Saturday, 28 March 2020

പുഴകള്‍, മലകള്‍, പൂവനങ്ങള്‍... (യാത്ര) എസ്.സരോജം



ഇക്കഴിഞ്ഞ മെയ്‌ ഇരുപത്തൊന്നു മുതല്‍ ഇരുപത്തേഴു വരെയുള്ള ~ഒരാഴ്‌ചക്കാലം കുട്ടികളും പേരക്കുട്ടികളുമൊത്ത്‌ പ്രകൃതിയുടെ സ്വച്ഛസൗന്ദര്യങ്ങളിലൂടെ ഹൃദയപൂര്‍വ്വം ആര്‍ത്തുല്ലസിച്ചുനടക്കുകയായിരുന്നു ഞങ്ങള്‍ കുറേ അപ്പുപ്പന്മാരും അമ്മുമ്മമാരും. ഒന്നരവയസ്സുകാരന്‍ അലന്‍ റോബിന്‍ മുതല്‍ എഴുപതുവയസ്സുകാരന്‍ രാധാകൃഷ്‌ണന്‍ വരെ ഉണ്ടായിരുന്നു ഇരുപത്തിയൊമ്പതുപേരടങ്ങിയ യാത്രാസംഘത്തില്‍. കന്യാകുമാരിമുതല്‍ കൈലാസംവരെ സാഹസ സഞ്ചാരം നടത്തി ധാരാളം അനുഭവസമ്പത്തുള്ള ജെ.പി.ചന്ദ്രകുമാര്‍ ആയിരുന്നു ടീം ക്യാപ്‌റ്റന്‍. ഞായറാഴ്‌ച രാവിലെ ആറുമണിക്ക്‌ സെക്രട്ടറിയേറ്റ്‌ പരിസരത്തുനിന്ന്‌ സണ്ണി ഡേ ട്രാവല്‍സിന്റെ ലക്ഷ്വറി കോച്ചില്‍ യാത്ര ആരംഭിക്കുകയായി. പ്രകൃതിയുടെ തനിമയും സൗന്ദര്യവും കണ്ണുകളില്‍ കോരിനിറച്ചുകൊണ്ട്‌ പശ്ചിമഘട്ട മലനിരകളിലൂടെ, അവിസ്‌മരണീയമായൊരു സഞ്ചാരം

മക്കളും കൊച്ചുമക്കളും വളരെയേറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി മുതല്‍ തമിഴ്‌നാട്ടിലെ വാല്‍പാറവഴി ഇടുക്കിയിലെ ആര്‍ച്ച്‌ ഡാം വരെ മദ്ധ്യവേനലവധിക്കാലത്ത്‌ നടത്തിയ ഉല്ലാസയാത്ര. വിനോദത്തോടൊപ്പം അറിവും പകരുന്ന ഈ യാത്രയില്‍, പശ്ചിമഘട്ട മലനിരകളുടെ അനന്യസൗന്ദര്യത്തില്‍ അലിഞ്ഞൊഴുകിയ ആ ഒരാഴ്‌ചക്കാലം മനസ്സിലും ചുണ്ടിലും തങ്ങിനിന്നത്‌ പണ്ടേ പാടിപ്പതിഞ്ഞ ഒരു ഗാനശകലം:
`പുഴകള്‍, മലകള്‍, പൂവ നങ്ങള്‍...
ഭൂമിക്ക്‌ കിട്ടിയ സ്‌ത്രീധനങ്ങള്‍....'

തുമ്പൂര്‍മൂഴിയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക്


കുട്ടികളുമൊത്ത്‌ ആതിരപ്പള്ളിക്ക്‌ പോകുമ്പോള്‍ തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍മൂഴി ഡാമിലും ഒന്നിറങ്ങുക. ഇതിനടുത്ത്‌ കുട്ടികളെ കൊതിപ്പിക്കുന്ന ഒരു പാര്‍ക്കുണ്ട്‌; ചാലക്കുടിപ്പുഴയ്‌ക്കരികിലുള്ള ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍.

 ചെറുതും വലുതുമായ നൂറ്റിനാല്‍പത്തിയെട്ട്‌ ജാതി ചിത്രശലഭങ്ങളും വിശേഷപ്പെട്ട പലജാതി ചെടികളും പൂക്കളും പ്രകൃതിയോടിണങ്ങിക്കഴിയുന്ന അപൂര്‍വസുന്ദരമായ ഒരിടമാണിത്‌. 

കുട്ടികളുടെ മാനസികോല്ലാസത്തിനുതകുന്ന ധാരാളം വിനോദോപാധികളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്‌. പ്രവേശനകവാടം മുതല്‍ കളിക്കോപ്പുകളില്‍വരെ ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ പതിച്ചുവച്ചിരിക്കുന്നു. 

പൂന്തേന്‍ നുകര്‍ന്നും പാറിപ്പറന്നും ഉല്ലസിക്കുന്ന പൂമ്പാറ്റകള്‍ക്കിടയിലൂടെ ഉത്സാഹത്തോടെ പാറിനടന്നപ്പോള്‍ കൊച്ചുമക്കള്‍ക്കും ചിറകുമുളച്ചതുപോലെ
അപൂര്‍വയിനങ്ങളില്‍പെട്ട കുഞ്ഞന്‍ ശലഭങ്ങളെ നോക്കി അല്ലുക്കുട്ടന്‍ ചോദിച്ചു:
പപ്പാപ്പേ, എന്താ ഇതൊന്നും വലുതാവാത്തേ?
അത്‌ ചെറിയയിനം ശലഭങ്ങളായോണ്ടാ. ഇത്രയേ വളരൂ.
ഒത്തിരി പൂന്തേന്‍ കുടിച്ചാലോ?
എന്നാലും ഇത്രയേ വളരൂ.
പൂവിലെ തേനല്ലാതെ വേറൊന്നും കഴിക്കൂലേ?
ഇല്ല കുട്ടാ, ചിത്രശലഭങ്ങള്‍ക്ക്‌ കൊമ്പുകൊണ്ട്‌ പൂവിലെ തേന്‍ വലിച്ചുകുടിക്കാന്‍ മാത്രമേ കഴിയൂ.
അയ്യോ, പാവം. നമ്മക്കാണെങ്കി എന്തെല്ലാം കഴിക്കാന്‍പറ്റും, അല്ലേ പപ്പാപ്പേ?
നമുക്കുചുറ്റും എന്തുമാത്രം ജീവികളുണ്ട്‌, ഓരോന്നിന്റെയും ആഹാരരീതി വേറെവേറെയല്ലേ?
ഞാന്‍ വലുതാമ്പം അതെല്ലാം പഠിച്ചിട്ട്‌ പപ്പാപ്പയ്‌ക്ക്‌ പറഞ്ഞു തരാമേ.
ചിരിച്ചുകൊണ്ട്‌ ഞാനവനെ കെട്ടിപ്പിടിച്ച്‌ കവിളത്തൊരുമ്മ കൊടുത്തു.

Friday, 27 March 2020

അഞ്ചുരുളി തുരങ്കം (യാത്ര) എസ്.സരോജം


കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്‌. ഇടുക്കി ഡാമിന്‍റെ തുടക്കം ഇവിടെനിന്നാണ്‌. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അഞ്ചുരുളി തുരങ്കത്തിലൂടെയാണ്‌. ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിവച്ചതുപോലെ കാണുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ്‌ അഞ്ചുരുളി. 

കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ്‌ തുരങ്കം. ഇതിന്‍റെ ഒരറ്റത്തുനിന്ന്‌ നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ വലിപ്പത്തില്‍, വെളിച്ചത്തിന്‍റെ പൊട്ടുപോലെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക്‌ ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു  ടോര്‍ച്ചുകൂടെ കരുതിയാല്‍ മതി. നീരൊഴുക്ക്‌ കുറവായതിനാല്‍ കൂട്ടത്തിലുള്ള ചിലരൊക്കെ അല്‍പദൂരം ഉള്ളിലേക്ക്‌ കയറിനോക്കി. കുട്ടികളെ അകത്തേക്ക്‌ കയറാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. തുരങ്കകവാടത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ അവര്‍ക്ക്‌ വലിയ ഉത്സാഹമായിരുന്നു. വഴുക്കലുള്ള പാറക്കല്ലുകളുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചുവേണം വെള്ളത്തിലിറങ്ങാന്‍.


5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച്‌ നടുക്ക്‌ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടുവത്രെ. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച്‌ പത്തിന്‌ നിര്‍മ്മാണം ആരംഭിച്ച്‌ 1980 ജനുവരി മുപ്പതിന്‌ ഉത്‌ഘാടനംചെയ്‌തു.
നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്റി പുറംലോകത്തിന്‌ വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്‍റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇനിയും ഒരുപാട്‌ വളരേണ്ടിയിരിക്കുന്നു.