പുതുമയുള്ള വിഷയവും ഒഴുക്കുള്ള ഭാഷയും ആകര്‍ഷകമായ അവതരണശൈലിയും കൊണ്ട് ഒന്നിനൊന്ന് മത്സരിക്കുന്ന പതിനേഴ് കഥകളുടെ സമാഹാരമാണ് എസ്.സരോജത്തിന്‍റെ `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ന്യുജല്‍പായ്‌ഗുരി റെയില്‍വേസ്റ്റേഷനില്‍ അര്‍ദ്ധരാത്രി ഒറ്റയ്‌ക്ക് വന്നിറങ്ങുന്ന ഒരു യാത്രക്കാരി, `കഞ്ചാവുപൂക്കുന്ന കുന്നുകളെ വന്‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന' സ്റ്റേഷനിലെ രാത്രിദൃശ്യങ്ങളും അവിടെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന, മോഷ്‌ടാവെന്നു തോന്നിക്കുന്ന ഒരുസ്‌ത്രീയും അവരുടെ സഹായികളായ രണ്ടു യുവാക്കളും യാത്രക്കാരിയില്‍ സൃഷ്‌ടിക്കുന്ന വിഹ്വലതകളിലൂടെ അനന്യസാധാരണമായ ഒരു കഥ ജനിക്കുന്നു, ക്രാഫ്‌റ്റിന്‍റെ കരുത്തുകൊണ്ട് വേറിട്ടുനില്‍ക്കുന്ന, ശീര്‍ഷകകഥയായ `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ഭര്‍ത്താവിന്‍റെ മൃതദേഹവുമായി റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കുന്ന സ്‌ത്രീയ്‌ക്കു വേണ്ടത് കുറച്ചു കാശാണ്. മോഷ്‌ടിച്ചായാലും അത് കിട്ടിയേ മതിയാവു. അല്ലെങ്കില്‍ എത്രയോദൂരം മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണവര്‍. സാമ്പത്തികമനുഷ്യന് അനിവാര്യമായ കാര്‍ഡുകള്‍ അവര്‍ക്ക് പാഴ്‌വസ്‌തുക്കള്‍ മാത്രമാവുന്നു.
സൈബര്‍ സ്‌പേസില്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രലോഭനങ്ങള്‍ക്കിരയാവുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പാവുന്നു 'മുഖങ്ങളുടെ വര്‍ത്തമാനം'. അദൃശ്യമായ സൈബര്‍ലോകത്ത് ചുറ്റിത്തിരിയുന്ന കപടമുഖങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ലെന്നും സ്‌ത്രീകള്‍ ജാഗ്രതയോടെ കൈകാര്യംചെയ്യേണ്ടതാണ് സൈബര്‍സ്‌പേസ് എന്നും ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. സൈബര്‍ കായലില്‍ ചൂണ്ടയിട്ട് ഇരപിടിക്കുന്ന ആധുനിക കല അതിസമര്‍ത്ഥമായി അവതരിപ്പിക്കുകയാണ് `മീന്‍ പിടിക്കുന്നതും ഒരു കലയാണ്' എന്ന കഥ. തനിക്കുനേരെ വരുന്ന ചൂണ്ടകളെ കുരുക്കിലാക്കി രസിക്കുന്ന മീന ഒരു സൈബര്‍ വിദഗ്‌ദ്ധ തന്നെ. വഞ്ചിവീടും ചൂണ്ടയിടലും മദ്യസേവയും ഇഷ്‌ടഭോജനവും രതിയും എല്ലാം കഥയോട് ചേര്‍ന്നുനില്‍ക്കുന്നു. `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്' എന്ന കഥ വിരല്‍ചൂണ്ടുന്നത് സ്‌ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യം എന്ന വിഷയത്തിലേക്കാണ്. സ്‌ത്രീയെപ്പോലെതന്നെ പുരുഷനും ഒരു ഉപഭോഗവസ്‌തുവായി വിപണിയിലെത്തുന്നതിന്‍റെ സൂചനയുണ്ട് കഥാന്ത്യത്തില്‍. ചട്ടമ്പിയായ നാരായണനുപോലും ഭേദിക്കാനാവാത്തതാണ് കല്യാണി തന്‍റെ അര്‍ത്ഥഗര്‍ഭമായ ചിരിയിലൂടെ സ്വയം തീര്‍ക്കുന്ന സുരക്ഷാവലയം. ``കണ്ണഞ്ചുന്ന കാഴ്‌ചകള്‍ക്കിടയില്‍ ഒരു നിഷേധസൗന്ദര്യംപോലെ കല്യാണി! തീപറക്കുന്ന കണ്ണുകളും തെറിച്ചചിരിയുമായി അവള്‍ ഉത്സവപ്പറമ്പാകെ നിറഞ്ഞുനിന്നു'' എന്ന വിശേഷണത്തില്‍ ഈ അസാധാരണസ്‌ത്രീയുടെ സ്വത്വം ഒതുക്കിവച്ചിരിക്കുന്നു. സമൂഹം സ്‌ത്രീക്കു മാത്രമായി കല്‍പിക്കുന്ന ചാരിത്ര്യശുദ്ധിയോടുള്ള പരിഹാസമാണ് `കന്യാനിര്‍മ്മിതി'.
തലചായ്‌ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ കടവരാന്തയിലും മരത്തണലിലും മറ്റും അഭയംതേടുമ്പോള്‍, എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ലക്ഷക്കണക്കിന് പ്രവാസിവീടുകള്‍ കാറ്റും വെളിച്ചവുമേല്‍ക്കാതെ, മനുഷ്യസ്‌പര്‍ശമേല്‍ക്കാതെ അടഞ്ഞുകിടക്കുന്നു. ആ `വീടുകളുടെ വിലാപം' ആര്‍ക്കിടെക്‌ടായ ശങ്കറിലൂടെ വായനക്കാരെ കേള്‍പ്പിക്കുകയാണ് കഥാകാരി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പാളിച്ചകളും അദ്ധ്യാപക,വിദ്യാര്‍ത്ഥി ബന്ധത്തിലുള്ള വിള്ളലുകളും രാഷ്‌ട്രീയകേന്ദ്രങ്ങളില്‍നിന്നുള്ള അനാവശ്യമായ ഇടപെടലുകളും വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളാണ് `ഉത്തരംതേടുന്ന ചോദ്യങ്ങള്‍.' ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളല്ല വിദ്യാര്‍ത്ഥികള്‍ എന്ന് ഈ കഥ അടിവരയിടുന്നു. ചേരിയിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന തങ്ങള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് `മൂത്തോരന്‍ മകന്‍ മണിയന്‍'. ദളിത്/പിന്നാക്ക വിഭാഗക്കാര്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് അര്‍ഹമായ യോഗ്യത നേടിയാലും പലപ്പോഴും അധികാരക്കസേരകളിലെ സവര്‍ണ്ണധാര്‍ഷ്‌ഠ്യങ്ങള്‍ക്കും അവഗണനകള്‍ക്കും വിധേയരാവുന്നു എന്നതിനുദാഹരണമാണ് മണിയന്‍റെ അനുഭവം.
ശാസ്‌ത്രവും സാങ്കേതികവിദ്യകളും വിഷയമാക്കി എഴുതിയവയാണ് വിഷയത്തിലും ക്രാഫ്‌റ്റിലും ഒരുപോലെ മികച്ചുനില്‍ക്കുന്ന `കണ്‍ട്രോള്‍ ചിപ്പ് ', `ഊഷരതകള്‍ തളിര്‍ക്കുമ്പോള്‍' എന്നീ കഥകള്‍. സമകാലജീവിതത്തിന്‍റെ അടരുകള്‍ എന്ന വിശേഷണത്തിനും അപ്പുറം നില്‍ക്കുന്ന `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്', `കണ്‍ട്രോള്‍ ചിപ്പ്' എന്നീ കഥകള്‍ വരുംകാലത്തേക്കുള്ള സൂചനകളാവുന്നു. `തോപ്പുമുക്കിലെ ഭ്രാന്തി', `രതിനിദ്ര' തുടങ്ങി പല കഥകളിലും സ്‌ത്രീയുടെ അടക്കിവച്ച ലൈംഗികാസക്തിയുടെ അന്തര്‍ധാര കാണാം. ഫാന്റസിയുടെയും സ്വപ്‌നത്തിന്റെയും മരണത്തിന്‍റെയുമൊക്കെ കൂട്ടുപിടിച്ച് ആര്‍ജ്ജവത്തോടെ, തനതായ ആഖ്യാനവഴികളിലൂടെ കഥയെ ആനയിച്ചിരിക്കുന്നു. യാത്രക്കാരി കൂടിയായ കഥാകാരിക്ക് അനുഭവങ്ങളേറെയാണ്. പ്രമേയവൈവിധ്യവും രചനാവൈശിഷ്‌ട്യവുംകൊണ്ട് വേറിട്ടുനില്‍ക്കുന്ന കഥകളോരോന്നും അനുവാചക മനസ്സില്‍നിന്ന് അത്രവേഗം ഇറങ്ങിപ്പോവുകയില്ല.
No comments:
Post a Comment