‍ ഭക്ഷണംതിരയുന്ന നീര്‍ക്കാക്കയും കൊക്കുമൊക്കെ വല്ലപ്പോഴുമൊന്ന് കണ്ണില്‍പെട്ടാലായി. കാടിനുള്ളില്‍ നിന്ന് കുയിലിന്റെ കൂജനം കേള്‍ക്കാം. കായലോരത്തെ നിരീക്ഷണഗോപുരത്തില്‍നിന്നുള്ള ചുറ്റുവട്ടക്കാഴ്ചകള്‍ വല്ലാതെ കൊതിപ്പിച്ചു; കണ്ടല്‍ക്കാടുകളും പച്ചവിരിച്ച കായലരികുകളും നീലജലപ്പരപ്പിലൂടെ പക്ഷിസങ്കേതത്തെ ചുറ്റുന്ന ബോട്ടുകളും... ഞങ്ങള്‍ വേഗം തിരിച്ചുനടന്ന് ബോട്ടുജെട്ടിയിലെത്തി. പക്ഷിനിരീക്ഷണത്തിനായുള്ള  ഒരു നൗക വാടകയ്‌ക്കെടുത്ത് കായലിലൂടെ പക്ഷിസങ്കേതത്തെ വലംവച്ചു. കാടിനുള്ളിലെക്കാള്‍ കൂടുതല്‍ പക്ഷികളെ  കണ്ടല്‍ക്കാടുകളിലും വൃക്ഷശിഖരങ്ങളിലും ഒറ്റയായും ജോഡിയായും കാണാന്‍ കഴിഞ്ഞു. പാതിരാമണല്‍

പക്ഷിനിരീക്ഷണംകഴിഞ്ഞ് ബോട്ടുജെട്ടിയില്‍ തിരിച്ചെത്തിയപ്പോഴേക്കും കലശലായ വിശപ്പ്. സഞ്ചരിക്കുന്ന ഭക്ഷണശാലയില്‍നിന്ന് കപ്പയും മീനും പാഴ്‌സല്‍ വാങ്ങി, എല്ലാവരുംകൂടി പങ്കിട്ടുകഴിച്ചു, അതുകഴിഞ്ഞ്  സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ കയറി പാതിരാമണലിലേക്ക് തിരിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ സര്‍വീസ് ആരംഭിച്ച കുമരകം - പാതിരാമണല്‍ ബോട്ട് സര്‍വീസ് തുച്ഛമായ ചെലവില്‍ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സംവിധാനമാണ്. നാല്‍പത്തിരണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ ഇടമുള്ള ബോട്ടിന് ആകെ 420 രുപ നല്‍കിയാല്‍ മതി, ആളൊന്നിന് വെറും പത്തുരൂപ. തിരിച്ച് അതേബോട്ടില്‍ തന്നെ മടങ്ങണമെന്നില്ല. ദ്വീപിന്റെ പച്ചപ്പും ദേശാടനപ്പക്ഷികളുടെ വ്യത്യസ്തഭാവസൗന്ദര്യങ്ങളും വേണ്ടുവോളം ആസ്വദിച്ചശേഷം അടുത്ത ബോട്ടിന് ടിക്കറ്റെടുത്ത് മടങ്ങാം. 

വേമ്പനാടുകായലിനു നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന നിരവധി ചെറുതുരുത്തുകളുടെ കൂട്ടമാണ് പാതിരാമണല്‍. പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടതാവളമാണിവിടം. കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയില്‍ പത്തേക്കര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന പാതിരാമണല്‍ അനന്തപത്മനാഭന്‍ തോപ്പെന്നും പാതിരാത്തോപ്പെന്നും അറിയപ്പെടുന്നു. കുമരകം പക്ഷിസങ്കേതത്തില്‍ കാണുന്ന എല്ലായിനം പക്ഷികളും ഇവിടെ സുലഭമാണ്. മത്സ്യങ്ങളെ  മുങ്ങാങ്കുഴിയിട്ടുപിടിച്ച്, ഉയരത്തിലേക്കെറിഞ്ഞ്, കൊക്കുകൊണ്ടുപിടിച്ച് കൊന്നുതിന്നുന്ന ചേരക്കോഴി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ചായമുണ്ടി എന്നുവിളിക്കുന്ന പര്‍പ്പിള്‍ഹെറോണ്‍, ഇന്ത്യന്‍ ഷാഗ്, പലയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ധാരാളംപക്ഷികള്‍ മഞ്ഞുകാലമായാല്‍ ഈ കൊച്ചുദ്വീപില്‍ പറന്നെത്തും. ഇടതൂര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളും അവയെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വള്ളികളും കരിങ്കല്ലുപാകിയ വഴിയോരങ്ങളും വനത്തിന്റെ നിബിഡതയും മണ്ണിനുപുറത്തേക്ക് വളരുന്ന വേരുകളും തിങ്ങിവളരുന്ന കാട്ടുചെടികളും വിവിധയിനം കണ്ടല്‍ച്ചെടികളുമൊക്കെയായി സന്ദര്‍ശകരെ പുളകമണിയിക്കാന്‍ കാത്തുനില്‍ക്കുകയാണ് പാതിരാമണല്‍. ഫോട്ടൊഗ്രഫിയില്‍ കമ്പമുള്ളവര്‍ക്കാകട്ടെ ഈ ദ്വീപ് ക്യാമറക്ക് അനുയോജ്യമായ നിരവധി ഫ്രെയിമുകള്‍ സമ്മാനിക്കും.നെക്ടാര്‍ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്

കുമരകം പക്ഷിസങ്കേതത്തില്‍നിന്നും അകലെയല്ലാതെ ഒരു ബട്ടര്‍ഫ്‌ളൈ പാര്‍ക്കുണ്ട്.  വള്ളിച്ചെടികള്‍ പടര്‍ന്ന ഗേറ്റിലും പരിസരത്തും ചെറുതും വലുതുമായ നിരവധി ശലഭങ്ങള്‍ ഉത്സാഹത്തോടെ പാറിനടക്കുന്നത്  പുറത്തുനിന്നുതന്നെ കാണാം. ഓരോയിനം ശലഭങ്ങള്‍ക്കും ഇണങ്ങുന്ന ധാരാളം ചെടികളും പൂക്കളും ചിട്ടയായി പരിപാലിക്കപ്പെടുന്ന ചെറിയൊരു പാര്‍ക്കാണിത്. രാവിലെ ശലഭങ്ങളോടൊപ്പം പാറിനടക്കുമ്പോള്‍ നീയെത്ര ധന്യ എന്ന സിനിമക്കുവേണ്ടി ഒ.എന്‍..വി എഴുതിയ വരികള്‍ മനസ്സില്‍ തുള്ളിത്തുളുമ്പിവന്നു:

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു 

പൂമ്പാറ്റയായി മാറി... 

പുല്ലിലും പൂവിലും വര്‍ണ്ണച്ചിറകുമായ് പാറീ.... 


പലനിറത്തിലുള്ള ചെടികളും പൂക്കളും ചെടികളുടെ ഇലകള്‍ക്കടിയില്‍ സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകളും കുരുന്നിലകള്‍ തിന്ന് വയറുനിറയ്ക്കുന്ന പുഴുക്കളും വജ്രക്കുണുക്കുകള്‍പോലെ തൂങ്ങിക്കിടക്കുന്ന പ്യൂപ്പകളും പൂക്കള്‍തോറും പാറിനടന്ന് തേന്‍നുകരുന്ന പൂമ്പാറ്റകളും... അതിജീവനത്തിന്റെ മഹത്തായ പ്രകൃതിപ്രമാണം ചുരുള്‍നിവര്‍ത്തിനില്‍പാണ്.  

കുട്ടികളുടെ ദേഹത്തും വര്‍ണ്ണപ്പകിട്ടാര്‍ന്ന ഉടുപ്പുകളിലും തൊട്ടുതൊട്ടില്ലെന്നു പറന്നുകളിക്കുന്ന ശലഭങ്ങളെ പിടിച്ചേ അടങ്ങൂ എന്ന് വാശിപിടിച്ചോടുന്ന കുട്ടികള്‍... ഈ ശലഭവിസ്മയങ്ങള്‍ എത്രനേരം നോക്കിനിന്നാലും മതിവരില്ല. എങ്കിലും ഒരുമണിക്കൂറിലേറെ അവിടെ ചെലവഴിക്കാന്‍ സമയപരിമിതി ഞങ്ങളെ അനുവദിച്ചില്ല; പതിവുജീവിതം തിരിച്ചുവിളിക്കുന്നു.