Tuesday, 31 December 2013
Friday, 27 December 2013
കളിത്തോഴനോട് (കവിത)
സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍റെ മന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ പ്രിയതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.
സ്നേഹമോടെന്നെ പാടിക്കേള്‍പ്പിച്ച
രാഗസുന്ദര ഗാനങ്ങള്‍
കേട്ടുകേട്ടു പഠിച്ചിതെന്‍തത്ത
ഓര്‍ത്തു പാടുന്നു തെറ്റാതെ.
കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
ആറ്റുവഞ്ചികള്‍ പൂ ചൊരിഞ്ഞന്നു
നൃത്ത ലോലയായ് പൂഞ്ചോല .
കൈതപൂത്തു മണം ചുരത്തുന്ന
സന്ധ്യയില്‍ തോടിന്നോരത്തായ്
നിന്നു ചാരുസ്മിതം പൊഴിക്കവെ
തുമ്പിചോദിച്ചു: തോഴാ നീ
പോരുന്നോയെന്‍റെ നാട്ടിലേക്കിന്നു
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴുലോകവും കാട്ടിടാം.
അന്നുപോയൊരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.
കാളിമ തിങ്ങും കാടകം പോല്‍
കാമം പൂക്കും നിഴല്‍ക്കൂട്ടില്‍
ആളിത്തീര്‍ന്നു കരിന്തിരിയായി
മാറി ഞാനുമെന്‍ ദാഹവും.
നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതി തന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.
കൂരിരുള്‍പ്പാതയോരത്തുനിന്നെ
ക്കാത്തിരിക്കുകയാണുഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.
Tuesday, 24 December 2013
Monday, 23 December 2013
ഒരു ക്രിസ്മസ് സന്ദേശം
"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം."
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ......
"ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു .ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്ന്‍ ജനിച്ചിരിക്കുന്നു."
നാല്പത്തിയഞ്ച്കൊല്ലം മുന്പ്, ആയിരത്തി ത്തൊള്ളായിരത്തി അറുപത്തിയെട്ട് ഡിസംബര്‍ ഇരുപത്തിനാലിന് , അതായത് ലോകം ക്രിസ്മസിന്‍റെ ആഘോഷലഹരിയിലായിരുന്ന സന്ദര്‍ഭത്തില്‍ ആകാശത്തില്‍ നിന്ന് മറ്റൊരു സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി.
"നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
അപ്പോളോ 8 സംഘാംഗങ്ങളുടെ
ക്രിസ്മസ് ആശംസകള്‍."
1968 ഡിസംബര്‍ 21 - ന് അമേരിക്കന്‍ സമയം രാവിലെ 7 . 51 - ന് ഫ്ലോറിഡ യിലെ കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനിലെ വിക്ഷെപണത്തറയില്‍നിന്ന്‍ മൂന്ന്‍ മനുഷ്യരെയുംകൊണ്ട് അപ്പോളോ 8 എന്ന റോക്കറ്റ് ചാന്ദ്രപഥത്തിലേക്ക് യാത്രയായി. ഫ്രാങ്ക് ബോര്‍മാന്‍, ജയിംസ് ലോവല്‍, വില്ല്യം ആന്‍റെഴ്സ് എന്നിവരായിരുന്നു ആ മൂന്ന്‍ മനുഷ്യര്‍. മൂന്ന്‍ ദിവസത്തെ യാത്രക്ക് ശേഷം, ഡിസംബര്‍ 24 - ന് , അതായത് ക്രിസ്മസ് തലേന്ന് ഭൂമിയുടെ ആകര്‍ഷണവലയത്തെ ഭേദിച്ച് അപ്പോളോ 8 ചാന്ദ്ര പഥത്തിലേക്ക് കടന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന ഭൂമിയുടെ മനോഹരമായ ചിത്രംകണ്ട്അവര്‍വിസ്മയിച്ചു. സന്തോഷതിന്റേതായ ആ അസുലഭ സന്ദര്‍ഭത്തില്‍ അവരുടെ സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി:
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .....
ദൈവം അരുളിച്ചെയ്തു : വെളി ച്ചമുണ്ടാവട്ടെ .........
വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു. അവിടുന്ന്
വെളിച്ചത്തെ ഇരുളില്‍നിന്ന് വേര്‍തിരിച്ചു."
ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ നാലുവാക്യങ്ങള്‍ വില്ല്യം ആന്ടെഴ്സ് വായിച്ചു. തുടര്‍ന്നുള്ള നാല് വാക്യങ്ങള്‍ ജയിംസ് ലോവലും ഒന്‍പതും പത്തും വാക്യങ്ങള്‍ ഫ്രാങ്ക് ബോര്‍മാനും വായിച്ചു. എന്നിട്ട് ബോര്‍മാന്‍ ഇത്രയും കൂടി പറഞ്ഞു :
" നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
അപ്പോളോ 8 സംഘാംഗങ്ങളുടെ
ക്രിസ്മസ് ആശംസകള്‍"
മാലാഖ മാരുടെ സ്വര്‍ഗ്ഗീയ സംഗീതംപോലെ ചാന്ദ്രപഥത്തില്‍നിന്നും ഒഴുകിയെത്തിയ ആ സന്ദേശ ധാര ചന്ദ്രോപരിതലത്തിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ക്കൊപ്പം മിന്നിമായുന്നത് കാണാന്‍ ആവേശത്തോടെ, അതിലേറെ അമ്പരപ്പോടെ പാശ്ചാത്യലോകം ആ ക്രിസ്മസ് തലേന്ന് ടെലിവിഷനുമുന്നില്‍ കണ്ണും കാതും തുറന്നിരുന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന ഭൂമിയുടെചിത്രം - ആന്റെഴ്സ് പകര്‍ത്തിയയച്ച ആ ചിത്രമായിരുന്നു ലോകത്തിനു കിട്ടിയ എക്കാലത്തെയും മികച്ച ക്രിസ്മസ് സമ്മാനം.
അവിസ്മരണീയമായ ആ ക്രിസ്മസ്സിനും ചരിത്രം കുറിച്ച ആ യാത്രക്കും 45 വയസ്സ് തികയുന്ന ദിവസം കൂടിയാണിന്ന്.
അങ്ങനെ രണ്ട് ചരിത്ര സംഭവങ്ങളും അനുസ്മരിക്കുന്ന ഈ വേളയില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
Wednesday, 18 December 2013
നരകത്തിലേക്ക് സ്വാഗതം (കഥ)
പെട്ടെന്ന്‍ സരിതയ്ക്കോര്‍മ്മവന്നു: വീടിന്‍റെ കിഴക്കുവശത്തുകൂടി ഒരിടവഴിയുണ്ട്. അതൊരു കുറുക്കുവഴിയാണ്. വേഗം വീട്ടിലെത്താം. അവള്‍ ഉണ്ണിക്കുട്ടന്‍റെ കൈപിടിച്ച് തിരക്കിട്ടുനടന്നു.
ഇടവഴിയിലേക്കുള്ള പ്രവേശന ഭാഗത്ത് റെസിഡന്‍സ് അസോസിയേഷന്‍റെ നോട്ടീസ് ബോര്‍ഡില്‍ മഞ്ഞ പെയിന്‍റ് കൊണ്ട് എഴുതിവച്ചിട്ടുണ്ട് :
സ്വാഗതം
ദേവപുരം റെസിഡന്‍സ് അസോസിയേഷന്‍
അതിന്‍റെ താഴെയായി വെള്ളച്ചായംകൊണ്ട് ഭംഗിയായി എഴുതിവച്ചിരിക്കുന്ന രണ്ട് വാക്കുകള്‍ വായിച്ച് സരിത പൊട്ടിച്ചിരിച്ചു.
' 'നഗരത്തിലെ നരകം'
അമ്മ ചിരിക്കുന്നത് കണ്ട് ഉണ്ണിക്കുട്ടനും അതു വായിച്ചു. അവന് അതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും കുടുകുടെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു :
എന്താമ്മേ ആ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ?
ഇത് വൃത്തിയില്ലാത്ത വഴിയാണെന്നാ എഴുതിയിരിക്കുന്നത്. സരിത പറഞ്ഞു.
ഇടവഴിയുടെ രണ്ടുവശവും വലിയ വീടുകളാണ്. അവയ്ക്കുചുറ്റും കനത്ത മതില്‍ക്കെട്ടുകള്‍. വഴിയരികില്‍ അവിടവിടെയായി ഗാര്‍ഹികാവ ശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മത്സ്യത്തിന്‍റെയും മാംസത്തിന്‍റെയും അവശിഷ്ടങ്ങള്‍ തിരയുന്ന തെരുവുനായ്ക്കളും കാക്കകളും. ചീഞ്ഞഴിഞ്ഞ മാലിന്യങ്ങളില്‍ പറ്റിയിരിക്കുന്ന ഈച്ചകളും ഉറുമ്പുകളും. വീടുകളില്‍നിന്ന് ഒഴുക്കിവിടുന്ന മലിനജലവും. എല്ലാംകൂടെ മൂക്കടപ്പിക്കുന്ന ദുര്‍ഗ്ഗന്ധവും വഴുക്കലും.
ജനകീയാസൂത്രണക്കാര്‍ കോണ്ക്രീറ്റ് ചെയ്ത് വൃത്തിയാക്കിയ വഴിയാണ്. നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്റ്ററും വാര്‍ഡ് കൌണ്‍സിലറും റെസിഡന്‍സ് അസോസിയേഷനും കൂട്ടായി ബോധവല്‍ക്കരണം നടത്തിയിട്ടും മുടുക്കുനിവാസികള്‍ 'പഠിച്ചതേ പാടൂ' എന്നമട്ടില്‍ മത്സരിച്ച് മാലിന്യങ്ങള്‍ കൂനകൂട്ടി. മതിലുതുരന്ന് മലിനജലം വഴിയിലേക്ക് ഒഴുക്കിവിട്ടു. ഒഴിഞ്ഞ മദ്യക്കുപ്പികളും പോളിത്തീന്‍ കവറുകളും പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകളും നിറഞ്ഞ വഴിയിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കില്‍ കുപ്പിച്ചില്ലുകള്‍ കാലില്‍ തറച്ചുകയറിയതുതന്നെ ! കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചീകരണപ്രക്രിയ മുറതെറ്റാതെ നിര്‍വഹിക്കുന്നുണ്ടെങ്കിലും മുടുക്കുനിവാസികള്‍ മത്സരം തുടര്‍ന്നുകൊണ്ടേയിരുന്നു. അത്യാവശയക്കാരല്ലാതെ മറ്റാരും ആ വഴി നടക്കാറില്ല.
ഏതോ കുസൃതിക്കുട്ടന്‍ നോട്ടീസ്ബോര്‍ഡില്‍ എഴുതിവച്ചത് അര്‍ത്ഥവത്താണെന്ന് സരിതയ്ക്കും തോന്നി. മഴ ചാറിത്തുടങ്ങി. സരിത നടത്തയ്ക്ക് വേഗത കൂട്ടി.
അവിടവിടെയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃതജീവികള്‍ മതിലോരം ചേര്‍ന്ന്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
അതുകണ്ട് ഉണ്ണിക്കുട്ടന്‍ ചോദിച്ചു:
എന്തിനാമ്മേ ഈ ആളുകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ?
അവര്‍ ഒന്നിനുപോകുന്നതാണു കുട്ടാ. മോനവരെ നോക്കണ്ട.
സരിത ഉണ്ണിക്കുട്ടന്‍റെ കയ്യിലെ പിടി മുറുക്കി . നടത്തത്തിന് വേഗത കൂട്ടി. അയ്യ്യേ! അവരെന്തിനാമ്മേ വഴിയില്‍ ഒന്നിനു പോകുന്നത് ? മൂത്രത്തില്‍ ധാരാളം രോഗാണുക്കളുണ്ടല്ലോ. ഈ മൂത്രത്തീക്കൂടി നടന്നാ നമുക്ക് അസുഖം വരൂല്ലേ ?
നമ്മുടെ കാലില്‍ ചെരുപ്പുണ്ടല്ലോ മോനേ.
വഴിയില്‍ തുപ്പരുത്, ഒന്നിനും രണ്ടിനും പോകരുത് എന്നൊക്കെ റ്റീച്ചര്‍ പറഞ്ഞുതന്നല്ലോ അമ്മേ. ഈ ആളുകള്‍ സ്കൂളില്‍ പോയിട്ടില്ല . അല്ലേ അമ്മേ?
അമ്മയ്ക്കറിയില്ല കുട്ടാ. എത്ര പഠിച്ചാലും പറഞ്ഞാലും ചിലയാളുകള്‍ ഇങ്ങനെ തന്നെ കുട്ടാ. എളുപ്പത്തില്‍ കാര്യം സാധിക്കുന്നതാണ് അവര്‍ക്കിഷ്ടം.
അമ്മ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാവാതെ ഉണ്ണിക്കുട്ടന്‍ സംശയഭാവത്തില്‍ അമ്മയെ നോക്കി.
എന്തുപറഞ്ഞാണ് ഈ കുഞ്ഞിന്‍റെ സംശയം തീര്‍ത്തുകൊടുക്കുക ? സരിത ധര്‍മ്മ സങ്കടത്തിലായി . ഒരു നിമിഷത്തെ ആലോചനയ്ക്കുസേഷം അവള്‍ പറഞ്ഞു :
അവര്‍ സ്കൂളില്‍ പഠിച്ചത് മറന്നുപോയിരിക്കും കുട്ടാ. എന്‍റെ കുട്ടന്‍ ഒരിക്കലും ഇങ്ങനെ വഴി വൃത്തികേടാക്കല്ലേ.
അമ്മയുടെ മറുപടി അവന് സ്വീകാര്യമായെന്ന് തോന്നുന്നു. പിന്നെ അവന്‍ ഒന്നും ചോദിച്ചില്ല. അമ്മയുടെ കൈ വിടുവിച്ച്, മൂക്കും പൊത്തിക്കൊണ്ട് അവന്‍ വീട്ടിലേക്കോടി.
പിന്നെ കേട്ടത് പട്ടിയുടെ കടിയേറ്റ് പിടയുന്ന ഉണ്ണിക്കുട്ടന്‍റെ അലറിക്കരച്ചി ലായിരുന്നു.
Thursday, 12 December 2013
പാതിരാമഞ്ഞറിയാതെ (കഥ)
സൂസി എന്ന് വിളിപ്പേരുള്ള സൂസന്‍ ഫെര്‍ണാണ്ടസ്, എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. ഞങ്ങള്‍ ഒരേ ആഫീസില്‍ ജോലിചെയ്യുന്നു. താമസം വനിതാസദനത്തില്‍, ഒരേ മുറിയില്‍.
ഞാനും സൂസിയും അടുത്തറിഞ്ഞതിനുസേഷമുള്ള അഞ്ചാമത്തെ ക്രിസ്മസ്സാണിത്.ക്രിസ്മസ് കാലം സൂസിക്ക് വിശ്രമമില്ലാത്ത കാലമാണ്. ഉറക്കമിളച്ചിരുന്ന് മനോഹരമായ ക്രിസ്മസ് കാര്‍ഡുകളുണ്ടാക്കി അതില്‍ ചിത്രങ്ങള്‍ വരച്ച് സന്ദേശങ്ങളെഴുതി പ്രിയപ്പെട്ടവര്‍ക്കെല്ലാം അയയ്ക്കും. വീട്ടിലുള്ളവര്‍ക്ക് പുതുവസ്ത്രങ്ങളും പൂത്തിരികളും വാങ്ങി രണ്ടുദിവസംമുന്‍പേ നാട്ടിലേക്കുപോകും. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരൂ. ഉണ്ണിയീശോയ്ക്ക് പുല്‍ക്കൂടൊരുക്കണം , പാതിരാക്കുര്‍ബാനയ്ക്ക് പള്ളിയില്‍ പോകണം, അടുക്കളയില്‍ വിഭവങ്ങളൊരുക്കണം, അടുത്ത ബന്ധുക്കളെ വീട്ടില്‍ പോയിക്കണ്ട് കുശലം പറയണം ..... ഇതൊക്കെയാണ് സൂസിയുടെ ക്രിസ്മസ് പരിപാടികള്‍.
കേക്കും വൈനും അപ്പവും മട്ടന്‍സ്റ്റൂവും ഫ്രൈഡ് റൈസും ചിക്കന്‍ കറിയും ..... അങ്ങനെ പോകുന്നു വിഭവങ്ങളുടെ പട്ടിക. കേട്ടിയോനായ ഫെര്‍നാണ്ടസിന് കൂട്ടുകാരെ സല്‍ക്കരിക്കാന്‍ രണ്ട് കുപ്പിയും അകമ്പടിയായി കപ്പയും പോര്‍ക്കും സ്പെഷ്യല്‍.
മുന്‍കൂറായി കിട്ടുന്ന ശമ്പളത്തിനുപുറമേ ഉത്സവവായ്പ്പയും കൂടിയാവുമ്പോള്‍ ക്രിസ്മസ് ആഘോഷം അടിപൊളി.
ഓരോ ക്രിസ്മസ്സും കഴിഞ്ഞുവരുമ്പോള്‍ അവള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും. ഫെര്‍നാണ്ടസ് ബാറില്‍ കുഴഞ്ഞുവീണതും കൂട്ടുകാര്‍ ടാക്സിപിടിച്ച് വീട്ടിലെത്തിച്ചതും ടാക്സിക്കൂലി അവളെക്കൊണ്ട് കൊടുപ്പിച്ചതും .... ഒരു തുടര്‍ക്കഥ പോലെ കേട്ടിരിക്കാന്‍ നല്ല രസം.
അതിബുദ്ധിമാന്‍, അറിവുള്ളവന്‍, മര്യാദക്കാരന്‍, ദാനശീലന്‍ തുടങ്ങി ഫെര്‍ണാണ്ടസിന് വിശേഷണങ്ങള്‍ നിരവധിയാണ്. പേരിന് അലങ്കാരം പോലെ ബി.എ. എല്‍.എല്‍. ബി. എന്നീ ബിരുദങ്ങളുമുണ്ട്. ജാതിമത പാര്‍ട്ടി ഭേദമെന്യെ ആരുടെ കാര്യത്തിനും മുന്നിട്ടിറങ്ങുന്നവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. ഭാവിയില്‍ എം. എല്‍.എയും മന്ത്രിയും ആകാന്‍ യോഗ്യതയുള്ളവന്‍.
ഭാവിമന്ത്രിയുടെ ഭാര്യാപദം ചുമന്നുചുമന്ന്‍ ചുമലൊടിയാറായി. എന്നാലും സാരമില്ല , 'ഫെര്‍ണാണ്ടസിന്‍റെ പെണ്ണ്‍' എന്നൊരു മേല്‍വിലാസമുണ്ടല്ലോ. പിള്ളാരുടെ കാര്യത്തിലും വേവലാതി വേണ്ട. മമ്മിയും ഡാഡിയും പൊന്നുപോലെ നോക്കിക്കൊള്ളും . മാസാമാസം ചെലവിനുള്ളത് മുന്‍കൂറായി കൊടുക്കണമെന്നു മാത്രം.
ചിരിച്ചുകൊണ്ടാണ് ഇതൊക്കെ പറയുന്നതെങ്കിലും അവളുടെ ഉള്ളം പൊള്ളുന്നത് ഹൃദയംകൊണ്ട് തൊട്ടറിയുന്നവാളാണ് ഈ ജുമൈല.
ഇത്തവണ പതിവുകളൊക്കെ തെറ്റി. ക്രിസ്മസ്സിന്‍റെ പിറ്റേദിവസം തിരിച്ചെത്തി. എന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയിരിപ്പ് !
എന്താ മോളെ? പുതിയ കഥയൊന്നും പറയാനില്ലേ? അവളെ തൊട്ടുരുമ്മിയിരുന്ന് ഞാന്‍ ചോദിച്ചു.
ആവിപറക്കുന്ന നിശ്വാസത്തോടെ അവള്‍ പറഞ്ഞു:
ഇത്രയും കാലം പാതിരാക്കുര്‍ബാന മുടക്കിയിട്ടില്ല. ഇത്തവണ അതും സംഭവിച്ചു.
പാറിപ്പറന്ന മുടിയിഴകള്‍ ഒതുക്കിവച്ച്, എനിക്കഭിമുഖമായിരുന്ന് അവള്‍ പുതിയൊരു കഥ പറഞ്ഞു:-
ഇന്നലെ സന്ധ്യയ്ക്ക് ഒരു വിരുന്നുകാരന്‍ വന്നു. ഫെര്‍ണാണ്ടസിന്‍റെ
സഹപാഠിയും ഉറ്റമിത്രവുമായ കൃഷ്ണദാസ് . സുഹൃത്തിന് ഇഷ്ടമുള്ള സമ്മാനവും കൊണ്ടായിരുന്നു വരവ്. വന്നപാടേ ആഘോഷം തുടങ്ങി. രണ്ടാള്‍ക്കും വേണ്ടതൊക്കെ തീന്‍മേശയില്‍ എടുത്തുവച്ച്, കുഞ്ഞുങ്ങളെയും കൂട്ടി പള്ളിയില്‍ പോകാനിറങ്ങി.
സൂസിമോളേ.... നീയിങ്ങു വന്നേടീ..... കൊച്ചുങ്ങളെ മമ്മീം ഡാഡീം കൊണ്ടുപോട്ടെ. നമുക്കിത്തിരിക്കഴിഞ്ഞു പോകാം . നിന്‍റെ കൈകൊണ്ടുതന്നെ ഇതൊക്കെ വിളമ്പിത്തന്നേടീ.
ഭര്‍ത്താവല്ലേ പറയുന്നത് , അനുസരിച്ചു.
കേജ് രിവാളിന്‍റെ ചൂല്‍, യേശുവിന്‍റെ ചാട്ടവാര്‍, മണ്ടേലയുടെ മരണം, ഒബാമയുടെ പ്രതിച്ഛായ, ഗാട്ഗിലും കസ്തൂരിയും തുടങ്ങി ലോകം മുഴുവന്‍ രണ്ടു നാവിന്‍തുമ്പുകളില്‍ കിടന്നു കറങ്ങുകയാണ്.
പള്ളിയില്‍പോക്ക് നടക്കുകേലെന്നുറപ്പായി. കിടപ്പറയില്‍ കയറി ടിവി ഓണ്‍ചെയ്തു. വത്തിക്കാനിലെ വിശേഷങ്ങള്‍, പോപ്പിന്‍റെ പാതിരാക്കുര്‍ബാന.
ഇടയ്ക്ക് അല്‍പ്പമൊന്നു മയങ്ങി.
മഞ്ഞിന്‍റെ കുളിരുള്ള രാത്രി . സ്വര്‍ഗ്ഗവും ഭൂമിയും ആശംസകള്‍ കൈമാറുന്ന മഹനീയരാത്രി. പുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കൈകാല്‍ കുടഞ്ഞു... കണ്ണുകള്‍ തുറന്നു..... കുഞ്ഞധരങ്ങളില്‍നിന്ന്‍ പരിഭവം നിറഞ്ഞ വാക്കുകള്‍:
സൂസിമാ...... എന്നെക്കാണാന്‍ വരാഞ്ഞതെന്തേ ?
കുറ്റബോധത്താല്‍ കരള്‍ നീറി.
ഈശോയേ പൊറുക്കണേ....... ഹൃദയം മന്ത്രിച്ചു.
പെട്ടെന്ന്‍ മുറിയിലെ വെളിച്ചം കെട്ടു. വാതില്‍ പുറത്തുനിന്ന് പൂട്ടി . കുഴഞ്ഞ നാവില്‍നിന്ന് അരുതാത്ത ആശംസകള്‍!
ആകോഷിക്കെടി മോളേ, ആകോഷിക്ക്. കിഷ്മഷ് ആകോഷിക്ക് .................
ആ ശബ്ദം അകന്നകന്നു പോയി .
ചെകുത്താന്‍റെ നഖമുള്ള വിരലുകള്‍ മാറിലമര്‍ന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം മൂക്കില്‍ തുളച്ചുകയറി .
അപമാനഭീതിയോടെ ആഞ്ഞുതള്ളി .
പൊട്ടാസുപൊട്ടുന്നതുപോലൊരു ശബ്ദം , ഒരു ഞരക്കം , പിന്നെ മുക്കുറ .....
ചെകുത്താന്‍കോട്ടയില്‍ അടയ്ക്കപ്പെട്ട രാജകുമാരിയെപ്പോലെ മോചനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ..... വിഹ്വലമായ നിമിഷങ്ങള്‍ ......
പുലര്‍ച്ചക്കോഴി കൂവി . പള്ളിയില്‍ പോയവര്‍ തിരിച്ചെത്തി .
റോബിന്‍...... വാതില്‍ തുറക്ക് മോനേ...... വാതില്‍ തുറക്ക് മോനേ ....... അലറിവിളിച്ചു .
മമ്മി വാതില്‍ തുറന്നു .
മങ്ങിയ വെളിച്ചത്തില്‍ കണ്ടു .... തറയില്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണദാസ് !
പിന്‍തലയിലും കഴുത്തിലും പടര്‍ന്നുണങ്ങിയ ചോര !
സംഭവിച്ചതെന്തെന്നറിയാതെ എല്ലാവരും അന്ധാളിച്ചുനിന്നു .
ഫെര്‍ണാണ്ടസ്സെവിടെ ? ഡാഡി ചോദിച്ചു .
പോയിനോക്ക് . പള്ളിയില്‍ കാണും പുണ്യവാളന്‍.... പുച്ഛത്തോടെ അക്രോശിച്ചു.
സ്പാനര്‍പിടിച്ച് തഴമ്പിച്ച കൈകള്‍ കൃഷ്ണദാസിന്‍റെ പുറത്ത് ആഞ്ഞുപതിച്ചു .
അയാള്‍ അമ്പരപ്പോടെ ചാടിയെണീറ്റു.
കടക്കെടാ നായേ പുറത്ത് .... ഡാഡി അലറി .
അയാള്‍ വേച്ചുവേച്ചു നടന്നു .
കുഞ്ഞുങ്ങള്‍ അമ്പരന്ന് അരികിലെത്തി . രണ്ടിനേം മാറോട് ചേര്‍ത്തണച്ചു. ചുണ്ടുകള്‍ വിതുമ്പി . നെഞ്ചില്‍ ഒതുക്കിയതെല്ലാം പെരുമഴപോലെ പെയ്തിറങ്ങി . പരിസരബോധം വന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു.
ബാഗുമെടുത്തിറങ്ങി.
കുഞ്ഞുങ്ങളെയോര്‍ത്ത് നീയങ്ങ് ക്ഷമിക്ക് മോളേ. അവനൊരബദ്ധം പറ്റിയതല്ലെ , അതും ബോധമില്ലാത്ത നേരത്ത് .
മമ്മിയുടെ ഉപദേശത്തിനും കുഞ്ഞുങ്ങളുടെ പിന്‍വിളിക്കും ചെവികൊടുക്കാതെ ......
അല്‍പ്പനേരത്തെ മൗനത്തിനുശേഷം , സ്തബ്ധയായിരുന്ന എന്‍റെ ചുമലില്‍ പിടിച്ചുലച്ചുകൊണ്ട് അവള്‍ ചോദിച്ചു:
എന്തിനാ മോളേ ഇങ്ങനെയൊരു മേല്‍വിലാസം ?
എനിക്ക് ഉത്തരമില്ലായിരുന്നു .
എന്തോ ആലോചിച്ചുറച്ച പോലെ അവള്‍ പറഞ്ഞു :
ഇന്നുമുതല്‍ ഞാന്‍ സൂസന്‍; വെറും സൂസന്‍. പേരിന്‍റെ വാലുമുറിക്കാന്‍ ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ മതിയെടോ . തല്‍ക്കാലം നമുക്കൊരു വീട് കിട്ടുമോന്നു നോക്കാം . പിള്ളാരേം കൂടി ഇങ്ങു കൊണ്ടുപോരാം .
Subscribe to:
Posts (Atom)