Sunday, 2 October 2016

കല്യാണിയുടെ ചിരി (കഥ)










രാത്രിയുടെ അരികുപറ്റിപ്പറക്കുന്ന മിന്നാമിന്നികളെ നോക്കി വയല്‍വരമ്പില്‍നിന്നു ചിരിക്കുന്ന കല്യാണിയെ കണ്ട് നാരായണന്‍ ഞെട്ടി പുറകോട്ടുമാറി. കന്യാടാക്കീസീന്ന് ‘പാറുക്കുട്ടിയുടെ തിരോധാനം’ കണ്ടിട്ടുള്ള വരവായിരുന്നു. ടാക്കീസിക്കേറുംമുമ്പ് ബിവറേജസീന്ന് വാങ്ങിയ ഉശിരന്‍ സാധനത്തിന്‍റെ  ബാക്കിയുംകൂടി അകത്താക്കി, ഒരുകൈയില്‍ മിന്നുന്ന ടോര്‍ച്ചും മറുകൈയില്‍ പുകയുന്ന ബീഡിയും തലയില്‍ക്കെട്ടും അരയില്‍ കത്തിയും ചുണ്ടില്‍ പാറുക്കുട്ടി യുടെ അഴകൊഴമ്പന്‍ പാട്ടും ഒക്കെയായി ഒരാഘോഷംപോലെയായിരുന്നു ആ വരവ്.
‘നാരാണേട്ടന്‍ പേടിച്ചുപോയോ?’ പൊട്ടിച്ചിരിച്ചുകൊണ്ട് കല്യാണി ചോദിച്ചു.
‘ഞാനെന്തിനാ പേടിക്കണത്?’ ധൈര്യം നടിച്ചുകൊണ്ട് നാരായണന്‍ നടത്തം തുടര്‍ന്നു.
‘പടമെങ്ങനെയുണ്ട്?’ ഒപ്പം നടന്നുകൊണ്ട് കല്യാണി ചോദിച്ചു.
‘കിടിലന്‍’ എന്ന വാക്കിനു കൂട്ടായി അയാള്‍ ഒരുകവിള്‍ ബീഡിപ്പുക ഇരുട്ടിലേക്കൂതിവിട്ടു. അത് പുതിയൊരു പുകച്ചിത്രംപോലെ ഇരുട്ടിന്‍റെ  ചുവരില്‍ നേര്‍ത്തുപരന്നു.
ഉറക്കെച്ചിരിച്ചുകൊണ്ട് കല്യാണി പറഞ്ഞു: ‘ഇതു കൊള്ളാല്ലോ നാരാണേട്ടാ, കൊക്കു ചിറകു വിരിച്ചു പറക്കണപോലുണ്ട്.’
നാരായണന്‍ നടത്തത്തിനു വേഗത കൂട്ടിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇരുണ്ടമാനത്തു അരണ്ടുമിന്നുന്ന നക്ഷത്രങ്ങളെ വിരല്‍തൊട്ടെണ്ണിക്കൊണ്ട് കല്യാണി അതേ വേഗത്തില്‍ അയാള്‍ക്കൊപ്പം നടന്നു. നാരായണന്‍ വിയര്‍ക്കാന്‍ തുടങ്ങി.
ചിറക്കുളത്തിന്‍റെ  വരമ്പത്ത് കാലെടുത്തുവച്ചതും തവളകളുടെ മദപ്പാട്ട് ഉച്ചത്തില്‍ മുഴങ്ങി. പെട്ടെന്നാരോ സ്വിച്ചിട്ടതുപോലെ ചുറ്റകെ നിലാവുദിച്ചു.
‘കറുത്തവാവിനു നിലാവുദിച്ചാ?’ നാരായണന്‍ ചോദിച്ചുതീരുംമുമ്പ് കുളത്തിന്‍റെ  നാലതിരില്‍നിന്നും പൊട്ടിച്ചിരി മുഴങ്ങി. പരിഭ്രാന്തനായ നാരായണന്‍ കണ്ടത് കുളത്തിനുമീതെ നാലുവരമ്പും നിറഞ്ഞുനില്‍ക്കുന്ന കല്യാണിയെ!
‘അയ്യോ….. പ്രേതം!’ എന്നൊരലര്‍ച്ചയോടെ അയാള്‍ കുളവരമ്പില്‍ കുഴഞ്ഞുവീണു.
കുളത്തിലെ വെള്ളം മുഖത്തു ചിതറിവീണപ്പോള്‍ അയാള്‍ കണ്ണുതുറന്നു, ‘ച്ഛീ… മൂധേവീ മോന്തയ്ക്കു വെള്ളം ചീറ്റണാ?’ എന്നു കോപിച്ചലറിക്കൊണ്ട് ചാടിയെണീറ്റു.
‘ങ്‌ഹേ….!’ നാരായണന്‍റെ  കണ്ണുകള്‍ ആശ്ചര്യംകൊണ്ടു തുറിച്ചു: താനെങ്ങനെ ഉത്സവപ്പറമ്പിലെത്തി?


അലങ്കാരവിളക്കുകളുടെ വര്‍ണ്ണവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന ദേവീക്ഷേത്രം. ക്ഷേത്ര മൈതാനത്തിന്‍റെ  ചുറ്റരികുകളില്‍ ഇടംപിടിച്ചിരിക്കുന്ന കച്ചവടക്കാര്‍ക്കു മുന്നില്‍ വളയണിയാന്‍ തിരക്കുകൂട്ടുന്ന പെണ്ണുങ്ങള്‍…. കളിപ്പാട്ടങ്ങള്‍ക്കായി വാശിപിടിക്കുന്ന കുഞ്ഞുങ്ങള്‍….. പൊരിക്കടലയും കപ്പലണ്ടിയും കൊറിച്ചുനടക്കുന്ന ചെറുപ്പക്കാര്‍….. നാരങ്ങമിട്ടായിയും ഐസ്സ്റ്റിക്കും നുണയുന്ന കുട്ടികള്‍….. പഴംപൊരിയും കാരാവടയും തിന്നുന്ന മുതിര്‍ന്നവര്‍.... മയിലെണ്ണയും യൂക്കാലിത്തൈലവുമൊക്കെ ചുറ്റും കൂടിനില്‍ക്കുന്നവരുടെ കൈയിലും മൂക്കിലും തൊട്ടുതേച്ച്, മേന്മ വിളിച്ചോതി, വില്‍പ്പന കൊഴുപ്പിക്കുന്ന കോടാങ്ങികള്‍…..  ഭാവി പ്രവചിക്കുന്ന കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും…..  എല്ലായിടത്തും തിരക്കു തന്നെ. ഒരു ഗ്രാമം മുഴുവന്‍ ഉത്സവപ്പറമ്പിലേക്ക് ഒഴുകിയെത്തിയതു പോലുണ്ട്.തിരക്കിനിടയില്‍ പെണ്ണുങ്ങളെ തൊട്ടും പിടിച്ചും കമന്റടിച്ചും സൊറപറഞ്ഞും ചുറ്റിത്തിരിയുന്ന ആണുങ്ങള്‍…. ഉത്സവമേളങ്ങള്‍ക്കിടയില്‍ മൊട്ടിടുന്ന നിമിഷപ്രേമങ്ങള്‍……അങ്ങനെയങ്ങനെ എത്രയെത്ര കാഴ്ചകള്‍!
കണ്ണഞ്ചുന്ന കാഴ്ചകള്‍ക്കിടയില്‍ ഒരു നിഷേധസൗന്ദര്യംപോലെ കല്യാണി! തീപറക്കുന്ന കണ്ണുകളും തെറിച്ചചിരിയുമായി അവള്‍ ഉത്സവപ്പറമ്പാകെ നിറഞ്ഞുനിന്നു. കൊടിയേറ്റു മുതല്‍ പറണേറ്റുവരെ അവള്‍ ക്ഷേത്രപ്പറമ്പുവിട്ട്‌ എങ്ങോട്ടും പോവാറില്ലത്രേ! ദാരികന്‍റെ  തലയറുത്ത് ഭദ്രകാളിയുടെ കലിയടങ്ങുമ്പോഴാണ് കല്യാണിക്കും കലിയടങ്ങുക. ഉത്സവത്തിന്‍റെ  അവസാനയിനമായ വെടിക്കെട്ടും കണ്ട് സന്തുഷ്ടയായി അവള്‍ മടങ്ങും. പിന്നെ അടുത്ത കൊടിയേറ്റുവരെ അവളുടെ പൊടിപോലും അവിടെങ്ങും കാണില്ല. എങ്ങോട്ടാണവള്‍ പോകുന്നതെന്നുമാത്രം ആര്‍ക്കുമറിയില്ല. എവിടെപ്പോയാലും ആണ്ടോടാണ്ട് ഉത്സവക്കാലത്ത് ക്ഷേത്രപ്പറമ്പുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടത്രേ. അങ്ങനെ കല്യാണിയിപ്പോള്‍ കെട്ടുകഥകളില്‍ ജീവിക്കുന്ന ഒരത്ഭുതകഥാ പാത്രമായി മാറിയിരിക്കുന്നു.
കല്യാണിയെപ്പറ്റിയുള്ള കഥകള്‍ കേട്ട് നാരായണന്‍ അമ്പരന്നു. ഓര്‍മ്മയുടെ ആകാശ ങ്ങളില്‍ വര്‍ണ്ണവിസ്മയം വിതറി പൊട്ടിച്ചിതറുന്ന കതിനകള്‍. കതിനകളെക്കാളുച്ചത്തില്‍ പൊട്ടി ച്ചിതറുന്ന പെണ്‍ചിരി. ചിരിയുടെ ഉടമയെത്തേടിയ കണ്ണുകള്‍ ക്ഷേത്രമുറ്റത്തെ അരയാല്‍ചുവട്ടിലെത്തി. പുടവത്തുമ്പു ചെരിച്ചുകുത്തി, മുറുക്കിച്ചുവപ്പിച്ച ചുണ്ടും കൂസലില്ലാത്ത നോട്ടവുമായി ഒരു പെണ്ണ്! ഉത്തരാസ്വയംവരവും നളചരിതവും ഭരണിപ്പാട്ടുമൊക്കെ അരങ്ങേറുന്ന ക്ഷേത്രപ്പറമ്പുകളിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു ധിക്കാരച്ചന്തം!
മുറുക്കാന്‍ചവച്ചുനില്‍ക്കുന്ന കല്യാണിയുടെ മുന്നില്‍നിന്ന് ഇളിഭ്യനായി പിന്‍വാങ്ങുന്ന ചട്ടമ്പിത്തലവന്‍ രാഘവന്‍!
‘അവന്‍റെ  ചട്ടമ്പിത്തരമൊന്നും അവള്‍ടടുത്തു നടക്കൂല്ല, ഉണ്ണിയാര്‍ച്ചേടനിയത്തിയല്ല്യോ.’ ആര്‍ക്കും വഴങ്ങാത്ത കല്യാണിയെപ്പറ്റി കഥകള്‍ പറഞ്ഞുപരത്തുന്ന കൊതിക്കെറുവുകാര്‍ കുശുകുശുത്തു.
കല്യാണി ആരോടുമങ്ങനെ നാവെടുത്തു മിണ്ടാറില്ല. എങ്കിലും എല്ലാര്‍ക്കും കല്യാണി യെ ഇഷ്ടമാണ്. ഇഷ്ടമെന്നു പറഞ്ഞാല്‍ പേടി കലര്‍ന്ന ഒരിഷ്ടം .
അവളെക്കുറിച്ചുള്ള വീരകഥകള്‍ കേട്ടപ്പോള്‍ നാരായണനും തോന്നി അവളോടൊരിഷ്ടം; വെറും ഇഷ്ടമല്ല, ഒരാരാധന.
വെടിക്കെട്ടിന്‍റെ  ആകാശക്കാഴ്ചകള്‍ക്കിടയില്‍ അയാള്‍ ഇമവെട്ടാതെ അവളെത്തന്നെ നോക്കിനിന്നു. 
ആണത്തമുള്ള ആ നില്‍പും നോട്ടവും അവള്‍ക്കു നന്നേ രസിച്ചു. തിരക്കിനെ വകഞ്ഞുമാറ്റിക്കൊണ്ട് അവള്‍ അയാളുടെ അടുത്തേക്കുചെന്നു. ഒരു കാല്‍പ്പാടകലത്തില്‍ നിന്നു കൊണ്ട് പരുഷസ്വരത്തില്‍ ചോദിച്ചു:
‘തന്‍റെ  പേരെന്താ?’
‘നാരായണന്‍.’
‘താനെന്താ തുറിച്ചുനോക്കണത്? പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ….’
മീശപിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, നിന്നെപ്പോലൊരെണ്ണത്തിനെ വേറെ കണ്ടിട്ടില്ല.’ അയാളുടെ വാക്കുകള്‍ക്ക് വാറ്റുചാരായത്തിന്‍റെയും മസാലയിറച്ചിയുടെയും മണമാണെന്ന് കല്യാണിക്കു തോന്നി.
അവള്‍ അയാളെ കളിയാക്കുന്ന മട്ടില്‍ ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയ്യടാ…. ചട്ടമ്പിക്ക് പ്രേമപ്പനി പിടിച്ചെന്നു തോന്നുണല്ല്’
‘എന്താടീ… നിന്നെ പ്രേമിച്ചാ തൂക്കിക്കൊല്ലുമോ?’
പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ആഹാ…! തനിക്ക് തമാശപറയാനും അറിയാമല്ല്.’
‘തമാശയല്ല, കാര്യമായിട്ടുതന്നാ ചോദിച്ചത്.’
നാരായണന്‍റെ  ചോദ്യത്തിനു മറുപടിയെന്നപോലെ കല്യാണി ഉറക്കെ ചിരിച്ചു. ഇടയ്ക്കിടെ അയാള്‍ ഊതിവിട്ട പുകച്ചുരുളുകള്‍ പക്ഷിയുടെയും പെണ്ണിന്‍റെയുമൊക്കെ രൂപത്തില്‍ നേര്‍ത്തു പരന്ന് ഇല്ലാതാവുന്നതും നോക്കി അവള്‍ ചിരിച്ചുകൊണ്ടിരുന്നു.
ശരീരത്തിന്‍റെ  ഉണര്‍ച്ചകളെ അവളുടെ ആ തെറിച്ചചിരിയില്‍ മുക്കിപ്പിഴിഞ്ഞുകൊണ്ട് നാരായണന്‍ അവളുടെ അരികിലേക്ക് നീങ്ങിനിന്നു.
വെടിക്കെട്ടു തീരാറായപ്പോള്‍ മീശപിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു: ‘എന്‍റെകൂടെ പോരുന്നോടീ?’
പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു:  ‘എവിടെ?’
‘എന്‍റെ  വീട്ടിലേക്ക്’
കല്യാണിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. മീശപിരിച്ചും കത്തികാണിച്ചും പേടിപ്പിച്ചു കീഴ്‌പ്പെടുത്തുന്ന അടവ് ഇവിടെ ചെലവാവില്ല മോനേ എന്നൊരു ധ്വനി ആ ചിരിയില്‍ ഒളിഞ്ഞിരിക്കുന്നതായി നാരായണനു തോന്നി. അയാള്‍ക്ക് അവളോട് തോന്നിയ ഇഷ്ടവും ആവേശവും ഇരട്ടിച്ചു. 
കാന്താരിക്കുന്നില്‍നിന്നിറങ്ങിവന്നതുപോലുള്ള ആ എരിപൊരിച്ചന്തത്തില്‍ എല്ലാംമറന്നു നില്‍ക്കേ വിരലുകള്‍ക്കിടയില്‍ ബീഡിക്കുറ്റി എരിഞ്ഞുതീര്‍ന്നു. അയാള്‍ തെല്ലൊരു ജാള്യത യോടെ പൊള്ളിയ വിരലിടകളില്‍ ഉമിനീരു പുരട്ടി. കല്യാണി വാപൊത്തിച്ചിരിച്ചു. നാരായണനു കലി കയറി. അയാള്‍ അവളുടെ കാതോരം ചേര്‍ന്നലറി: ‘നിറുത്തെടീ നിന്‍റെ  ഒടുക്കത്തെയൊരു ചിരി.’ പിന്നെ സ്വരംതാഴ്ത്തിപ്പറഞ്ഞു: ‘നാരായണനു പെണ്ണുകിട്ടാന്‍ പഞ്ഞമുണ്ടായിട്ടല്ല, നിന്‍റെയീ തന്റേടമുണ്ടല്ലോ അതു നാരായണനങ്ങു പിടിച്ചുപോയി. പുന്നാരംപറഞ്ഞു പാട്ടിലാക്കാനൊന്നും എനിക്കറിഞ്ഞൂട. നിനക്കെന്നെ പിടിച്ചെങ്കി കൂടെ വാ.’


കല്യാണിയുടെ ഉള്ളില്‍ ഒരു പ്രണയക്കതിന പൊട്ടിച്ചിതറി. ഉത്സവലഹരിയില്‍ ആണ്ടിരുന്ന ദേവിയെ സാക്ഷിയാക്കി, നാരായണന്‍ പോലുമറിയാതെ, അവളുടെ സ്വയംവരം കഴിഞ്ഞു.
തിരിഞ്ഞുനടന്ന നാരായണന്‍റെയൊപ്പം പൊത്തിപ്പിടിച്ച ചിരിയുമായി അവള്‍ നടന്നു.
നാരായണന്‍റെ  ചുണ്ടില്‍ ബീഡിയും കയ്യില്‍ ടോര്‍ച്ചും മിന്നിക്കൊണ്ടിരുന്നതല്ലാതെ വഴിയില്‍ രണ്ടാള്‍ക്കും മിണ്ടാട്ടമുണ്ടായില്ല. മുന്‍പരിചയമേതുമില്ലാത്ത ഒരാണിനോടൊപ്പം ഇറങ്ങിത്തിരിച്ചതിന്‍റെ  ശരിതെറ്റുവിചാരങ്ങളോ ചെന്നുകയറാന്‍പോകുന്ന വീടിനെക്കുറിച്ചുള്ള ഉത്കണ്ഠയോ ഒന്നും കല്യാണിയുടെ മനസ്സിലേക്കു കടന്നുചെന്നില്ല. കണ്ണും കാതും രാപ്രകൃതിയിലേക്കു തുറന്നുപിടിച്ചിരിക്കുകയായിരുന്നു അവള്‍. ഇരവിന്‍റെ  മുടിയിഴകളില്‍ നിലാപ്പൊട്ടുകള്‍ പോലെ പറ്റിയിരിക്കുന്ന മിന്നാമിന്നികളും മരപ്പൊത്തുകളില്‍ മൂളിപ്പറഞ്ഞിരിക്കുന്ന മൂങ്ങകളുടെ വെള്ളിക്കണ്ണുകളുടെ തിളക്കവും തീറ്റപ്പഴങ്ങള്‍ തേടിയിറങ്ങിയ വൗവ്വാലുകളുടെ ചിറകടിയൊച്ചകളും തവളപ്പെണ്ണുങ്ങളുടെ മദഘോഷങ്ങളും ആസ്വദിച്ചുകൊണ്ടുള്ള രാത്രിനടത്തം അവള്‍ക്കൊരു ഹരമായിത്തോന്നി.
ചിറക്കുളത്തിനപ്പുറം, കതിരണിഞ്ഞ നെല്‍വയലുകള്‍ക്കുമപ്പുറം പുറമ്പോക്കിലുള്ള ചെറിയൊരു വീടിനുമുന്നില്‍ നാരായണന്‍ നിന്നു. ബീഡിക്കുറ്റി മുറ്റത്തേക്കു വലിച്ചെറിഞ്ഞിട്ട്, വരയന്‍         നിക്കറിന്‍റെ  പോക്കറ്റില്‍നിന്ന് താക്കോലെടുത്തു കതകുതുറന്നു. ചവിട്ടുതിണ്ണയില്‍ക്കിടന്ന കീറച്ചാക്കില്‍ കാലുരച്ച് അകത്തേക്കു കയറി.
‘കേറിവാ’ അയാള്‍ അവളെ അകത്തേക്കു വിളിച്ചു.
പൊത്തിപ്പിടിച്ച ചിരിയുമായി ഇടതുകാല്‍വച്ച് അകത്തേക്കു കയറിയ കല്യാണിയെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് നാരായണന്‍ മടിക്കുത്തില്‍നിന്നു തീപ്പെട്ടിയെടുത്തു മണ്ണെണ്ണവിളക്കു കൊളുത്തി മെത്താണപ്പുറത്തു വച്ചു.
‘കുളിക്കാന്‍ മറപ്പൊരയൊന്നുമില്ല. താഴത്തെ ഊറ്റീന്നു വെള്ളമെടുക്കണം.’ അവളുടെനേര്‍ക്ക് ഒരു പ്ലാസ്റ്റിക് ബക്കറ്റും ടോര്‍ച്ചും നീട്ടിക്കൊണ്ട് നാരായണന്‍ പറഞ്ഞു.
കല്യാണി ബക്കറ്റും ടോര്‍ച്ചുമായി പുറത്തേക്കുപോയി.
ഒരുകുടം പുലരിക്കള്ളും ഒരു പിഞ്ഞാണം നിറയെ കപ്പപ്പുഴുക്കും മറ്റൊന്നില്‍ കോഴിക്കറിയുമായി നാരായണന്‍ മെത്താണപ്പുറത്ത് കല്യാണിയെ കാത്തിരുന്നു. കൈയും കാലും മുഖവുമൊക്കെ കഴുകി അവള്‍ വെക്കം തിരിച്ചുവന്നു.
‘നെനക്കു വെശക്കണാ?’
‘ഉം’
‘കള്ളു വേണാ?’
‘ഉം’
രണ്ടാളും ഒരേ കുടത്തില്‍നിന്നു കുടിക്കാനും ഒരേ പാത്രത്തില്‍നിന്നു തിന്നാനും തുടങ്ങി. കുടിയിലും തീറ്റയിലും തന്നെ കടത്തിവെട്ടുന്ന പെണ്ണൊരുത്തിയെ നാരായണന്‍ ആദ്യമായി കണ്ടു. അയാളുടെ ബീഡിവലിയും അവളുടെ വെറ്റിലമുറുക്കും കഴിഞ്ഞ്, കിടപ്പുമുറിയുടെ മൂലയ്ക്കു ചുരുട്ടിവച്ചിരുന്ന പുല്പ്പായ് നിവര്‍ത്തിവിരിച്ചുകൊണ്ട് നാരായണന്‍ പറഞ്ഞു: ‘കിടക്കാം’
പൊട്ടിവന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് കല്യാണി കിടന്നു.
എരുമച്ചാണകവും ചിരട്ടക്കരിയും ചേര്‍ത്തു മെഴുകിയ ആ കൊച്ചുവീടിന്‍റെ  കിടപ്പുമുറി വലിയൊരുത്സവപ്പറമ്പായി.
ഏറെപ്പുലര്‍ന്ന് ഉറക്കമെണീറ്റ നാരായണന്‍ കല്യാണിയോടു പറഞ്ഞു: ‘നിനക്കെന്നെ ഇഷ്ടമാണെങ്കില്‍ ഇവിടെ കൂടിക്കോ.’
കല്യാണി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല
ഉച്ചയ്ക്ക് കാച്ചില്‍പ്പുഴുക്കും കാന്താരിയുടച്ചതും കഴിച്ചുകൊണ്ടിരിക്കെ നാരായണന്‍ ചോദിച്ചു: ‘നീയെന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്?’
‘നാരാണേട്ടനെന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്?’ എന്ന മറുചോദ്യമെറിഞ്ഞ് അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.
നാരായണന്‍ അവളെപ്പറ്റി പിന്നീടൊന്നും ചോദിച്ചില്ല; അവള്‍ അയാളെപ്പറ്റിയും.
വെയിലാറിയനേരത്ത് മുറ്റത്തിറങ്ങിനിന്നുകൊണ്ട് നാരായണന്‍ പറഞ്ഞു: ‘ടൗണിലേക്കാ, വരാന്‍ വൈകും. ഒരു പെണ്ണിനു കഴിയാനൊള്ള സെറ്റപ്പൊന്നും ഈ വീട്ടിലില്ലെന്നറിയാം. എന്തൊക്കെ വേണമെന്നു പറഞ്ഞാ വരുമ്പം വാങ്ങിക്കൊണ്ടുവരാം.’
‘ചുമ്മായിരിക്കണത് വലിയ മെനക്കേടാണേയെന്‍റെ  നാരാണേട്ടാ. ഇവിടെങ്ങാനും വല്ല വേലയും കിട്ടുമോന്നു നോക്ക്.’
‘നീയിപ്പം വേലയ്‌ക്കൊന്നും പോണ്ട. ചുമ്മായിരിക്കാന്‍ വയ്യെങ്കി ഇത്തിരി പച്ചക്കറി വല്ലതും നട്ടുനനയ്ക്കാന്‍ നോക്ക്. പുറമ്പോക്കാണ്, എന്നാലും ഇപ്പോ ഇതിന്‍റെ  അവകാശി ഞാന്തന്നെ.’
നാരായണന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കല്യാണി ഒരു വെട്ടുകത്തിയുമായി തൊട്ടടുത്ത പറമ്പിലേക്കു കയറി. നാലഞ്ചു മരക്കൊമ്പുകളും തെങ്ങോലകളും അടര്‍ത്തിക്കൊണ്ടുവന്ന് ചെറിയൊരു മറപ്പുരയുണ്ടാക്കി. കുളിച്ചുമാറിയത് നാരായണന്‍റെ  കൈലിയും ഷര്‍ട്ടും.
വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ നാരായണന്‍ അവള്‍ക്കായി ഒരു ലുങ്കിയും ബ്ലൗസും കുറച്ചു പച്ചക്കറിവിത്തുകളും വാങ്ങിക്കൊണ്ടുവന്നു. അയാള്‍ വീട്ടിലില്ലാത്ത നേരങ്ങളില്‍ അവള്‍ മണ്ണിളക്കി പാത്തിയെടുത്ത് വെണ്ടയും വെള്ളരിയും പടവലവും നട്ടു. ചീരയുടെയും മുളകിന്‍റെയും വിത്തുകള്‍ പാകി. ഊറ്റിലെ വെള്ളമെടുത്ത് വേണ്ടതുപോലെ നനച്ചു. മുളച്ച ചീരയും
മുളകുമൊക്കെ പാത്തികളില്‍ പറിച്ചുനട്ടു. വളക്കൂറുള്ള മണ്ണില്‍ എല്ലാം നന്നായി വിളഞ്ഞു. കല്യാണിയും നാരായണനും കരുകരുത്ത പച്ചക്കറികള്‍ പച്ചയ്ക്കും കറിവച്ചും തിന്നുമടുത്തു. തിന്നിട്ടുതീരാത്തത് വഴിയേ പോയവര്‍ക്ക് വെറുതേ കൊടുത്തു.
ഒരുദിവസം നാരായണന്‍ ടൗണിലേക്കുപോയ നേരത്ത് ഒരുവട്ടി പച്ചക്കറികളുമായി അവള്‍ അന്തിച്ചന്തയിലേക്കുപോയി. വിറ്റുകിട്ടിയ കാശിനു ആവശ്യമുള്ളതൊക്കെ വാങ്ങി. കൂട്ടത്തില്‍ കുറേ പച്ചമാങ്ങയും. വരുന്നവഴിക്ക് ജൗളിക്കടയില്‍ കയറി ഒരു കച്ചമുറിമുണ്ടും രണ്ടു ബ്ലൗസിന്‍റെ  തുണിയും വാങ്ങി. തന്‍റെ നേര്‍ക്കു നീളുന്ന കൊതിക്കണ്ണുകളിലെ ആര്‍ത്തികളെ ചിരികൊണ്ടു നേരിട്ട് അവള്‍ കൂസലില്ലാതെ മുന്നോട്ടു നടന്നു.
‘ഇവളാ ചെത്തുകാരന്‍ ചെല്ലപ്പന്‍റെ  മോളല്ലേ?’ ആരോ ചോദിക്കുന്നതു കേട്ടു.
‘തള്ള ചത്തേപ്പിന്നെ തോന്നുംപടി നടപ്പുതന്നെ.’
‘തള്ള ചത്തതല്ല, ആ ചെല്ലപ്പന്‍ ചവിട്ടിക്കൊന്നതാണ്.’
‘പെണ്ണിനു തലേം മൊലേം വന്നപ്പം അവന്‍റെ  നോട്ടം അതിമ്മേലാ. പിന്നെ പെണ്ണെങ്ങനെ വീട്ടിലിരിക്കും?’
‘ഇപ്പൊ അവളാ ചട്ടമ്പിനാരായണന്‍റെ  കൂടെയാണെന്നാ പറഞ്ഞുകേക്കണത്. എന്തായാലും ആളൊരു തന്റേടിതന്നാണേ… ആര്‍ക്കും വാക്കിനും നോക്കിനും വിട്ടുകൊടുക്കൂല്ല.’
പൊതുവഴിയിലെ വര്‍ത്തമാനങ്ങള്‍ കേട്ടുകേട്ട് കല്യാണി ചിരിയൊതുക്കി നടന്നു. വഴി യോരത്തു കണ്ട തയ്യല്‍ക്കടയില്‍ കയറി ബ്ലൗസ് തയ്ക്കാന്‍ കൊടുത്തു. അളവെടുപ്പുകാരന്‍റെ  കൈതെറ്റലുകളെ ചിരികൊണ്ടു തിരുത്തി, നാളെത്തന്നെ തച്ചുകിട്ടണമെന്നു പറഞ്ഞുറപ്പിച്ച്, അവള്‍ നാരായണന്‍റെ  വീട്ടിലേക്കു നടന്നു.
അന്തിവര്‍ണ്ണങ്ങള്‍ വാരിവിതറിയ ആകാശഭംഗികള്‍ കണ്ടും മരക്കൂട്ടങ്ങളില്‍ ചേക്കേറിയ പക്ഷികളുടെ പ്രാര്‍ത്ഥനാരാഗങ്ങള്‍ കേട്ടും ചിലതൊക്കെ ഏറ്റുപാടിയും ഉല്ലസിച്ചുനടക്കവേ രാത്രിയുടെ വരവറിയിച്ചുകൊണ്ട് ഇരുട്ടുവന്നു. വെളിച്ചമുള്ള പകലിനെക്കാള്‍ ഇരുട്ടുള്ള രാത്രിയോടാണ് കല്യാണിക്ക് കൂടുതലിഷ്ടം. എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും ഇരതേടാനി റങ്ങുന്ന മിന്നാമിന്നികളും കണ്ണുകളെ കൊതിപ്പിക്കുന്നത് ഇരുട്ടുള്ള രാത്രിയിലാണല്ലോ! അവള്‍ നടത്തം പതുക്കെയാക്കി. അവളും നാരായണനും ഒരുമിച്ചാണ് വീട്ടിലെത്തിയത്.
അത്താഴനേരത്ത് വീടിനുള്ളില്‍ തിങ്ങിനിറഞ്ഞ കള്ളിന്‍റെയും ഇറച്ചിയുടെയും മണവും രുചിയും അവള്‍ക്കു മനംപിരട്ടലുണ്ടാക്കി. പുറംതിണ്ണയില്‍ ചെന്നിരുന്ന് പച്ചമാങ്ങ ഉപ്പും കാന്താരിയും കൂട്ടിത്തിന്ന് തല്‍ക്കാലം അവള്‍ വിശപ്പിനെ മാറ്റിനിര്‍ത്തി. നാരായണന്‍ തീറ്റയും കുടിയും കഴിഞ്ഞ്, ബീഡിവലിച്ചുകൊണ്ടിരുന്നപ്പോള്‍ കല്യാണി അകത്തേക്കുചെന്നു. അയാള്‍ എന്തോ കാര്യമായ ആലോചനയിലാണെന്ന് അവള്‍ക്കു തോന്നി. പായിലേക്കു മറിയാന്നേരത്തു അവള്‍ ചോദിച്ചു: ‘നാരാണേട്ടനെന്താ ആലോചിക്കണത്? ഉത്സവത്തിനു പോണ കാര്യമാണോ?’
‘നീ പോണാ?’
‘പോണു.’
‘ഇവിടെ മടുത്താ?’
കല്യാണിക്കു ചിരിപൊട്ടി.
നാരായണന്‍ പിറുപിറുത്തു: ‘കെടക്കാന്നേരത്താ അവള്‍ടെയൊരു മുടിഞ്ഞ ചിരി…….’
കല്യാണി ചിരിയടക്കി കിടന്നുറങ്ങി. നാരായണന്‍ ബീഡി പുകച്ചുപുകച്ച് മെത്താണപ്പുറത്തിരുന്നു. പിന്നീടെപ്പോഴോ അവളുടെകൂടെ കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേന്നു പുലര്‍ച്ചയ്ക്ക് ടൗണിലേക്കെന്നും പറഞ്ഞ് നാരായണന്‍ പോയി; ഉച്ചകഴിഞ്ഞ് കല്യാണി അമ്പലപ്പറമ്പിലേക്കും.
 ഉത്സവക്കാഴ്ചകള്‍ കണ്ടു ചുറ്റിനടക്കുമ്പോഴും കല്യാണിയുടെ കണ്ണുകള്‍ ഇടയ്ക്കിടെ നാരായണനെ തിരഞ്ഞുകൊണ്ടിരുന്നു. അയാളെ അവിടെയെങ്ങും കണ്ടി ല്ല.
ഉത്സവംകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കല്യാണി നാരായണനെ കാത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. അവള്‍ ഒറ്റയ്ക്കാണെന്നു മണത്തറിഞ്ഞ ചുള്ളന്മാര്‍ പുറമ്പോക്കില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി. കല്യാണിയുടെ ചിരിക്ക് ഒച്ചയും മുഴക്കവും കൂടി.
നാരായണന്‍ കമലാക്ഷിയേംകൊണ്ട് കേറിവന്ന രാത്രിയില്‍ അവള്‍ക്കു ചിരിയടക്കാനായില്ല. വാപൊത്തി മൂലയ്‌ക്കൊതുങ്ങിയ ചിരി അര്‍ദ്ധരാത്രിയില്‍ പൊട്ടിച്ചിതറി. കലികേറിയ നാരായണന്‍ ഉടുമുണ്ടു വാരിച്ചുറ്റിക്കൊണ്ട് അരക്കത്തി കൈയിലെടുത്തു. മുറിയില്‍ ചുറ്റിത്തിരിയുന്ന പൊട്ടിച്ചിരിയിലേക്ക് അലറിക്കുതിച്ചെത്തിയ നാരായണനെ എതിരേറ്റത് മൂലയില്‍ ചുരുട്ടിവച്ചിരുന്ന കിടക്കപ്പായ് മാത്രം. അയാളതിനെ കുത്തിക്കീറി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. കീറിപ്പിളര്‍ന്ന പായില്‍നിന്നു പുറത്തുവന്നത് ചോരക്കറപുരണ്ട ഒരാണ്‍കുഞ്ഞായിരുന്നു.
നാരായണന്‍ സ്തബ്ധനായി നോക്കിനില്‍ക്കേ, അങ്ങകലെ, ഉത്സവപ്പറമ്പില്‍, ഒരു പെണ്‍ചിരി കതിനകളെക്കാളുച്ച ത്തില്‍ പൊട്ടിച്ചിതറി.


***


No comments:

Post a Comment