Tuesday, 13 August 2019

എന്‍റെ കഥ - എസ്.സരോജം

 

                                                 
                                                                    ഒന്ന്
സ്വന്തം ജീവിതം ഇതുവരെയും രചനകളിലൊന്നും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടില്ല. എങ്കിലും ഓമനയില്‍നിന്ന്‌ സരോജത്തിലേക്കുള്ള ദൂരം എത്രയെന്ന്‌ മനസ്സുകൊണ്ട്‌ അളന്നുനോക്കാറുണ്ട്‌ ചിലപ്പോഴൊക്കെ. അത്‌ ഞാന്‍ നടന്നുതീര്‍ത്ത ദൂരമാണോ, അതോ എന്‍റെ  ഗ്രാമം നാഗരികതയിലേക്ക്‌ നടന്നുകയറിയ കാലദൈര്‍ഘ്യമാണോ? രണ്ടുമാവാം. ഓര്‍മ്മകളില്‍ ഒളിഞ്ഞുകിടക്കുന്ന ഗ്രാമജീവിതത്തെ ഓര്‍ത്തെടുക്കുന്നതിന്‍റ തുടക്കമായി, ഈ രണ്ടു പേരുകളും എനിക്ക്‌ സമ്മാനിച്ച പ്രിയപ്പെട്ടവര്‍ ആരെന്നും എങ്ങനെയെന്നും പറയാം.
കുറുനരിയും കാട്ടുമാക്കാനും രാത്രിസഞ്ചാരം ചെയ്യുന്ന കുഗ്രാമത്തില്‍ ഒരു പഴയ കര്‍ഷകഭവനത്തില്‍, ഇടവപ്പാതിക്കാലത്ത്‌ പെറ്റുവീണ പെണ്‍കുഞ്ഞ്‌. ള്ളേ... ള്ളേ... എന്ന്‌ നിറുത്താതെ കരഞ്ഞു. പാലില്ലാത്ത മുലക്കണ്ണ്‌ കുഞ്ഞിന്‍റെ  വായില്‍ തിരുകിവച്ച്‌ കരച്ചിലാറ്റാനുള്ള വിദ്യ ഫലിക്കാഞ്ഞപ്പോള്‍ സരസുക്കുട്ടിയുടെ കണ്ണുകളും ഇടവപ്പാതി പോലെ പെയ്‌തിറങ്ങി. കരഞ്ഞുകരഞ്ഞ്‌ കൊരലടഞ്ഞ കുഞ്ഞിന്‌ അതിമധുരമിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തുറക്കി. ഇങ്ങനെയുള്ള `ള്ളേ..'ക്കഥകള്‍ വയറ്റാട്ടി മുത്തശ്ശി മരിക്കുന്നതുവരെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. വെള്ളപ്പഴംതുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കൈയിലെടുത്ത്‌ ഓമനേ.... എന്ന്‌ ആദ്യമായി വിളിച്ചത്‌ സരസുക്കുട്ടിയുടെ വലിയണ്ണനായ ജ്ഞാനപ്രകാശം വൈദ്യരാണത്രെ. പിന്നെപ്പിന്നെ എല്ലാവരും ഓമനേ.... എന്ന്‌ അരുമയോടെ കൊഞ്ചിച്ചു വിളിച്ചുതുടങ്ങി. വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായിത്തന്നെ അവള്‍ വളര്‍ന്നു കര്‍ഷകജന്മിയായ രാമനാശാന്‍ പാടത്തുനിന്ന്‌ മടങ്ങിയെത്തിയാല്‍ ഓമനേ..... എന്ന്‌ നീട്ടിവിളിക്കും. വെള്ളിക്കൊലുസ്സുകിലുക്കി, അവളോടിച്ചെല്ലും. അവള്‍ക്കായി പേരയ്‌ക്കയോ കാരയ്‌ക്കയോ മാമ്പഴമോ എന്തെങ്കിലും അപ്പുപ്പന്‍റെ  മടിക്കുത്തിലുണ്ടാവും.
പണിക്കാരുടെ കുട്ടികള്‍ക്കൊപ്പം കാട്ടുപൂക്കളിറുത്തും തുമ്പിയുടെയും പൂമ്പാറ്റയുടെയും പുറകേ ഓടിയും കളിച്ചുനടക്കവേ, ഒരുദിവസം ഒരാള്‍ വന്ന്‌ സ്‌കൂളില്‍ പോകാമോ എന്നൊരു ചോദ്യം. വേണ്ടാ... നിച്ച്‌ കളിച്ചണം എന്നുപറഞ്ഞ്‌ ചിണുങ്ങിക്കരഞ്ഞ കുഞ്ഞിനെ അമ്മ പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച്‌ നല്ല ഉടുപ്പുമിടിയിച്ചിട്ട്‌ പറഞ്ഞു : മക്കള്‌ ദേ ഈ സാറിന്‍റെ  കൂടെ സ്‌കൂളില്‍ പൊയ്‌ക്കൊ'. പോവൂല്ലാ.... നിച്ച്‌ കളിച്ചണം... എന്ന്‌ തൊണ്ടകീറിക്കരഞ്ഞ കുട്ടിയെ എടുത്ത്‌ തോളത്തിരുത്തി സാറ്‌ സ്‌കൂളിലേക്ക്‌ നടന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യം മുഴുവന്‍ സാറിനോടായി, എണ്ണതേച്ച്‌ ചീകിവച്ചിരുന്ന തലമുടി വലിച്ചുകുലച്ചിട്ടു, മാന്തിയും പിച്ചിയും കഴിയുന്നത്ര ഉപദ്രവിച്ചുനോക്കി. സാറുണ്ടോ വിടുന്നു. കൊണ്ടുപോയി, ഒന്നാം ക്ലാസ്സിലെ മുന്‍ബഞ്ചിലിരുത്തി. വീടിനടുത്തുള്ള ലൂധര്‍മിഷന്‍ എല്‍.പി സ്‌കൂളില്‍ അന്ന്‌ കുട്ടികള്‍ കുറവായിരുന്നു. എ.ഇ.ഒ. ഇന്‍സ്‌പെക്ഷന്‌ വരുന്ന ദിവസം കുട്ടികളുടെ എണ്ണം തികയ്‌ക്കാനുള്ള ബദ്ധപ്പാടായിരുന്നു അതെന്ന്‌ കുട്ടിക്കറിയില്ലല്ലൊ. ഒന്നാം ക്ലാസ്സില്‍ പേരുചേര്‍ക്കണമെങ്കില്‍ ആറുവയസ്സ്‌ തികയണം. സാമാന്യം നീളമുണ്ടായിരുന്നതുകൊണ്ട്‌ മൂന്ന്‌ വയസ്സ്‌ സാറിന്‍റെ  വക സൗജന്യമായി കിട്ടി.
കുട്ടിക്ക്‌ എന്തു പേരിടണമെന്ന്‌ ആല്‍ബര്‍ട്ട്‌ സാര്‍ അപ്പനോട്‌ ചോദിച്ചു. ഓമന മതിയെന്ന്‌ മറുപടി. സാര്‍ കുഞ്ഞിനെ മടിയിലിരുത്തി കവിളത്ത്‌ തഴുകിക്കൊണ്ട്‌ പറഞ്ഞു; താമരപ്പൂപോലെ ചന്തമുള്ള ഇവള്‍ക്ക്‌ ഞാന്‍ സരോജം എന്നു പേരിടുന്നു. ആ പേര്‍ചൊല്ലി ആദ്യമായി വിളിച്ചതും ആല്‍ബര്‍ട്ട്‌ സാറായിരുന്നു. അന്നുമുതല്‍ സ്‌കൂളില്‍ സരോജവും വീട്ടിലും നാട്ടിലും ഓമനയുമായി. ഇന്നും പഴയ തലമുറയില്‍പെട്ട നാട്ടുകാരും ബന്ധുക്കളും ഓമനേ എന്നേ വിളിക്കാറുള്ളു. അവരാരെങ്കിലും ഞാനിപ്പോള്‍ ജീവിക്കുന്ന ചുറ്റുവട്ടത്തു വന്ന്‌ ഓമനയെ അന്വേഷിച്ചാല്‍ അങ്ങനെയൊരാളെ ആര്‍ക്കും അറിയില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ സരോജത്തെയല്ലെ അവര്‍ക്കറിയാവൂ. രണ്ടു പേരുണ്ടായതിന്‍റെ  സ്വത്വപ്രതിസന്ധിയുണ്ടല്ലൊ, അത്‌ അനുഭവിച്ചാലേ അറിയൂ. എന്നാലും കുട്ടിക്ക്‌ അനുയോജ്യമായ പേരിട്ട ആ നല്ല അദ്ധ്യാപകന്‍ അന്നത്തെപ്പോലെതന്നെ ഇന്നും സരോജത്തിന്‍റെ  മനസ്സില്‍ യുവസുന്ദരനായി പുഞ്ചിരിച്ചുനില്‍ക്കുന്നു.

No comments:

Post a Comment