Monday, 17 September 2018

പരീക്ഷണവധുവിന്‌ പത്ത്‌ കല്‍പനകള്‍ (കഥ) എസ്‌.സരോജം


സുനന്ദയുടെ അഴകുമുറ്റിയ രൂപത്തിലേക്ക്‌ സത്യപാലന്‍ ആകെക്കൂടിയൊന്നു നോക്കി. എന്നിട്ട്‌ വെള്ളക്കടലാസില്‍ നീലമഷികൊണ്ടെഴുതിയ നിയമാവലി ഉറക്കെ വായിച്ചുകേള്‍പിച്ചു. 
ഒന്ന്‌: എന്‍റെ  ഭാര്യ തൊഴില്‍രഹിതയും നിര്‍ദ്ധനകുടുംബത്തിലുള്ളവളും ആയിരിക്കണം.
രണ്ട്‌: ആദ്യത്തെ ഒരുവര്‍ഷം പരീക്ഷണകാലമാണ്‌. ഇക്കാലത്തെ പരിചരണവും പെരുമാറ്റവും തൃപ്‌തികരമല്ലാതെ തോന്നിയാല്‍ അപ്പോള്‍ തന്നെ കരാര്‍ അവസാനിപ്പിച്ച്‌ തിരിച്ചയക്കുന്നതാണ്‌. 
മൂന്ന്‌: പരീക്ഷണകാലമായ പന്ത്രണ്ട്‌ മാസവും ചെലവ്‌ പോയിട്ട്‌ അയ്യായിരം രൂപ ശമ്പളം തരുന്നതാണ്‌. അത്‌ മാസാവസാനം കാശായോ ചെക്കായോ കൈപ്പറ്റി, രസീത്‌ എഴുതിത്തരേണ്ടതാണ്‌. ഇക്കാലയളവില്‍, വീട്ടില്‍ പോകാനായി മാസത്തില്‍ രണ്ടുദിവസം അവധി അനുവദിക്കുന്നതാണ്‌.
നാല്‌: അയല്‍വീടുകളില്‍ പോവുകയോ അവരുമായി കൂട്ടുകൂടുകയോ ചെയ്യരുത്‌. ഞാനറിയാതെ ആരെയും വീടിനുള്ളില്‍ കയറ്റുകയും ചെയ്യരുത്‌.
അഞ്ച്‌: എന്റെ മൂന്ന്‌ മക്കളോടും അവരുടെ കുടുംബത്തോടും സ്‌നേഹത്തോടെ പെരുമാറേണ്ടതും അവര്‍ വരുമ്പോള്‍ അമ്മയെപ്പോലെ പരിചരിക്കേണ്ടതുമാണ്‌. 
ആറ്‌: വീടും പരിസരവും എപ്പോഴും വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം. 
ഏഴ്‌: വികലാംഗനായ ഞാന്‍ ഭാര്യയില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിചരണവുമാണ്‌. 
എട്ട്‌: പരീക്ഷണകാലം തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ അടുത്തദിവസം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. അന്നുതന്നെ കുടുംബപെന്‍ഷന്‌ അവകാശിയായി ഭാര്യയെ നോമിനേറ്റ്‌ ചെയ്‌തുകൊണ്ടുള്ള പേപ്പറുകള്‍ ഒപ്പിട്ട്‌ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ചുകൊടുക്കുന്നതാണ്‌. 
ഒമ്പത്‌: വിവാഹശേഷം ശമ്പളം ഉണ്ടായിരിക്കുന്നതല്ല. കുട്ടിയുടെയും അമ്മയുടെയും അത്യാവശ്യചെലവുകള്‍ക്കായി എല്ലാമാസവും അയ്യായിരം രൂപ നല്‍കുന്നതാണ്‌.
പത്ത്‌: എന്‍റെ  മരണാനന്തരം, ഫാമിലിപെന്‍ഷന്‍ ഒരു പാവപ്പെട്ട സ്‌ത്രീക്ക്‌ ഉപജീവനമാര്‍ഗ്ഗമാവുമല്ലൊ എന്ന നല്ലവിചാരംകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെയൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌. വ്യവസ്ഥകള്‍ നന്നായി വായിച്ചുനോക്കിയിട്ട്‌ സമ്മതമാണെങ്കില്‍ മാത്രം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുതരേണ്ടതാണ്‌.
ആധാരമെഴുത്തുകാര്‍ കക്ഷികളെ പ്രമാണം വായിച്ചുകേള്‍പ്പിക്കുന്നതുപോലെ നീട്ടിയൊരു വായനകഴിഞ്ഞ്‌, സത്യപാലന്‍ സുനന്ദയുടെ മുഖത്തേക്ക്‌ നോക്കി. അയാള്‍ വായിച്ചതൊന്നും അവള്‍ കേട്ടിരുന്നില്ല. രക്താര്‍ബുദം ബാധിച്ച കിച്ചുമോന്‍റെ  കരച്ചിലാണ്‌ അപ്പോള്‍ അവളുടെ കാതുകളില്‍ മുഴങ്ങിയത്‌. അമ്മ അവന്റെ കരച്ചിലടക്കാന്‍ ഒരുപാട്‌ കഷ്‌ടപ്പെടുന്നുണ്ടാവും. 
സുനന്ദേ... വലിയൊരു പുണ്യകര്‍മ്മം നിര്‍വ്വഹിച്ച മട്ടില്‍ കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട്‌ ഇടനിലക്കാരന്‍ വര്‍ക്കിച്ചന്‍ വിളിച്ചു. സങ്കടത്തിന്‍റെ  ചുവപ്പുരാശി പടര്‍ന്ന കണ്ണുകളില്‍നിന്ന്‌ രണ്ട്‌ പളുങ്കുമണികള്‍ അടര്‍ത്തിക്കളഞ്ഞിട്ട്‌ അവള്‍ അയാളെ നോക്കി. ബ്രോക്കര്‍ഫീസല്ലാതെ മറ്റൊന്നും ഇപ്പോള്‍ അയാളുടെ പരിഗണനയില്‍ വരുന്ന വിഷയമേയല്ലല്ലൊ. വ്യവസ്ഥകളെഴുതിയ കടലാസ്‌ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌ അയാള്‍ പറഞ്ഞു: 
നന്നായിട്ട്‌ വായിച്ചുനോക്ക്‌, വച്ചുനീട്ടുന്ന ഭാഗ്യം നീയായിട്ട്‌ തട്ടിക്കളയരുത്‌. 
സുനന്ദ വ്യവസ്ഥകള്‍ വായിച്ചു. അയ്യായിരമെന്നത്‌ പതിനായിരമാക്കണം. അവള്‍ ഉറപ്പിച്ചു പറഞ്ഞു.
സത്യപാലന്‍ ചെറുതായൊന്നു ഞെട്ടി. ചാരുകസേരയില്‍ നിവര്‍ന്നിരുന്ന്‌ ഉണക്കച്ചുള്ളിപോലുള്ള ഇടതുകാലിലേക്ക്‌ കൈവിരലുകളോടിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: മറ്റെന്തെങ്കിലും പറയാനുണ്ടോ? 
അമ്പതിനായിരം മുന്‍കൂറായി തരണം, മോന്‍റെ  ചികിത്സക്കാണ്‌. മാസാമാസം അയ്യായിരംവച്ച്‌ ശമ്പളത്തീന്ന്‌ പിടിച്ചോണ്ടാ മതി. 
സത്യപാലന്‍ അല്‍പനേരം ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. മാസങ്ങളോളം കൂടെനിന്ന്‌, കാശായും തുണിയായും മറ്റുപലതായും കിട്ടാവുന്നതെല്ലാം ചോദിച്ചും ചോദിക്കാതെയും സ്വന്തമാക്കി, വീട്ടിലേക്ക്‌ കടത്തിയിട്ട്‌, പരീക്ഷണകാലം തീരുംമുമ്പ്‌ തിരിച്ചുപോയ സുശീലയും രാധയും ഗീതയും ഒരുനിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി. അങ്ങോട്ട്‌ എത്ര വാരിക്കോരിക്കൊടുത്തിട്ടും ഒരുതുള്ളി സ്‌നേഹം തിരിച്ചുതരാത്ത ആ പെണ്ണുങ്ങളെപ്പോലെയാവുമോ ഇവളും? കണ്ടിട്ട്‌ ആളൊരു നേരേ വാ നേരേ പോ ആണെന്നു തോന്നുന്നു. എന്തായാലും സമ്മതിച്ചേക്കാം എന്ന്‌ തീരുമാനിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു:
അയ്യായിരംവച്ച്‌ പത്തുമാസം, അത്രയും കാലം നീയിവിടെ ഉണ്ടാവുമെന്നെന്താ ഉറപ്പ്‌?
എത്രകാലം ഇവിടെ ഉണ്ടാവുമെന്ന്‌ ഉറപ്പുപറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? എന്ന മറുചോദ്യംകൊണ്ട്‌ സുനന്ദ അയാള്‍ക്ക്‌ മറുപടി കൊടുത്തു.
അയാളുടെ ചോദ്യം കേട്ടപ്പോള്‍, ആറുമാസം മുമ്പ്‌ പട്ടില്‍പൊതിഞ്ഞ്‌ ചുടുകാട്ടിലേക്ക്‌ കൊണ്ടുപോയ മുപ്പത്തഞ്ചുകാരന്‍റെ  മുഖമാണ്‌ അവളുടെ മനസ്സിലേക്ക്‌ കയറിവന്നത്‌. ഇണങ്ങിയും പിണങ്ങിയും ഒരുകൂരക്കുള്ളില്‍ പത്തുകൊല്ലം തികച്ചില്ല. രാവിലെ മോന്‌ റ്റാറ്റാ പറഞ്ഞു പണിക്കുപോയയാളെ പിറ്റേദിവസം വെള്ളത്തുണി പുതച്ച്‌, ഐസുപെട്ടിയില്‍വച്ച്‌... ഏതോ കാറിന്‍റെ  ചക്രങ്ങള്‍ കയറിയിറങ്ങിയതാണത്രെ. നിറുത്താതെപോയ ആ കാറ്‌ ആരുടേതാണെന്ന്‌ ഒരുവിവരവുമില്ല. രാത്രിയായതുകൊണ്ട്‌ സംഭവം കണ്ടവരാരുമില്ല. അന്വേഷണം നടക്കുകയാണത്രെ.
തര്‍ക്കുത്തരം അത്ര രസിച്ചില്ലെങ്കിലും അവള്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളും സത്യപാലന്‍ സമ്മതിച്ചു. അതിന്‍പ്രകാരം മുദ്രപ്പത്രം തിരുത്തിയെഴുതി.
എന്നാല്‍ ഇതിലൊന്ന്‌ ഒപ്പിട്ടേക്കു. അയാള്‍ മുദ്രപ്പത്രം അവള്‍ക്കു നീട്ടി.
അവള്‍ ഒപ്പുവച്ചു, പിന്നെ അയാളും. സാക്ഷിയായി വര്‍ക്കിച്ചനും.
എന്നാലിനി വലതുകാലുവച്ച്‌ അകത്തേക്ക്‌ കേറിക്കൊ. സത്യപാലന്‍ സന്തോഷത്തോടെ പറഞ്ഞു. സുനന്ദ ഇടതുകാല്‍വച്ച്‌ അകത്തേക്ക്‌ കയറി. എന്‍റെ  കിച്ചുമോനേ... എന്നൊരു ഹൃദയവിലാപവും പഴയൊരു ലതര്‍ബാഗും അവള്‍ക്കൊപ്പം അകത്തേക്ക്‌ കടന്നു.
തുടക്കത്തിലേ ലക്ഷണക്കേടാണല്ലൊ വര്‍ക്കിച്ചാ. സത്യപാലന്‍ നീരസം മറച്ചുവച്ചില്ല.
അത്‌ സാരമില്ലെന്നെ, വലതായാലും ഇടതായാലും കാലുരണ്ടും ഒരുപോലല്ലെ. വര്‍ക്കിച്ചന്‍റെ  വായില്‍നിന്ന്‌ പെട്ടെന്ന്‌ പൊട്ടിവീണ ന്യൂജന്‍ സിദ്ധാന്തം സത്യപാലനും ശരിവച്ചു.
വര്‍ക്കിച്ചന്‍ ബ്രോക്കര്‍ഫീസിനായി കൈനീട്ടി. രണ്ടായിരത്തിന്‍റെ  രണ്ടുനോട്ടുകള്‍ അയാളുടെ കൈയില്‍ വച്ചുകൊടുത്തിട്ട്‌ സത്യപാലന്‍ പറഞ്ഞു: ബാക്കി പിന്നെ, കല്യാണം നടക്കുകയാണെങ്കില്‍.
എന്നാ ഞാനിറങ്ങട്ടെ സാറെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കി വിളിച്ചാ മതി, ഞാനിങ്ങെത്തിക്കൊള്ളാം. വലിയൊരു കാര്യം ചെയ്‌ത സംതൃപ്‌തിയോടെ, സത്യപാലനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ നടന്നുമറഞ്ഞു.
അകത്തേക്ക്‌ കയറിയ സുനന്ദ എന്തുചെയ്യേണ്ടൂ എന്നറിയാതെ അന്തിച്ചുനിന്നു. ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വീടിനുള്ളില്‍ എരിഞ്ഞുനില്‍ക്കുന്ന മലമൂത്രഗന്ധം, മാറാലപിടിച്ച ജന്നലുകളും വാതിലുകളും, മാര്‍ബിള്‍ പാകിയ തറയിലാകെ അഴുക്കും പൊടിയും, അടുത്തകാലത്തൊന്നും ചൂലും വെള്ളവും തൊട്ട ലക്ഷണമില്ല. വൃത്തിയാക്കല്‍ പരിപാടി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നാലോചിച്ചുനില്‍ക്കെ, സത്യപാലന്‍റെ  വിളിവന്നു: 
സുനന്ദേ... എനിക്കൊരു കട്ടന്‍ചായ, കടുപ്പം കുറച്ച്‌, പഞ്ചസാര വേണ്ട.
ഇപ്പൊ കൊണ്ടുവരാം. എന്നു പറഞ്ഞിട്ട്‌, അവള്‍ തോളില്‍ കിടന്ന ഷാളെടുത്ത്‌ ചുരിദാറിനുമീതെ അരയില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ ചെന്നു. സിങ്കു നിറയെ എച്ചില്‍ ഉണങ്ങിപ്പിടിച്ച പാത്രങ്ങള്‍. ചായക്കറപിടിച്ച ഒരെണ്ണം സ്ലാബിന്മേലിരിപ്പുണ്ട്‌. അതെടുത്ത്‌ തേച്ചുകഴുകി, ഗ്യാസടുപ്പു കത്തിച്ച്‌ രണ്ടുഗ്ലാസ്‌ ചായയുണ്ടാക്കി, ഒന്ന്‌ അയാള്‍ക്കും ഒന്ന്‌ അവള്‍ക്കും. നല്ല വിശപ്പുണ്ട്‌. രാവിലെ കഴിച്ച ദോശയും ചായയും എപ്പഴേ ദഹിച്ചു.
ചായ കൊണ്ടുകൊടുക്കുമ്പോള്‍ സത്യപാലന്‍ പറഞ്ഞു: ആദ്യം വീടിനകമൊക്കെ വൃത്തിയാക്കണം, പിന്നെ മുറ്റവും. എനിക്ക്‌ ഉച്ചയ്‌ക്ക്‌ കഞ്ഞിയായാലും മതി. ഇന്നിപ്പൊ ചോറും കറിയുമൊക്കെ വയ്‌ക്കാന്‍ സമയമില്ലല്ലെ. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാക്കാം.
അവള്‍ കഞ്ഞിവയ്‌ക്കുന്നതിനിടയില്‍ വീടിനകമെല്ലാം മാറാലയടിച്ച്‌ തൂത്തുവാരി. കഞ്ഞികുടി കഴിഞ്ഞ്‌ ചൂലുമായി മുറ്റത്തേക്കിറങ്ങി. അടുത്തവീട്ടിലെ സ്‌ത്രീ മതിനുമുകളിലൂടെ എത്തിനോക്കി, ചിരിച്ചുകൊണ്ട്‌ ചോദിച്ചു. പേരെന്താ? സുനന്ദ. വീടെവിടാ? വാഴിച്ചല്‍. ചേച്ചീടെ പേരെന്താ? വനജ. 
സുനന്ദേ.... സത്യപാലന്‍ ഉറക്കെ വിളിച്ചു. 
എന്താ...? അവള്‍ വിളികേട്ടു.
നീയാരോടാ വര്‍ത്തമാനം പറയുന്നത്‌? വായിച്ചതൊക്കെ മറന്നോ? ആരോടും ചങ്ങാത്തം വേണ്ട, നുണപ്പരിഷകള്‍... 
സുനന്ദ മറുപടി പറയാതെ മുറ്റമടി തുടര്‍ന്നു. 
ഒരു പുതിയ പൊറുതി തുടങ്ങുന്നതിന്റെ ഉത്സാഹത്തിലാണ്‌ സത്യപാലന്‍. ഇടതുകാലിന്‌ സ്വാധീനമില്ല എന്നതൊഴിച്ചാല്‍ കാഴ്‌ചയില്‍ വേറെ തകരാറൊന്നുമില്ല. കക്ഷത്ത്‌ താങ്ങുവടി വച്ചാണ്‌ നടപ്പ്‌. പുറത്തേക്കുള്ള പോക്കും വരവും മുച്ചക്ര സ്‌കൂട്ടറില്‍. ഭാര്യയുടെ മരണശേഷമാണ്‌ മൂന്ന്‌ മക്കളെയും കെട്ടിച്ചയച്ചത്‌. സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതുകൊണ്ട്‌ മൂത്ത മകള്‍ക്ക്‌ ആശ്രിതനിയമന നിയമപ്രകാരം പഞ്ചായത്താഫീസില്‍ ജോലികിട്ടി. മറ്റു രണ്ടുപേരും സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികമാരായി. മക്കള്‍ പോയതോടെ അയാള്‍ ഒറ്റയ്‌ക്കായി. കുറച്ചുദിവസം വീട്‌ വൃത്തിയാക്കാനും ഭക്ഷണമുണ്ടാക്കാനും അകന്ന ബന്ധത്തിലുള്ള ഒരു സ്‌ത്രീയുടെ സഹായമുണ്ടായിരുന്നു. അവര്‍ മകള്‍ക്കൊപ്പം താമസമായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. അങ്ങനെയിരിക്കുമ്പോഴാണ്‌ വര്‍ക്കിച്ചനെ പരിചയപ്പെടുന്നത്‌. അയാള്‍ വീട്ടുജോലിക്കായി ഒരു സ്‌ത്രീയെ കൊണ്ടുവന്നു. അയാളുടെ ബ്രോക്കര്‍ ഫീസും ജോലിക്കാരിയുടെ മുന്‍കൂര്‍ ശമ്പളവും എല്ലാംകൂടി കുറേ കാശും പോയി, ഒരുമാസം തികയുംമമ്പ്‌ ജോലിക്കാരിയും പോയി. ഇടം വലം തിരിയാന്‍ സമ്മതിക്കൂല്ലാത്രെ. വീട്ടുവേലക്കാരിയെ തന്നിഷ്‌ടത്തിനുവിട്ടാല്‍ എന്തൊക്കെയാവും കാണിച്ചുകൂട്ടുക. ഇനിയെന്തു വേണ്ടൂ എന്ന്‌ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു നല്ല ആശയം മനസ്സിലുദിച്ചത്‌; ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ സന്മനസ്സുള്ള ഒരു സ്‌ത്രീയെ കല്യാണം കഴിക്കുക, ഫാമിലിപെന്‍ഷന്‍ അവള്‍ക്ക്‌ അവകാശമാക്കുക. 
മുറ്റമടി കഴിഞ്ഞ്‌ സുനന്ദ പാത്രംകഴുകല്‍ തുടങ്ങി. സത്യപാലന്‍ പ്രൊവിഷന്‍ സ്റ്റോറിലേക്ക്‌ വിളിച്ച്‌ ഒരു മാസത്തേക്കാവശ്യമായ അരിയും സാധനങ്ങളും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. വൈകുന്നേരം മുച്ചക്രസ്‌കൂട്ടറില്‍ കയറി പുറത്തേക്കുപോയി. തൂത്തുവാരിയും തേച്ചുമഴക്കിയും തളര്‍ന്ന സുനന്ദ കുളിച്ച്‌ വസ്‌ത്രംമാറി. അപ്പോഴേക്കും അരിയും സാധനങ്ങളുമായി പ്രൊവിഷന്‍ സ്‌റ്റോറിലെ കൂലിക്കാരനെത്തി. പിന്നാലെ സത്യപാലനും. അയാള്‍ അവള്‍ക്ക്‌ രണ്ട്‌ നൈറ്റികള്‍ വാങ്ങിക്കൊണ്ടുവന്നു. അടുക്കളസാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ഒതുക്കിവച്ചശേഷം അവള്‍ ചപ്പാത്തിയും കറിയുമുണ്ടാക്കി. അത്താഴംകഴിഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചു. അമ്മയുടെ ആവലാതികളും കിച്ചുമോന്‍റെ  ശാഠ്യങ്ങളും അവളുടെ കണ്ണിലൂടെ നീര്‍മണികളായി അടര്‍ന്നുവീഴാന്‍ തുടങ്ങി. 
സുനന്ദേ... 
കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു: എന്താ? 
വാ കിടക്കാം.
ഞാന്‍ അകത്തെ മുറിയില്‍ കിടന്നോളാം.
അതുവേണ്ട, നമുക്കൊരുമിച്ചുകിടക്കാം.
അത്‌ കല്യാണം കഴിഞ്ഞിട്ടു മതി.
സുനന്ദ അകത്തെ മുറിയില്‍ കയറി വാതിലടച്ചു.

Tuesday, 11 September 2018

വിശുദ്ധബലി (കഥ ) എസ് .സരോജം


രണ്ടുദിവസം നീണ്ടുനിന്ന സെമിനാറില്‍ മുഴങ്ങിക്കേട്ടത്‌ മതപ്രബോധനങ്ങളും സഭയുടെ വിശ്വാസപ്രമാണങ്ങളും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു. എല്ലാം കേട്ടുമടുത്ത കാര്യങ്ങള്‍.
പതിവുരീതികള്‍ക്ക്‌ വിപരീതമായി ഇന്നത്തെ സമാപനയോഗത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌: മതപണ്‌ഡിതന്‍മാരെക്കൂടാതെ പുറത്തുനിന്ന്‌ ഒരു വിശിഷ്‌ടാതിഥി വരുന്നുണ്ട്‌, ഒരു കലാകാരന്‍; ബൈബിള്‍കഥകളെ സര്‍ഗ്ഗചാരുതയാര്‍ന്ന കവിതകളായും ചിത്രങ്ങളായും പുനരാഖ്യാനം ചെയ്യുന്ന അസാമാന്യധിഷണാശാലി. ബാല്യകാല സൃഹൃത്തായ ഫാദര്‍ വിന്‍സന്റ്‌ ഡിക്രൂസിന്‍റെ പ്രത്യേക ക്ഷണമനുസരിച്ചാണത്രെ അയാള്‍ വരുന്നത്‌.
വിന്‍സന്റച്ചന്‍ പറഞ്ഞകാര്യങ്ങള്‍ അവള്‍ ഇതിനോടകം ഒരായിരം വട്ടം അയവിറക്കിയിട്ടുണ്ടാവും: അയാളുടെ കണ്ണുകളില്‍ അഗ്നിയാണ്‌, വാക്കുകളില്‍ വൈദ്യുതിയാണ്‌, ഒന്നു കണ്ടാല്‍ വീണ്ടും കാണാന്‍ കൊതിക്കും. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കും.....................
അയാള്‍ വന്നു. തോള്‍കവിഞ്ഞ ചുരുള്‍മുടി, നീണ്ടതാടിരോമങ്ങള്‍, അത്യാകര്‍ഷകശക്തിയുള്ള കാന്തംപോലെ അടുത്തെത്തുന്നവരെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന മാന്ത്രികത!
ശരിയാണ്‌, വിന്‍സന്റച്ചന്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്‌. പക്ഷേ അതിനപ്പുറം മറ്റെന്തൊക്കെയോകൂടി അവള്‍ കണ്ടു, കത്തുന്ന കണ്ണുകള്‍ക്കുപിന്നില്‍ ആര്‍ദ്രമായൊരു മനസ്സിന്‍റെ നിലവിളിയുണ്ട്‌, പ്രതിഷേധത്തിന്‍റെ കനലുണ്ട്‌, നിഷേധത്തിന്‍റെ കരുത്തുണ്ട്‌, വിശുദ്ധസാന്നിധ്യങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്ന രാജകീയ തേജസ്സുണ്ട്‌.
ഗിരിപ്രഭാഷണങ്ങളെ അനുസ്‌മരിപ്പിക്കുമാറ്‌ ആ വാക്‌പ്രവാഹിനി അനുസ്യൂതമൊഴുകി. താത്വികചിന്തകള്‍, ദാര്‍ശനികവ്യഥകള്‍ എല്ലാം നിര്‍ഭയം തുറന്നുവിട്ടു; മതം മനുഷ്യനുവേണ്ടിയാണ്‌, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല, സ്‌നേഹമാണ്‌ എല്ലാ മതങ്ങളുടെയും അടിത്തറ ---
ആവേശഭരിതരായിരുന്ന സന്യാസിനികളുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും നേര്‍ക്ക്‌ വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു;
കുടംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്‌--.'
അവളുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട്‌ വിടര്‍ന്നു; നോട്ടം അയാളുടെ കണ്ണുകളില്‍ ചെന്നുതറച്ചു, അഗ്നിയും എണ്ണയും സന്ധിക്കുംപോലെ; പ്രക്ഷുബ്‌ധമായ ഹൃദയസാഗരത്തില്‍ നിന്ന്‌ വിരുദ്ധവിചാരങ്ങള്‍ സുനാമിത്തിരകള്‍പോലെ ചീറിയടിച്ചു. വിശ്വാസവേരുകള്‍ക്ക്‌ ഇളക്കം വച്ചു.
അവള്‍ സധൈര്യം എണീറ്റുനിന്ന്‌ ഒരു സംശയം ചോദിച്ചു. `അങ്ങനെയെങ്കില്‍ ഒരു കൂട്ടര്‍ക്ക്‌ മാത്രം അത്‌ നിഷേധിക്കുന്നതു തെറ്റല്ലേ?'
അയാള്‍ ഒന്നു ഞെട്ടി! ശ്രേഷ്‌ഠരായ പുരോഹിതര്‍ക്കു മുന്നില്‍ വച്ച്‌ ഈ ചോദ്യത്തിന്‌ താനെങ്ങനെ സത്യസന്ധമായി പ്രതികരിക്കും? ഇവിടെ പറയേണ്ടതെന്ത്‌? ഒരു നിമിഷം അയാള്‍ ചിന്താഗ്രസ്‌തനായി നിന്നു. പിന്നെ ഒരു വിശ്വാസിക്കു ചേര്‍ന്ന വിനയത്തോടെ മറുപടി നല്‍കി;
സ്വന്തം ഇഷ്‌ടപ്രകാരം അനുഷ്‌ഠിക്കുന്ന ബ്രഹ്മചര്യം തെറ്റാകുന്നതെങ്ങനെ?
ആ മറുപടിയില്‍ തൃപ്‌തയാകാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു; `ശരീരകാമനകളെ അടിച്ചമര്‍ത്തുന്നത്‌ പാപമല്ലേ?'
`പ്രകൃതിയുടെ വികൃതികളെ ആര്‍ക്കു തടുക്കാനാവും? പാപമാണോ അല്ലയോ എന്നു വിധിക്കേണ്ടത്‌ സന്ദര്‍ഭം നോക്കിയല്ലേ?'
മറുചോദ്യങ്ങള്‍കൊണ്ട്‌ അവളുടെ നാവടച്ചുവെങ്കിലും ഉരുളയ്‌ക്കുപ്പേരിപോലെ ഉത്തരം കൊടുക്കാന്‍ ആവാത്തതിന്‍റെ സാഹചര്യദു:ഖം അയാളെ അലട്ടി. ഒരു സന്യാസിനിയുടെ നാവില്‍ നിന്ന്‌ ഇത്തരം ചോദ്യങ്ങളോ! അത്ഭുതാദരങ്ങളോടെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. ചോദ്യങ്ങള്‍ പാഴായിപ്പോയതിന്‍റെ നീരസം അവളുടെ മുഖത്ത്‌ പ്രകടമായിരുന്നു. അയാളുടെ രൂക്ഷനയനങ്ങള്‍ അവളുടെ കാതരനയനങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി. ആ കണ്ണുകളില്‍ ആളിപ്പടരുന്ന ദാഹം കണ്ടു, അടക്കാനാവാത്ത തിരതള്ളല്‍ കണ്ടു, നിരാസവിഷാദത്തിന്‍റെ നിഴല്‍ക്കുത്തുകള്‍ കണ്ടു.
ആ വ്യഥിതതേജസ്സിന്‍റെ നേര്‍ക്കാഴ്‌ചയില്‍ നിന്ന്‌ വഴുതിമാറി അയാള്‍ ആരാധകവലയത്തില്‍ ഒളിച്ചു. വലയം ഭേദിച്ച്‌ അവള്‍ അരികിലെത്തി, ആട്ടോഗ്രാഫ്‌ നീട്ടി. `ആത്മവഞ്ചനയാണ്‌ ഏറ്റവും വലിയ പാപം' അയാള്‍ കുറിച്ചു. അതിനടിയില്‍ പേരും ഒപ്പും തീയതിയും വച്ചു, മൊബൈല്‍ ഫോണിന്‍റെ നമ്പരും കുറിച്ചു.
ആട്ടോഗ്രാഫ്‌ കൈമാറുമ്പോള്‍ അറിയാതെ സംഭവിച്ച വിരല്‍സ്‌പര്‍ശംപോലും വൈദ്യുതാഘാതംപോലെ അവള്‍ക്ക്‌ അനുഭവപ്പെട്ടു. താന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാണ്‌ എന്ന കാര്യമേ അവള്‍ മറന്നുപോയി. അവളുടെ ഹൃദയവിഹായസ്സില്‍ ഒരു സൂര്യന്‍ കത്തിജ്വലിക്കുന്നു. ആ തീക്ഷ്‌ണകിരണങ്ങള്‍ അവളുടെ ശരീരത്തില്‍ അടിഞ്ഞുറഞ്ഞ വികാരത്തിന്‍റെ മഞ്ഞറകളില്‍ ഉരുക്കമുണ്ടാക്കി. എല്ലാം ഉരുകി ഒലിക്കുകയാണ്‌, ഉരുകിയുരുകി ഒഴുകുകയാണ്‌.
കാമശരമേറ്റു തളര്‍ന്ന തപോവന കന്യകയെപ്പോലെ അവള്‍ ഓടി മറഞ്ഞു;
കന്യാമഠത്തിന്‍റെ കരിങ്കല്‍ക്കെട്ടിനുള്ളിലേക്ക്‌.
അവിടെ തിരുസ്വരൂപത്തിനു മുന്നില്‍ അവള്‍ മുട്ടുകുത്തി,
`നാഥാ ഞാനിനി എന്തു ചെയ്യേണ്ടു.... ഞാനിനി എന്തു ചെയ്യേണ്ടൂ'.
അവളറിയാതെ അവളുടെ കയ്യില്‍നിന്നും ആ ആട്ടോഗ്രാഫ്‌ തറയില്‍ വീണു.
നാഥാ എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ.......
കണ്ണുകളടച്ച്‌ അവള്‍ ഭയഭക്തിയോടെ തിരുസ്വരൂപത്തോടു സംവദിച്ചു. നാഴികകളും വിനാഴികകളും കടന്നുപോയത്‌ അവള്‍ അറിഞ്ഞില്ല.
കണ്ണുതുറന്നപ്പോള്‍ രാവേറെച്ചെന്നിരുന്നു, ചുറ്റും പൂനിലാവുദിച്ചിരുന്നു. അവള്‍ ശിരോവസ്‌ത്രം എടുത്തുമാറ്റി. അഴിഞ്ഞൊഴുകിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട്‌ അവള്‍ പ്രിയനോട്‌ മന്ത്രിച്ചു: നാഥാ, നിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി തുടച്ചു വെടിപ്പാക്കുവാന്‍ ഈയുള്ളവള്‍ക്കും വരം തരേണമേ..........
പാതിരാവിന്‍റെ നിശബ്‌ദതയില്‍ ജാലവിദ്യക്കാരന്‍റെ അദ്‌ഭുതമന്ത്രംപോലെ അവളുടെ കാതില്‍ ആ വാക്കുകള്‍ വീണ്ടും വീണ്ടും മുഴങ്ങിത്തുടങ്ങി. `കുടുംബവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്‌.....' പൊടുന്നനെ നിലാവസ്‌തമിച്ചു.
ഇരുളില്‍ ആരോ നടന്നടുക്കുന്ന പദനിസ്വനം.
വിദൂരനക്ഷത്രങ്ങളുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ അവനെ കണ്ടു.
നഗ്നമായ ശരീരത്തില്‍ പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍,
വിലാപ്പുറത്തെ മുറിവില്‍നിന്ന്‌ ചെന്നിണം വാര്‍ന്നൊഴുകുന്നു.
കൈകാലുകളില്‍ ആണിപ്പഴുതുകള്‍
ചോരയില്‍ ചുവന്ന ചുരുള്‍മുടിയും താടിരോമങ്ങളും.
അവള്‍ അവനെ വാരിപ്പുണര്‍ന്നു, തിരുമുറിവുകളില്‍ തൈലം പുരട്ടി, കുടിപ്പാന്‍ മേല്‍ത്തരം വീഞ്ഞും കഴിപ്പാന്‍ പുളിപ്പില്ലാത്ത മാവിന്‍റെ അപ്പവും നല്‍കി, കിടക്കയില്‍ ശാരോന്‍ കുസുമങ്ങള്‍ വിതറി.
പുലര്‍ച്ചക്കോഴി കൂവിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. വശങ്ങളിലേയ്‌ക്കു ചരിഞ്ഞ്‌ അവളുടെ കൈകള്‍ തന്‍റെ പ്രിയനെ തിരഞ്ഞു. ഇരുവശവും ശൂന്യമായിരുന്നു. കിടക്കയില്‍ അവള്‍ ഒറ്റയ്‌ക്കായിരുന്നു;
അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‌ അവള്‍ നാലുപാടും പരതി; ജാലകപ്പാളികളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വാതില്‍ക്കതകുകളും ഓടാമ്പലുകള്‍ നീക്കപ്പെട്ടിരുന്നില്ല!
എല്ലാം വെറുമൊരു സ്വപ്‌നമായിരുന്നുവോ.....?
അടിവയറ്റില്‍ നിന്നും നാഭിത്തടത്തിലേക്ക്‌ ഉയര്‍ന്നെത്തുന്ന നീറ്റല്‍.... നഖക്ഷതങ്ങളേറ്റ മാറിടങ്ങളും ദന്തക്ഷതമേറ്റ ചുണ്ടുകളും...... ഒട്ടിപ്പിടിക്കുന്ന നനവ്‌.......
രാപ്പാടികള്‍പോലും ഉറങ്ങിപ്പോയ യാമങ്ങളില്‍ തനിക്കു സംഭവിച്ചതെന്ത്‌? ചോരപ്പാടുകള്‍ ഉണങ്ങിയിട്ടില്ലാത്ത തിരുവസ്‌ത്രങ്ങള്‍ കണ്ട്‌ അവള്‍ അലറിക്കരഞ്ഞു.
പെട്ടെന്ന്‌ അവളുടെ കാതുകളില്‍ ഒരശരീരി മുഴങ്ങി;
സ്‌ത്രീകളില്‍ അതിസുന്ദരിയായുള്ളവളേ ഭയപ്പെടേണ്ട; നിന്‍റെ പ്രിയന്‍ നിന്നോടുകൂടെയുണ്ട്‌. അവന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരില്‍ അതിശ്രേഷ്‌ഠന്‍ തന്നെ. അവന്‍റെ കൈകള്‍ ഗോമേദകം പതിച്ച സ്വര്‍ണ്ണനാളങ്ങള്‍, അവന്‍റെ അധരം താമരപ്പൂവുപോലെ തന്നെ, അത്‌ മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഉദരം നീലരത്‌നം പതിച്ച ദന്തനിര്‍മ്മിതം, അവന്‍റെ തുടകള്‍ തങ്കച്ചുവട്ടില്‍ നിറുത്തിയ വെങ്കല്‍ത്തൂണുകള്‍, അവന്‍റെ രൂപം ലെബനോനെപ്പോലെ, ദേവദാരുവെപ്പോലെ ഉല്‍കൃഷ്‌ടം. അവന്‍ സര്‍വ്വാംഗസുന്ദരന്‍. അവന്‍റെ വായ്‌ ഏറ്റവും മധുരമുള്ളത്‌. അവന്‍ തന്‍റെ അധരങ്ങളാല്‍ നിന്നെ ചുംബിക്കട്ടെ. നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്‍റെ തൈലം സൗരഭ്യമായത്‌. നിന്‍റെ മുലകള്‍ തുള്ളിച്ചാടുന്ന കോലാട്ടിന്‍ കുട്ടികള്‍....
പ്രേമപരവശയായിരിക്കയാല്‍ അവന്‍ മുന്തിരയട തന്ന്‌ നിന്നെ ശക്തീകരിക്കും.
പ്രിയേ... അവന്‍റെ സ്വരം അവളുടെ കാതുകളില്‍ വീണ്ടും വീണ്ടും മുഴങ്ങി .
പിടഞ്ഞെണീറ്റ്‌ വാതില്‍പ്പാളികള്‍ വലിച്ചുതുറന്ന്‌ അവള്‍ പുറത്തേക്ക്‌ ഓടിയിറങ്ങി.
പ്രഭാതബലിക്കായി ദേവാലയമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു.
അങ്ങകലെ....... കുന്നിന്‍ മുകളില്‍ തന്‍റെ പ്രിയന്‍ ഇരുകരവും നീട്ടി നില്‍ക്കുന്നത്‌ അവള്‍ കണ്ടു.
അവര്‍ക്കിടയില്‍ കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത നീണ്ടുതെളിഞ്ഞു കിടന്നു.