ഉറക്കമില്ലാത്ത ഒരു രാത്രികൂടി ജീവിതത്തില്‍നിന്ന് കൊഴിഞ്ഞുവീണു. ഇനിയൊരുരാത്രികൂടി കഴിഞ്ഞാല്‍ താനും അറുപതുകഴിഞ്ഞ
യുവതികളുടെ പട്ടികയില്‍ പേരുചേര്‍ക്കപ്പെടും.
തനൂജ എഴുന്നേറ്റ് മൊബൈല്‍ഫോണ്‍ ഓണ്‍ചെയ്തു.
'ഇത്തവണയും വരാന്‍ പറ്റുന്നില്ലല്ലൊ അമ്മേ. നല്ലൊരു സമ്മാനം അയച്ചിട്ടുണ്ട്. അമ്മക്കത് തീര്‍ച്ചയായും ഇഷ്ടപ്പെടും.' എന്നൊരു സ്‌നേഹവര്‍ത്തമാനം പങ്കുവച്ച് ആര്‍ഷമോള്‍ അമ്മായിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
'രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് ചേര്‍ന്നില്ലെങ്കില്‍ കാത്തിരുന്നുകിട്ടിയ അവസരം നഷ്ടമാവും. അതുകൊണ്ടാമ്മേ വരാത്തത്. വിഷമം തോന്നരുത്. അടുത്ത പിറന്നാള്‍ നമുക്കൊരുമിച്ച് ആഘോഷിക്കാം.' മകന്റെ ക്ഷമാപണം.
'മോനേ, നിനക്കും കുടുംബത്തിനും നിങ്ങളാഗ്രഹിക്കുന്നത്ര ഉയരങ്ങളില്‍ ചെന്നെത്താനാവട്ടെ. അമ്മയുടെ സ്‌നേഹാശംസകള്‍.'
കൊച്ചുമകന്‍ ആകര്‍ഷിന്റെ ചുണ്ടില്‍നിന്നും പറന്നുവന്ന പിറന്നാളുമ്മക്കുപകരം സ്‌നേഹാര്‍ദ്രമായൊരു മുത്തം പറത്തിവിട്ടുകൊണ്ട് തനൂജ വീഡിയോകാളിന് വിരാമമിട്ടു.
മകനും ഭാര്യക്കും ഗള്‍ഫിലെ ജീവിതം മടുത്തുതുടങ്ങിയിരിക്കുന്നു. കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറാനുള്ള തിരക്കിലാണവര്‍ ഡോക്ടര്‍ക്കും നേഴ്‌സിനുമൊക്കെ ഗള്‍ഫിലെക്കാള്‍ മെച്ചപ്പെട്ട ശമ്പളവും ജീവിതസൗകര്യങ്ങളും അവിടെ ലഭിക്കുമത്രെ. ആര്‍ഷമോളുടെ ജ്യേഷ്ഠനും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍കഴിഞ്ഞു. ഫിലാഡല്ഫിയയിലെ ഒരു മുന്തിയ ആശുപത്രിയില്‍ അവള്‍ക്കും ആദര്‍ശിനും ജോലിക്കുള്ള ഓഫര്‍ലഭിച്ചതിന്റെ ത്രില്ലിലാണവര്‍.
മുഖപുസ്തകത്തിലെ സൗഹൃദത്താളുകളിലൂടെ വെറുതേ കണ്ണോടിക്കുമ്പോള്‍ ഒരു വീഡിയോദൃശ്യം തനൂജയുടെ ശ്രദ്ധയില്‍പ്പെട്ടു. അഗതിമന്ദിരത്തിലെ വൃദ്ധജനങ്ങളുടെ മുഖങ്ങളിലേക്ക് അവള്‍ കണ്ണുതുറന്നുനോക്കി. ചിരിയുംകരച്ചിലും മറന്നുപോയ ആ മുഖങ്ങളില്‍ മിഴിച്ചുനില്‍ക്കുന്നത് വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും അനാഥത്വത്തിന്റെ നിര്‍വ്വികാരതയും മാത്രം.
വീഡിയോ അവസാനിക്കുന്നത് നെഞ്ചില്‍ തറയ്ക്കുന്ന രണ്ടു ചോദ്യങ്ങളോടെയാണ്:്ജരാനര ബാധിച്ച ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരോ? നിങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയാല്‍ എന്തുചെയ്യും?
ഉള്ളുലയ്ക്കുന്ന ആ ചോദ്യങ്ങള്‍ തനൂജയുടെ കാതുകളില്‍ വീണ്ടുംവീണ്ടും മുഴങ്ങി.
അവള്‍ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിരുന്ന മൊബൈല്‍നമ്പറിലേക്ക് വിളിച്ചു.
സൗമ്യമായ ഒരു പുരുഷശബ്ദം സ്‌നേഹമഴപോലെ കാതില്‍ പെയ്തു: സ്‌നേഹാ വയോജനമന്ദിരം, ആരാ സംസാരിക്കുന്നത്?
നമസ്‌കാരം ഫാദര്‍, എന്റെ പേര് തനൂജ. നാളെ എന്റെ ജന്മദിനമാണ്. അല്‍പനേരം അവിടത്തെ അച്ഛനമ്മമാരോടൊത്തു ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു.
വരിക, ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.
നാളെ സ്‌നേഹയില്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം എന്റെ വക..
ദൈവം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ.
തനൂജക്ക് ഉത്സാഹമായി. അവള്‍ 'അമ്മയുടെ അടുക്കള'യിലെ
മാനേജരെ വിളിച്ചു:
ബിന്ദൂ, നാളെ ഇരുപത്തഞ്ചുപേര്‍ക്കുള്ള ഉച്ചഭക്ഷണം വേണം.
തരാമല്ലൊ ചേച്ചീ, എന്താ വിശേഷം?
വിശേഷമൊന്നുമില്ലെടേ, സ്‌നേഹ വയോജനമന്ദിരത്തിലെ അച്ഛനമ്മമാരോടൊപ്പം കുറച്ചുനേരം വര്‍ത്തമാനംപറഞ്ഞിരിക്കാമെന്നു കരുതി. പന്ത്രണ്ടുമണി കഴിയുമ്പോഴേക്കും ഭക്ഷണം അവിടെ എത്തിച്ചുതരാമോ?. ഇത്തിരി പായസവും കൂടി ആയിക്കോട്ടെ.
വാഴയിലകൂടി കൊടുത്തുവിടാം. ചേച്ചീ, പിറന്നാള്‍സദ്യ ഗംഭീരമാക്കാം.
ബിന്ദൂ നീയെന്റെ ജന്മദിനം മറന്നില്ല, അല്ലേ?
ധനുമാസത്തിലെ കാര്‍ത്തിക എങ്ങനെ മറക്കും ചേച്ചീ? അമ്മയുണ്ടായിരുന്നപ്പോ ഞാനും നിങ്ങളോടൊപ്പം അടിച്ചുപൊളിച്ചതല്ലേ.
എന്നാല്‍ നീയുംകൂടെ വാ സ്‌നേഹയിലേക്ക്.
പറ്റില്ല ചേച്ചീ, ഇവിടെ നിന്നുതിരിയാനാവാത്ത തിരക്കാണ്. ശരി ബിന്ദൂ. എന്നാല്‍ പറഞ്ഞതുപോലെ. കാശെത്രയാണെന്ന് വാട്‌സാപ്പിലിട്ടേക്കൂ, ഗൂഗിള്‍പേ ചെയ്യാം.
എല്ലാവരും തിരക്കിലാണ്. തനൂജക്കുമാത്രം യാതൊരു തിരക്കുമില്ലെന്നോ? അവള്‍ മനസിനോട് ചോദിച്ചു.
മനസ് ഉത്തരംപറഞ്ഞു: തനിച്ചായാലും എപ്പോഴും തിരക്കിലായിരിക്കണം. എന്നോട് മിണ്ടിത്തളരുമ്പോള്‍ പ്രകൃതിയോട് മിണ്ടണം, മഞ്ഞിനോടും മഴയോടും വെയിലിനോടുമൊക്കെ മിണ്ടണം.
അവള്‍ ഉത്സാഹത്തോടെ തൊടിയിലേക്കിറങ്ങി, പൂക്കള്‍ക്ക് ഉമ്മകൊടുത്തു, ചെടികള്‍ക്ക് വളവും വെള്ളവും കൊടുത്തു. സ്‌നേഹപൂര്‍വം തഴുകിക്കൊണ്ട് അവയോട് പറഞ്ഞു: നിറയെ പൂത്ത്, സ്‌നേഹത്തിന്റെ പരിമളം ചുറ്റിലും പരത്തണേ.
അവ സന്തോഷത്തോടെ ചില്ലകളാട്ടി ചിരിക്കുന്നത് കണ്ടപ്പോള്‍ സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് പറഞ്ഞ ജഗദീശ് ചന്ദ്രബോസിനെ ഓര്‍ത്തു.
'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്ന കവിവചനം അവളുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനാമന്ത്രമായി നിറയുകയാണിപ്പോള്‍.
വിഷാദചിന്തകളെ മനസ്സില്‍നിന്നും ഇറക്കിവിട്ടപ്പോള്‍ സുഖനിദ്ര അവളെ അനുഗ്രഹിച്ചു.
രാവിലെ ഉണര്‍ന്നെണീറ്റ്, പിറന്നാള്‍ക്കുട്ടിയായി കുളിച്ചൊരുങ്ങി, അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജില്‍ തണുത്തിരുന്ന ദോശമാവ് ഒരു ചെറിയ കപ്പുനിറയെ പകര്‍ന്നെടുത്ത് തണുപ്പുമാറാന്‍ വച്ചു. ഒരു സവാളയെടുത്ത് നുറുക്കിവഴറ്റി, പാകത്തിന് കറിപ്പൊടിയും ഒരു പുഴുങ്ങിയമുട്ടയും ചേര്‍ത്ത് കറിയാക്കി. ദോശ നെയ്യില്‍ മൊരിച്ചെടുത്തു.
പാലും വെള്ളവും സമാസമംചേര്‍ത്ത് തയാറാക്കിയ ചായയും കൂടിയായപ്പോള്‍ രാവിലത്തെ ഭക്ഷണം കുശാലായി.
ഇന്ന് തനൂജയും നല്ല തിരക്കിലാണ്. അവള്‍ തന്റെ പ്രിയപ്പെട്ട ഹോണ്ടാസിറ്റിയില്‍ കയറി നഗരത്തിലെ പേരുകേട്ട ബേക്കറിയിലേക്കു പോയി. കേക്കും ലഡുവും ചോക്ലേറ്റും വാങ്ങി,
കൃത്യം പതിനൊന്നുമണിക്ക് സ്‌നേഹയിലെത്തി.
കാര്യദര്‍ശിയായ പീറ്ററച്ചനും കെയര്‍ടേക്കറായ ജോസിമോളും തനൂജയെ സ്‌നേഹത്തോടെ സ്വീകരിച്ചു.
കിടക്കകളില്‍ അവശരും അലസരുമായി വിശ്രമിച്ചിരുന്ന വൃദ്ധജനങ്ങള്‍ ഹാളിലേക്കിറങ്ങിവന്ന് പിറന്നാളുകാരിയെ കൗതുകത്തോടെ നോക്കിനിന്നു. പിന്നെ എല്ലാവരും അവള്‍ക്കുചുറ്റും കൂടിനിന്ന് പീറ്ററച്ചനോടൊപ്പം അവളുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.
ഹാപ്പി ബെര്‍ത്ത്‌ഡേ ടു യു... എന്ന ആശംസാഗാനത്തിന്റെ അകമ്പടിയോടെ അവള്‍ കേക്കുമുറിച്ചു.
ചിരിമറന്ന ചുണ്ടുകളില്‍ അവള്‍ ക്രീംകേക്കിന്റെ തണുപ്പുള്ള മധുരം പുരട്ടി.
രണ്ടാംബാല്യത്തിന്റെ നിഷ്‌കളങ്കതയോടെ മധുരംനുണഞ്ഞും ചിരിച്ചും അവര്‍ തനൂജയുടെ ചന്തമുള്ള മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കിയിരുന്നു.
അറുപതിലും നാല്‍പതിന്റെ ചൊടിയും ചുണയുമാണവള്‍ക്ക്.
അവള്‍ ഓരോരുത്തരെയായി അടുത്തുചെന്ന് പരിചയപ്പെട്ടു.
ആ വൃദ്ധഹൃദയങ്ങള്‍ മന്ത്രിക്കുന്നതെന്താണ്? ജോലിചെയ്യാന്‍ കഴിവില്ലാത്ത ഞങ്ങളെ ആര്‍ക്കും വേണ്ട, ആയകാലത്ത് ഞങ്ങള്‍ പോറ്റിവളര്‍ത്തിയ മക്കള്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയി.
വിറ്റുപെറുക്കിയും കടംവാങ്ങിയും പഠിപ്പിച്ചുവിട്ട മക്കള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിതസന്തോഷങ്ങളും തേടി അന്യ നാടുകളിലേക്ക് കുടിയേറുന്നു. ദൈവത്തിന്റെ നാടിപ്പോള്‍ വയോജനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ഇണയും ആരോഗ്യവും നഷ്ടപ്പെട്ട വൃദ്ധജനങ്ങള്‍ സ്വന്തംവീടുപേക്ഷിച്ച് അഗതിമന്ദിരങ്ങളില്‍ അഭയംതേടുന്നു. അവരുടെ വീടുകള്‍ കാറ്റുംവെളിച്ചവും കയറാതെ അടഞ്ഞുകിടക്കുന്നു.
നാടിന്റെ മാറ്റങ്ങളോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു
വിധവയായ താനും ഇതുപോലെ ഒരുനാള്‍ സ്വന്തംവീടുപേക്ഷിച്ച് ഏതെങ്കിലും അഗതിമന്ദിരത്തില്‍...
ഈറനണിഞ്ഞ കണ്ണുകളോടെ അവള്‍ ഓരോരുത്തരെയായി കെട്ടിപ്പുണര്‍ന്നു, നെറ്റിയിലും കണ്ണിലും കവിളിലുമൊക്കെ ഉമ്മവച്ചു. അനുസരണയുള്ള കുഞ്ഞുങ്ങളെപ്പോലെ അവര്‍ അവളുടെ കരവലയത്തില്‍ ഒതുങ്ങിയിരുന്നു. കെട്ടിപ്പിടിച്ചും ഉമ്മവച്ചും കുശലംചോദിച്ചും ഹൃദയത്തിന്റെ ഭാഷയില്‍ സ്‌നേഹംവിളമ്പുമ്പോള്‍ ആ വൃദ്ധമന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പുഞ്ചിരിയും കണ്ണീരും പെയ്തിറങ്ങി.
ഒരാള്‍മാത്രം സ്‌നേഹസന്തോഷങ്ങളില്‍ പങ്കുചേരാതെ അകന്നുമാറിയിരിക്കുന്നത് തനൂജ കണ്ടു. ആര്‍ക്കുംവേണ്ടാത്തവരെ ഉമ്മവയ്ക്കുന്ന ഇവളാര്? എന്നഭാവത്തില്‍ അവര്‍ തനൂജയെ തുറിച്ചുനോക്കിയിരിപ്പാണ്
എന്താമ്മേ ഇങ്ങനെ നോക്കുന്നത്? തനൂജ നിറഞ്ഞചിരിയോടെ അവരുടെ അടുത്തേക്കുചെന്നു.
'കാക്കയെപ്പോലെ കറുത്തിരിക്കുന്ന എന്നെ ഉമ്മവയ്ക്കണ്ട' എന്ന് ശാഠ്യംപറഞ്ഞ്, നിഷേധഭാവത്തില്‍ തലകുലുക്കിക്കൊണ്ട് അവര്‍ ബഞ്ചിന്റെ അങ്ങേയറ്റത്തേക്ക് നീങ്ങിയിരുന്നു.
അപ്രതീക്ഷിതമായ നിഷേധപ്രകടനം കണ്ടിട്ടും ചിരിമങ്ങാതെ തനൂജ ചോദിച്ചു:
അമ്മയുടെ പേരെന്താ?
ലിസാമ്മ.
എവിടെയാ നാട്?
നെയ്യാറ്റിന്‍കര
മറ്റുള്ള അമ്മമാരെപ്പോലെ എളുപ്പം വഴങ്ങുന്ന സ്വഭാവമല്ല ലിസാമ്മയുടേത്. എങ്കിലും എനിക്കുംവേണം സ്‌നേഹമുള്ള ഒരുമ്മ എന്നൊരു വലിയ മോഹം അവരുടെ നിഷേധത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതായി തനൂജക്ക് തോന്നി. അവള്‍ ആ ശാഠ്യക്കാരിയെ കെട്ടിപ്പിടിച്ച് ഇരുകവിളിലും ഓരോ മുത്തം കൊടുത്തു.
സ്‌നേഹമോ സന്തോഷമോ പുറത്തുകാട്ടാതെ ലിസാമ്മ ചിരിച്ചു; പലതും പറയാതെപറയുന്ന ചിരി.
ലിസാമ്മയെ മനസ്സിലാകണമെങ്കില്‍ അല്‍പം മനശ്ശാസ്ത്രം അറിഞ്ഞിരിക്കണം. തനൂജ മനസില്‍പറഞ്ഞു.
കറുത്തനിറത്തിന്റെ പേരില്‍ അവഗണനകളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങി മരവിച്ചുപോയ മനസ്സായിരിക്കാം ലിസാമ്മയുടേത്
അമ്മ കാക്കയെപ്പോലെ കറുത്തിട്ടാണെന്നാരാ പറഞ്ഞത്?
ആര്‍ക്കാ പറയാനറിയാത്തത്?
തര്‍ക്കുത്തരം പറയാന്‍ ലിസാമ്മ മിടുക്കിയാണല്ലൊ.
അവരുടെ തോളത്തുതട്ടി അഭിനന്ദിച്ചുകൊണ്ട് തനൂജ പറഞ്ഞു: കാക്കയുടെ കറുപ്പിന് വൃത്തിയുടെ അഴകാണ്.
ലിസാമ്മയുടെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി മിന്നിപ്പൊലിഞ്ഞു.
തനൂജക്ക് സ്‌നേഹയിലെ അന്തേവാസികളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നു തോന്നി. അവള്‍ പീറ്ററച്ചന്റെ ആഫീസിലേക്ക് ചെന്നു.
ഇവരൊക്കെ ധാരാളം സമ്പത്തും കുടുംബക്കാരുമൊക്കെ ഉള്ളവര്‍തന്നെ. ആവതുള്ള കാലത്ത് നമ്മള്‍ ആരെയാണോ ഒരുപാട് സ്‌നേഹിക്കുന്നത് അവരായിരിക്കും ആവതില്ലാത്ത കാലത്ത് നമ്മെ ഒരുപാട് നോവിക്കുന്നത്. സ്വന്തമല്ലാത്ത ഒരാളുടെ അല്‍പനേരത്തെ സ്‌നേഹംകൊണ്ട് ഒപ്പിയെടുക്കാവുന്നത്ര ചെറുതല്ല ആ നോവുകള്‍. പീറ്ററച്ചന്‍ വലിയൊരു പരമാര്‍ത്ഥം അവളെ ഓര്‍മ്മിപ്പിച്ചു.
ഇവരുടെ നോവുകള്‍ ഒപ്പിയെടുക്കാന്‍ എനിക്കാവില്ലെന്നറിയാം ഫാദര്‍. ഞാനിവിടെ വന്നത് എന്റെ നോവുകള്‍ മറന്ന് അല്‍പനേരം ഇവരോടൊപ്പം സന്തോഷിക്കാനാണ്.
അവള്‍ പാട്ടുപാടിയും നൃത്തംചെയ്തും എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. ലിസാമ്മയൊഴികെ മറ്റെല്ലാവരും അവളോടൊപ്പം ആടിയും പാടിയും രസിച്ചു.
ഉച്ചക്ക് 'അമ്മയുടെ അടുക്കള'യില്‍നിന്നും കൊണ്ടുവന്ന ചോറും കറികളും തനൂജയും ജോസിയും ചേര്‍ന്ന് എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു. പിറന്നാള്‍സദ്യ കഴിച്ചശേഷം, അവരോടൊപ്പമുള്ള ചിത്രങ്ങള്‍ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി, തനൂജ തന്റെ പിറന്നാളാഘോഷം ഒരിക്കലും മറക്കാത്ത ഒരനുഭവമാക്കി.
ഇനിയും വരണേ മോളേ... എന്ന സ്‌നേഹാര്‍ത്ഥനയോടെ അവര്‍ അവള്‍ക്ക് റ്റാറ്റാ... പറഞ്ഞു.
ഉറ്റവരുപേക്ഷിച്ച ആ വൃദ്ധജനങ്ങളുടെ മുഖങ്ങള്‍ മനസ്സില്‍നിറച്ചുകൊണ്ട്, അവള്‍ ഏകാന്തതമുറ്റിയ തന്റെ പാര്‍പ്പിടത്തിലേക്ക് മടങ്ങി.
അല്‍പനേരം കഴിഞ്ഞപ്പോള്‍ പീറ്ററച്ചന്‍ തനൂജയെ വിളിച്ചു:
മാഡം, ലിസാമ്മക്ക് വല്ലാത്തൊരു നിര്‍ബന്ധം: രണ്ടുദിവസം നിങ്ങളോടൊപ്പം താമസിക്കണമെന്ന്. ഞാനവരോട് എന്തുപറയാന്‍?
അച്ചന് വിരോധമില്ലെങ്കില്‍ എനിക്ക് സന്തോഷമേയുള്ളു. എന്റെ വീട് ലിസാമ്മക്കുമാത്രമല്ല, സ്‌നേഹയിലെ എല്ലാ വൃദ്ധജനങ്ങള്‍ക്കും ഒരു ബന്ധുവീടായിരിക്കും. വല്ലപ്പോഴുമൊക്കെ വന്നുംപോയും നമുക്ക് പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാം.
സന്തോഷം. നാളെരാവിലെ ജോസിമോള്‍ ലിസാമ്മയെ അവിടെ കൊണ്ടാക്കും. രണ്ടുദിവസംകഴിഞ്ഞ് അവള്‍ വന്ന് കൂട്ടിക്കൊണ്ടുപോരും. പീറ്ററച്ചന്‍ അറിയിച്ചു.
പിറ്റേന്നുരാവിലെ കാളിംഗ്‌ബെല്ലിന്റെ ശബ്ദംകേട്ട് വാതില്‍തുറന്ന തനൂജ കണ്ടത് ലിസാമ്മയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.