2023-ലെ ലാറ്റിനമേരിക്കന്‍ യാത്രയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് 1983-ല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ മച്ചുപിച്ചു എന്ന മഹാത്ഭുതം കാണുകതന്നെ. പെറുവിലുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെതുടര്‍ന്ന് ഒരുമാസത്തോളമായി അടച്ചിട്ടിരുന്ന മച്ചുപിച്ചു ഒരാഴ്ചമുമ്പാണ് സന്ദര്‍ശകര്‍ക്കായി വീണ്ടുംതുറന്നത്. ഹോട്ടലില്‍നിന്ന് കട്ടന്‍കാപ്പി കുടിച്ച്, പാക്കറ്റിലാക്കിയ പ്രഭാതഭക്ഷണവുമായി കൃത്യം നാലരക്കിറങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ക്ക് ഹോട്ടലിനുമുന്നിലൂടെയുള്ള ഇടറോഡിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. മുറ്റംവരെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പൊടിശല്യംകാരണം മാസ്‌കില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൂന്നുടാക്‌സികളിലായി ഞങ്ങള്‍ പെറുറെയിലിന്റെ ബസ്സ്‌റ്റേഷനിലെത്തി. സാധാരണഗതിയില്‍, ഇവിടെനിന്ന് മച്ചുപിച്ചുവിലേക്ക് അഞ്ചുമണിക്കൂര്‍ യാത്രാദൂരമുണ്ട് വെളുപ്പാന്‍കാലത്തെ മഞ്ഞിലും തണുപ്പിലും മയങ്ങിയുള്ള ഇരിപ്പ്. ഒല്ലന്തയ്ടാംബോ ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ നേരം നന്നേപുലര്‍ന്നിരുന്നു. വഴിയോരക്കച്ചവടക്കാരും വിനോദസഞ്ചാരികളും തിങ്ങിനിറഞ്ഞ തെരുവിലൂടെ നടന്ന് മച്ചുപിച്ചുവിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെത്തി. വിശ്രമമുറിയില്‍കയറി ഫ്രഷായി. ഹോട്ടലില്‍നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണംകഴിച്ചു.
തെക്കന്‍പെറുവിലെ വിശുദ്ധതാഴ്‌വരയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഒല്ലന്തയ്ടാംബോ. മച്ചുപിച്ചുവിലേക്കുള്ള യാത്രയില്‍ ഒല്ലന്തയ്ടാംബോ ടൗണ്‍ സഞ്ചാരികള്‍ക്ക് ഒരിടത്താവളമായി വര്‍ത്തിക്കുന്നു. മച്ചുപിച്ചുവിലേക്കുള്ള ദിവസങ്ങള്‍നീണ്ട ട്രക്കിംഗിന്റെ (ഇന്‍കട്രയല്‍) തുടക്കം ഇവിടെനിന്നാണ്. പുരാതനമായ ഇന്‍ക സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്രനിധിപോലെ കാത്തുസൂക്ഷിക്കുകയാണിവിടെ. മലയുടെ പാര്‍ശ്വത്തില്‍ നിലകൊള്ളുന്ന വലിയൊരു കോട്ടയും കല്ലുകൊണ്ടുള്ള ടെറസുകളും കോട്ടയ്ക്കുള്ളിലെ സൂര്യക്ഷേത്രവും രാജകീയജലധാരയും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. പഴയ ടൗണില്‍ ഇന്‍കകളുടെ കാലത്തുള്ള കെട്ടിടങ്ങളും ഉരുളന്‍കല്ലുകള്‍പാകിയ തെരുവുകളും കാണാം. സമാന്തരമായി സ്ഥിതിചെയ്യുന്ന തെരുവുകളും ഇരുവശവും നിരന്നിരിക്കുന്ന വാസസ്ഥലങ്ങളും അന്നത്തെ നിര്‍മ്മാണകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ പച്ചകുതേക്ക് എന്ന ഇന്‍ക ചക്രവര്‍ത്തി ഈ പ്രദേശം കീഴടക്കുകയും പഴയ നിര്‍മ്മിതികള്‍ നശിപ്പിച്ച്, തന്റേതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു എന്ന് ചരിത്രം. മഞ്ഞുതൊപ്പിയണിഞ്ഞ മലകളും ഉറുബംബനദിയും ഒല്ലന്തയ്ടാംബോയെ അതിസുന്ദരിയാക്കുന്നു. മലയോരഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് താഴ്‌വാരത്ത് ചുറ്റിനടക്കവെ, കൂറ്റന്‍മലയുടെ അടിവാരത്തുള്ള ചെറിയപാളത്തില്‍ മൂന്നുബോഗികളുള്ള കുഞ്ഞന്‍ ട്രെയിന്‍ യാത്രക്കൊരുങ്ങിയെത്തി. ആഹ്ലാദത്തോടെ അതിന്റെ പടംപിടിച്ചെടുത്തു. പിന്നെ അതിനരികില്‍നില്‍ക്കുന്ന സെല്‍ഫിയെടുത്തു.
സുന്ദരിയായൊരു ട്രെയിന്‍ ഹോസ്റ്റസ് ടിക്കറ്റുപരിശോധിച്ച് സഞ്ചാരികളെ ഓരോരുത്തരെയായി ട്രെയിനിലേക്ക് കയറ്റി, എട്ടുമണിയോടെ ട്രെയിന്‍ ഓടിത്തുടങ്ങി. ആമസോണ്‍നദിയുടെ കൈവഴികളിലൊന്നായ ഉറുബംബയെ കണ്ടും കാണാതെയും കൂറ്റന്‍മലകള്‍ക്കിടയിലൂടെ, മഴക്കാടിന്റെ നടുവിലൂടെ മച്ചുപിച്ചുവിലേക്കുള്ള വിചിത്രയാത്ര. വശങ്ങളിലും റൂഫിലുമുള്ള കണ്ണാടികളിലൂടെ പുറത്തേക്കുനോക്കി, പനോരമിക് കാഴ്ചകളുടെ സമൃദ്ധിയിലും സൗന്ദര്യത്തിലും കണ്ണുടക്കി ഒരിരിപ്പാണ്. ആകാശത്തോളം ഉയരത്തില്‍ കുത്തിനിര്‍ത്തിയതുപോലുള്ള പര്‍വതശിഖരങ്ങളും വന്‍വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും വര്‍ണ്ണപുഷ്പങ്ങളും കള്ളിച്ചെടികളും കിളികളുടെ പാട്ടും ആസ്വദിച്ച്, സേക്രഡ് വാലിയിലൂടെ അഗ്വാസ് കാലിയന്റസ് ടൗണിലേക്ക് രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയില്‍ കാഴ്ചകള്‍ക്ക് അകമ്പടിയായി കര്‍ണ്ണാനന്ദകരമായ ആന്‍ഡിയന്‍സംഗീതവും.ട്രെയിനിറങ്ങി, അല്‍പദൂരംനടന്ന്, ഉറുബംബയിലേക്കൊഴുകുന് അരുവിക്കുകുറുകെയുള്ള നടപ്പാലവും കടന്ന്, ഷട്ടില്‍ബസില്‍ അരമണിക്കൂര്‍കൊണ്ട് മച്ചുപിച്ചുവിന്റെ .അടിവാരത്തെത്താം. ഫ്രഷാവണമെന്നുള്ളവര്‍ക്ക് അവിടെ പരിമിതായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൈതൃകസൈറ്റില്‍ ശുചിമുറികളില്ല, ഭക്ഷണപാനീയങ്ങളും ലഭ്യമല്ല. നാലുമണിക്കൂറാണ് അനുവദനീയമായ സന്ദര്‍ശനസമയം. ടിക്കറ്റും പാസ്‌പോര്‍ട്ടും നിര്‍ബന്ധമായും കൈവശം കരുതണം.
സുരക്ഷാപരിശോധനകഴിഞ്ഞ്, ഗൈഡിന്റെ അകമ്പടിയോടെ, മലയുടെ ഉച്ചിയിലേക്കുള്ള നടന്നുകയറ്റം. മഷിനീലമേലാപ്പണിഞ്ഞ മേഘവനങ്ങളിലും വിചിത്രനിര്‍മ്മിതികളിലും കണ്ണുകള്‍ പാറിനടന്നപ്പോള്‍ വെയിലിന്റെചൂടും കാലിന്റെകുഴ;ച്ചിലും മറന്നേപോയി.
ഗൈഡായ മരിയ മലകയറാന്‍ സഹായിക്കുന്നതോടൊപ്പം മച്ചുപിച്ചുവിന്റെ കഥയും സരസമായി വിവരിച്ചുകൊണ്ടിരുന്നു. ഗൈഡുബുക്കില്‍ നിധിപോലെ സൂക്ഷിച്ചിരിക്കുന്ന, പച്ചകുതേക്കിന്റെയും മച്ചുപിച്ചുവിന്റെയും ചില അപൂര്‍വചിത്രങ്ങളും അവരെനിക്ക് കാണിച്ചുതന്നു.1400കളില്‍, പച്ചകുതേക് എന്ന ഇന്‍കരാജാവ് 2430മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്റെ മുകളില്‍ അടിമകളെക്കൊണ്ട് പടുത്തുയര്‍ത്തിയ രാജകീയനഗരമാണ് മച്ചുപിച്ചു. ഇത് രാജകുടുംബത്തിന്റെയും പ്രഭുക്കന്മാരുടെയും വിശ്രമകേന്ദ്രമായിരുന്നുവത്രെ.ലോകാത്ഭുതങ്ങളിലൊന്നായി 2007-ല്‍ നാമകരണംചെയ്യപ്പെട്ട മച്ചുപിച്ചു തെക്കന്‍ പെറുവിലെ കിഴക്കന്‍ കോര്‍ഡില്ലേരയില്‍, കുസ്‌കോയില്‍നിന്ന് എണ്‍പതുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്, സേക്രഡ് വാലിക്കുമുകളില്‍, ഉറുബംബപ്രവിശ്യയിലെ മച്ചുപിച്ചുജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഭൂകമ്പത്തില്‍ തകരാതിരിക്കാന്‍ പ്രത്യേകആകൃതിയില്‍ വെട്ടിയെടുത്ത് മിനുസപ്പെടുത്തിയ ഗ്രാനൈറ്റ്കല്ലുകള്‍കൊണ്ട് ക്ലാസിക്കല്‍ ഇന്‍കശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍. അഥവാ, ഭൂകമ്പത്തില്‍ കല്ലുകള്‍ അകന്നുമാറിയാലും തിരികെ അതേസ്ഥാനങ്ങളില്‍ വന്നുറയ്ക്കുമെന്നതാണ് ഈ നിര്‍മ്മാണശൈലിയുടെ പ്രത്യേകത. രാജാവിനും പരിവാരങ്ങള്‍ക്കും പദവിക്കനുസരിച്ചുള്ള താമസസൗകര്യങ്ങള്‍, ശവസംസ്‌കാര രീതികള്‍, ജ്യോതിശാസ്ത്രപ്രകാരമുള്ള സൂര്യക്ഷേത്രം, തട്ടുതട്ടായുള്ള കൃഷിഭൂമികള്‍, കാലിത്തൊഴുത്തുകള്‍, നദിയില്‍നിന്ന് ജലമെത്തിക്കുന്നതിനുള്ള കല്‍ക്കനാലുകള്‍, ഗോവണിപ്പാതകള്‍ തുടങ്ങി എല്ലാവിധ ജീവിതസൗകര്യങ്ങളും ഉള്‍പ്പെട്ടിരുന്ന നിഗൂഢനഗരത്തിന് ഒരുനൂറ്റാണ്ടുകാലത്തെ നിലനില്‍പേ ഉണ്ടായിരുന്നുള്ളു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ്‌കോളനിവല്‍ക്കരണത്തിന്റെ ആരംഭത്തില്‍ ഇന്‍കകള്‍ ഇവിടം വിട്ടുപോയതാണെന്നും അധിനിവേശക്കാര്‍ കണ്ടെത്തിനശിപ്പിക്കുമെന്ന ഭയത്താല്‍ അവര്‍തന്നെ കോട്ടയ്ക്കുചുറ്റുമുള്ള കാടും വഴികളും തീയിട്ടുനശിപ്പിച്ചതാണെന്നും തെളിവുണ്ടത്രെ. നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ ആമസോണ്‍ ഉഷ്ണമേഖലാവനത്തില്‍ മലകള്‍ക്കിടയില്‍ മറഞ്ഞുകിടന്ന നഗരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതുവരെ പ്രദേശവാസികളില്‍ ചിലര്‍ക്കുമാത്രം അറിയാമായിരുന്ന ഈ രാജകീയനഗരം 1911-ല്‍ ഹിറാം ബിംഗ് ഹാം എന്ന അമേരിക്കന്‍ ഗവേഷകന്‍ കണ്ടെത്തി, പുറംലോകത്തെ അറിയിക്കുകയായിരുന്നു. അവസാനത്തെ ഇന്‍കഗ്രാമമായ വില്‍കാബാംബയെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉറുബംബതാഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോള്‍, ഗ്രാനൈറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരം കണ്ടിട്ട്, അടുത്ത് എന്തെങ്കിലും പഴയകാല നിര്‍മ്മിതികള്‍ ഉള്ളതായിഅറിയാമോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചുവെന്നും ഭൂവുടമയായ മെല്‍ചോര്‍ അര്‍തേഗയും പെറുവിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ സര്‍ജന്റ് കരാസ്‌കോയുമാണ് അദ്ദേഹത്തെ മച്ചുപിച്ചുവിലേക്ക് നയിച്ചതെന്നുമാണ് കഥ. കാടുവെട്ടിത്തെളിച്ചുള്ള അദ്ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ചില നിര്‍മ്മിതികള്‍ തകരാന്‍ കാരണമായി. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിന്റെ 40% മാത്രമാണ് നമ്മളിപ്പോള്‍ കാണുന്നത്. പര്‍വതത്തില്‍നിന്ന് താഴേക്കുവീഴുന്നത് തടയാന്‍ നിര്‍മ്മിച്ചവയാണ് കോട്ടയ്ക്കുതാഴെയുള്ള അറുനൂറിലധികം ടെറസുകളെന്ന് പിന്നീടാണ് കണ്ടെത്തിയത്. മച്ചുപിച്ചുവില്‍നിന്നും കണ്ടെത്തിയ അയ്യായിരത്തിലധികം പുരാവസ്തുക്കളുടെ ഉടമസ്ഥതയെച്ചൊല്ലി പെറുവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേല്‍ സര്‍വകലാശാലയും തമ്മില്‍ ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. ഒടുവില്‍, ഗവേഷണത്തിനായി കൊണ്ടുപോയ എല്ലാ പുരാവസ്തുക്കളും ജന്മനാടിന് തിരികെനല്‍കാന്‍ 2012-ല്‍ തീരുമാനമായി.
ഇന്‍കകള്‍ വിശുദ്ധമായി കരുതിയിരുന്ന ഉയരമുള്ള പര്‍വതവും മറ്റ് പ്രകൃതിസാന്നിധ്യങ്ങളും ഉള്ള മച്ചുപിച്ചു സൂര്യാരാധനയുടെയും ജ്യോതിശാസ്ത്രനിരീക്ഷണത്തിന്റെയും കേന്ദ്രമായിരുന്നുവെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇന്‍കഭാഷയില്‍ മച്ചുപിച്ചു എന്നാല്‍ പഴയപര്‍വതം എന്നര്‍ത്ഥം. അത് കോട്ടയുടെ തൊട്ടുമുന്നിലുള്ള വലിയപര്‍വതത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്ലാസിക്‌ഫോട്ടോകളിലും പോസ്റ്റ്കാര്‍ഡുകളിലുമൊക്കെ നമ്മള്‍ കാണുന്നത് കോട്ടയുടെ തൊട്ടുപിന്നിലുള്ള ഹുയ്‌നപിച്ചുവാണ്. പുതിയപര്‍വതം എന്നാണ് ഹുയ്‌നപിച്ചുവിന്റെ അര്‍ത്ഥം. മുക്കാല്‍മണിക്കൂര്‍കൊണ്ട് ഹുയ്‌നപിച്ചുവിന്റെ മുകളിലെത്താം. വഴിയില്‍ ഒരു ഇന്‍ക ക്ഷേത്രവും കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പുരാതനഗോത്രക്കാര്‍ രണ്ടുപുണ്യമലകളുടെ (സൂര്യചന്ദ്രമലകള്‍) സാമീപ്യത്തില്‍, സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ആരാധിച്ചിരുന്നു. ഇന്‍കകളും അതേവിശ്വാസക്കാരായിരുന്നുവെന്ന് ചെറുതുംവലുതുമായ രണ്ടുമലകളുടെ സാമീപ്യവും കോട്ടയിലെ ക്ഷേത്രങ്ങളും സൂചിപ്പിക്കുന്നു പെറുവിലെ 10% ജന്തുജാലങ്ങളുടെയും 22% സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് മച്ചുപിച്ചുവിലെ മേഘവനങ്ങള്‍. ഇവിടെ ഓര്‍ക്കിഡുകള്‍മാത്രം മുന്നൂറിലധികം ഇനങ്ങളുണ്ടത്രെ. മച്ചുപിച്ചുവിലെ അവിശ്വസനീയമായ ജൈവവൈവിധ്യങ്ങള്‍ കണ്ടറിയാന്‍ ഇന്‍കട്രയല്‍ നടത്താവുന്നതാണ്. 1983-ല്‍ യുനെസ്‌കോ മച്ചുപിച്ചുവിനെ ഒരു പ്രകൃതി,സാംസ്‌കാരിക, ലോകപൈതൃകസൈറ്റായി പ്രഖ്യാപിച്ചു. നാശോന്മുഖമായ നിര്‍മ്മിതികള്‍ പലതും കേടുപാടുകള്‍തീര്‍ത്തും പുതുക്കിപ്പണിതും നിലനിര്‍ത്തുന്നതിനുള്ള ശ്രമംതുടരുന്നു. ഇപ്പോഴിവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ധാരാളമായി വന്നുപോകുന്നു. സൈറ്റിന് താങ്ങാനാവാത്തത്ര തിരക്കാവുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുമുണ്ട്. മച്ചുപിച്ചു ഒരു നോ-ഫ്‌ളൈ സോണ്‍ ആണ്. കേബിള്‍കാറുമില്ല.
പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പാനിഷ് അധിനിവേശക്കാര്‍ പെറുവിലെ ധാരാളം ഇന്‍കനിര്‍മ്മിതികളും വിശുദ്ധസ്ഥലങ്ങളും നശിപ്പിക്കുകയും അവയ്ക്കുമുകളില്‍ കത്തോലിക്കാപള്ളികള്‍ സ്ഥാപിക്കുകയുംചെയ്തു. മച്ചുപിച്ചുവിന്റെ വിദൂരസ്ഥാനം കാരണമാവാം അത് അവരുടെ കണ്ണില്‍പെടാതെപോയതും ഇന്നൊരു ലോകാത്ഭുതമായി സംരക്ഷിക്കപ്പെടാന്‍ ഇടയായതും. ഒരുപക്ഷെ, ഇന്‍കകളുടെ ദീര്‍ഘവീക്ഷണമാവാം മച്ചുപിച്ചുവിനെ രക്ഷിച്ചത്. അവര്‍ തീയിട്ടുനശിപ്പിച്ച കാടിനുപകരം പുതിയസസ്യങ്ങളും വൃക്ഷങ്ങളും വളര്‍ന്ന് അതിനെക്കാള്‍ വലിയ കാടായി, ഇന്‍കനഗരത്തിന്റെ വലിയൊരുഭാഗം ഇപ്പോഴും മണ്ണിനടിയിലും കാടിനുള്ളിലും മറഞ്ഞുതന്നെ കിടക്കുന്നു.
നേരം ഉച്ചയായിട്ടും നടന്നുതളര്‍ന്നിട്ടും കാണാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള മരിയയുടെ വിവരണം തുടരുകയാണ്. തലക്കുമുകളിലെത്തിയ സൂര്യന്റെ ചൂടില്‍ വിയര്‍ത്തുകുളിച്ച് ഇനി ഒരടിപോലും മുന്നോട്ടുനടക്കാന്‍ വയ്യെന്നായപ്പോള്‍ ഞാന്‍ മലയിറങ്ങാന്‍തുടങ്ങി. എല്ലാം കണ്ടിട്ടുപോയാല്‍മതിയെന്ന മരിയയുടെ നിര്‍ബന്ധത്തിനു ചെവികൊടുക്കാതെ തണല്‍തേടി താഴേക്കിറങ്ങി. കൂടെയുള്ളവര്‍ മടങ്ങിയെത്തുംവരെ ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ക്വിറ്റോയില്‍ കുടുങ്ങിയ മൂന്നുപേര്‍ ഇനിയും എത്തിയിട്ടില്ല. രണ്ടുമണിയോടെ, മടക്കയാത്രക്കായി ഞങ്ങള്‍ ബസില്‍ കയറിയപ്പോഴാണ് അവരെത്തിയത്. നിങ്ങള്‍ മച്ചുപിച്ചു എന്ന മഹാത്ഭുതം കണ്ടിട്ടുവരൂ. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാം എന്ന് അവര്‍ക്ക് ഉറപ്പുനല്‍കി, ഞങ്ങള്‍ മച്ചുപിച്ചുവില്‍നിന്ന് മടങ്ങി.
(മച്ചുപിച്ചുവിനെക്കുറിച്ചുള്ള വസ്തുതകള്‍ക്കും ചിത്രങ്ങള്‍ക്കും മരിയ എന്ന ഗൈഡിനോടും പപ്പീസ് ട്രെക്ക്‌സ് എന്ന പെറൂവിയന്‍ ടൂറിസം ഏജന്‍സിയുടെ വിവരണങ്ങളോടും കടപ്പാട്)