എപ്പോഴും വരച്ചുകൊണ്ടിരിക്കുന്ന വിജയനാണ് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത മജീദിന്‍റെ ഓര്‍മ്മയിലുള്ള ആദ്യചിത്രം. തസ്‌റാക്കിലെത്തുന്ന സാഹിത്യസഞ്ചാരികള്‍ക്കായി ഞാറ്റുപുരയുടെ വാതില്‍ തുറന്നുകൊടുക്കുന്ന മജീദ് തന്‍റെ ആറാമത്തെ വയസ്സിലാണത്രെ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കേട്ടറിഞ്ഞ വാക്കുകളിലൂടെ ഒ.വി.വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെയും തസ്രാക്കിന്‍റെ കഥാകാരനെയും കുറിച്ച് മജീദ് പറയാന്‍തുടങ്ങി.
പതിനഞ്ചു കുട്ടികള്‍ മാത്രമുള്ള ഏകാദ്ധ്യാപകവിദ്യാലയത്തില്‍ സഹോദരി ശാന്ത ജോലിനോക്കിയിരുന്ന കാലത്ത് വിജയന്‍ ഇടയ്ക്കിടെ അവര്‍ താമസിച്ചിരുന്ന ഞാറ്റുപുരയില്‍ ചെല്ലുമായിരുന്നുവത്രെ. ‘പിന്നെ, പുസ്തകമൊക്കെ പ്രസിദ്ധീകരിച്ച് വലിയ പേരായതീപ്പിന്നാ വീണ്ടും കാണുന്നത്… എന്‍റെ പതിനേഴാമത്തെ വയസ്സില്‍.’ മജീദ് തുടര്‍ന്നു.
പാലക്കാട് റെയില്‍വേസ്റ്റേഷനില്‍നിന്ന് പതിനാലുകിലോമീറ്റര്‍ ദൂരമുണ്ട് തസ്രാക്കിലേക്ക്. തണ്ണീര്‍പ്പന്തല്‍ കവലയില്‍ ബസ്സിറങ്ങി, ഗ്രാമവഴികളിലൂടെ നടന്നാല്‍ പഴയ തസ്രാക്കിന്‍റെ പുതിയമുഖം കാണാം.
‘അന്ന് ഇവിടെയൊക്കെ നിറയെ പനകളായിരുന്നു.’ മജീദ് പഴയ തസ്രാക്കിനെക്കുറിച്ച് വിവരിച്ചുകൊണ്ടേയിരുന്നു.
സാംസ്‌കാരികവകുപ്പിന്‍റെ കീഴിലുള്ള ഒ. വി. വിജയന്‍ സ്മാരകത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആകാശത്തുനിന്ന് കല്പവൃക്ഷത്തിന്‍റെ തൊണ്ടുകള്‍ അടര്‍ന്നുവീഴുന്നത് ഭാവനയില്‍ കണ്ടു.
പഴയ ഞാറ്റുപുര ഇന്ന് ഒ.വി.വിജയന്‍ സ്മാരകമായി രൂപംമാറിയിരിക്കുന്നു. കഥാപാത്രങ്ങളോരോന്നും മിഴിവാര്‍ന്ന ശില്പങ്ങളായി മുറ്റത്തിന്‍റെ അരികുകളില്‍ നിരന്നിരിക്കുന്നു.
ഞാറ്റുപുരയ്ക്കു പിന്നില്‍ പാതിപണിതുനിര്‍ത്തിയ സാംസ്‌കാരികമന്ദിരം എന്നെയൊന്നു പൂര്‍ത്തിയാക്കൂ എന്നു വിലപിക്കുന്നതുപോലെ.
ഞാറ്റുപുരയ്ക്കു പുറത്തിറങ്ങിയപ്പോള്‍ മൈമുനയുടെ പിന്മുറക്കാര്‍ മദ്രസവിട്ടുവരുന്നതു കണ്ടു.
വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന അറബിക്കുളം പകുതിയും പായലുകള്‍ വിഴുങ്ങിയിരിക്കുന്നു.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളും അവിടവിടെ ഒറ്റപ്പെട്ടുനില്‍ക്കുന്ന പനകളും …
എല്ലാം സമ്പന്നമായ ഒരക്ഷരകാലത്തിന്‍റെ ബാക്കിപത്രങ്ങള്‍പോലെ…