പലപ്പോഴും യാത്രാവിവരണങ്ങള്‍ വായിച്ചു മതിവരാത്ത പാതി പുസ്തകമായാണ് അനുഭവപ്പെടുക. യാത്രകള്‍ മികച്ച സംവാദമായി അവയില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഭൂപ്രകൃതിയും സംസ്‌കാരവും മതവും കൂടിക്കുഴഞ്ഞ് സഞ്ചാരത്തിന്റെ ആന്തരികസ്വഭാവങ്ങളെ നിര്‍മ്മിക്കുമ്പോള്‍, എഴുത്തുകാര്‍ അവര്‍ ചെല്ലുന്ന ദേശങ്ങളെ വായിച്ചെടുക്കാന്‍ സ്വന്തം നാടിന്റെ തനതുകളെ തിരയാറുണ്ട്. ഓരോ സഞ്ചാരിയും സന്ദര്‍ശന ഇടങ്ങളില്‍നിന്ന് ''വിട്ടുപോരാന്‍ തോന്നുന്നില്ല, ഒരിക്കല്‍കൂടി വരും'' എന്നൊക്കെ കുറിച്ചുമടങ്ങുമ്പോള്‍ അനുഭവിക്കുന്ന അസ്ഥിരത ഈ ഉള്‍പരിവര്‍ത്തനത്തിന്റെ പച്ചിമയാണ്.
എസ്.സരോജം കഥകളും കവിതകളും നോവലുകളും എഴുതി നമ്മെ ആഹ്ലാദത്തിലേക്ക് നയിക്കുന്നു. യാത്രകള്‍ എന്ന ബഹുവചനത്തെ അവര്‍ പുസ്തകമായി നമുക്ക് തരുമ്പോള്‍ കാഴ്ച എന്നത് മൂല്യവത്തായ സ്ഥിതിയായി മാറുന്നു. ഇവിടെ മഞ്ഞുരുകുന്നതിനും പൂവ് കൊഴിയുന്നതിനും കാറ്റടങ്ങുന്നതിനും സവിശേഷമായ അര്‍ത്ഥവിന്യാസങ്ങളുണ്ട്. അവയിലെ ഒഴുകുന്നതും അപ്രത്യക്ഷമാകുന്നതുമായ നിമിഷങ്ങളെ യാത്രിക അനുഭവങ്ങള്‍ക്ക് സമാന്തരമായി പുനസൃഷ്ടിക്കുന്നു. സ്ത്രീയുടെ കാഴ്ചയും വിശകലനവും നല്‍കുന്ന വീക്ഷണങ്ങള്‍ ഏറ്റവും പുതുമയേറിയതാവും എന്നുള്ളത് സത്യമാണ്. സൃഷ്ടിയുടെ ശക്തിയും ചൈതന്യവും ആസക്തിയുടെയും ഭോഗങ്ങളുടെയും അസമത്വങ്ങളുടെയും പഴകിയതും മടുപ്പിക്കുന്നതുമായ ലോകത്തില്‍നിന്ന് അവളെ വീണ്ടെടുക്കുന്നു. ഈ പുസ്തകത്തിലെ ഓരോ വരിയിലും ആ തിളക്കമുണ്ട്. വായനക്കാരെ കൂട്ടിനടക്കുന്നതുപോലെ അപാരതയുടെ യാത്രാമംഗളങ്ങളിലേക്ക് ഈ എഴുത്തുകാരി ഒരു പതാക വീശുകയാണ്. നാം ഇതാ പുറപ്പെട്ടുകഴിഞ്ഞു. ഇനി ക്യാമറയുടെ തെല്ലൊന്നടയ്ക്കാന്‍പോലും മെനക്കെടാത്ത കണ്ണുകളിലൂടെയുള്ള ചിത്രസഞ്ചാരവുമായി നിരന്തരം നമ്മുടെ കണ്ണുകള്‍ സംസാരിക്കേണ്ടതുണ്ട്. വിരല്‍തുമ്പുകളിലൂടെ അവയിലെ സര്‍ഗകാന്തി തൊട്ടറിയുകയും വേണം.
ഈ സഞ്ചാരം ഹിമാലയം എന്ന അത്ഭുത പരമ്പരയിലേക്കാണഇപ്പോള്‍ നീളുന്നത്. 'ഉയരങ്ങള്‍, അപാരതകള്‍' എന്ന് ആരും പറഞ്ഞുപോകുന്ന ഉത്തുംഗതയിലേക്ക് ഒരു സ്ത്രീ തലയെത്തിച്ചുനോക്കുന്നു. ആ നോട്ടം ദയാപരവും ആത്മവിശ്വാസം തുടിക്കുന്നതുമാണ്. കഞ്ചന്‍ ജംഗ മലനിരകളുടെ മടിയില്‍ കിടക്കുന്ന രണ്ട് ഭൂഭാഗങ്ങളിലേക്ക് കടക്കവേ, തന്നെ കാത്തിരിക്കുന്ന അപരിചിതവും ആകസ്മികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് മറ്റാര്‍ക്കും ഇതുവരെ എഴുതാന്‍ കഴിയാത്ത ജൈവികസ്പര്‍ശം പകര്‍ന്നുനല്‍കാനാവുമെന്ന വിശ്വാസം ഒട്ടും തെറ്റിയില്ല എന്ന് ഈ പുസ്തകത്തിന്റെ തുടര്‍പേജുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സിക്കിമിലേക്കും ഡാര്‍ജിലിംഗിലേക്കും കടക്കുമ്പോള്‍ വിശ്വപ്രകൃതിയുടെ കൈവിരല്‍ പിടിച്ചുനടക്കുന്ന കുട്ടിയുടെ കൗതുകവും വെമ്പലും വായിച്ചെടുക്കാന്‍ കഴിയുന്നു. പതിനാറും ഒമ്പതും ഖണ്ഡങ്ങളിലായി, താന്‍ പലപ്പോഴും സ്വപ്നത്തിലും ഉണര്‍വിലുമായി സഞ്ചരിച്ചെത്തിയ ദൃശ്യ സാഹചര്യങ്ങളെ കാഴ്ചാപദങ്ങള്‍കൊണ്ട് ഈ താളുകളില്‍ അളന്നുകുറിച്ചിട്ടിട്ടുണ്ട് എഴുത്തുകാരി. ദീര്‍ഘയാത്രകളെ എപ്പോഴും ചലനാത്മകമാക്കുന്നത് സഹയാത്രികരുടെ സാന്നിധ്യമാണ്. ഉറ്റചങ്ങാതികളുടെ ഒപ്പമെന്നത് ഈ യാത്രയ്ക്ക് മിഴിവുപകരുന്ന പല സന്ദര്‍ഭങ്ങളിലും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാങ്‌ടോക് നഗരം വായനയിലും ഓണ്‍ലൈന്‍ തിരച്ചിലിലുമാണ് ഇതുവരെ അറിഞ്ഞതെങ്കില്‍ ഇതാ അവിടേക്ക് എത്തിപ്പെടാന്‍ ഇനി ഇത്തിരിദൂരം എന്ന പ്രതീതിയില്‍ സിലിഗുരിയില്‍നിന്നും കുറിക്കുന്ന വരികളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. 'മലമുകളിലെ സുന്ദരി'ക്ക് യാത്രാസൗകര്യമുള്‍പ്പെടെ പരിമിതികള്‍ പലതാണ്. പുതിയ സഞ്ചാരി ഏതു പ്രതിബന്ധവും മറികടക്കാനുള്ള പ്രതിരോധമനസിന്റെ ഉടമയാണ്. മലകയറ്റങ്ങളുടെയും മണ്ണിടിച്ചിലിന്റെയും തടസങ്ങളെ സിക്കിമിന്റെ പ്രകൃതിസൗന്ദര്യത്തില്‍ പ്രസാദാത്മകമായാണ് സരോജം കാണുന്നത്. ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് ഇതൊരു സ്വതന്ത്ര പാഠപുസ്തകമാണ്. ഓരോ വാക്കിന്റെ അരികിലും അറിവിലേക്കുള്ള ദുര്‍ഘടപാത വരച്ചിരിക്കുന്നു. ആദിമനിവാസികളായ ലെപ്ചകള്‍ മുതല്‍ മതവും പ്രാചീനതയും ഗോത്രസംസ്‌കൃതിയും രാഷ്ട്രീയവും കൃതിയില്‍ കടന്നുവരുന്നു. അതൊരു സ്വാഭാവിക പരിണതിയാണ്. അതിനാല്‍ വൈയക്തികാനുഭവങ്ങളോടൊപ്പം ഭൂമിശാസ്ത്രവിശേഷങ്ങളിലെ പുതുമകള്‍ക്കും സ്ഥാനമുണ്ട്. തീസ്താ നദിക്കരയിലൂടെ നീല വിശാല തടങ്ങളിലേക്കുള്ള യാത്ര മോഹനം തന്നെ. അതിര്‍ത്തിപ്രദേശങ്ങളായ നാഥുല, ഗുരുഡോങ്മാര്‍, യുമെസാംദോങ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സാഹസികവും ഗൃഹാതുരത നല്‍കുന്നതുമാണ്. മനുഷ്യര്‍ തമ്മിലുള്ള വൈരങ്ങളുടെ അവസാനിക്കാത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കൊടികള്‍ കണ്ട് മനസ്സുഴലുന്ന എഴുത്തുകാരി വര്‍ത്തമാനകാലത്തിന്റെ ദയാരാഹിത്യങ്ങളെ നീറുന്ന നൊമ്പരമായി വാക്കുകളില്‍ അവശേഷിപ്പിക്കുകയാണ്. അപ്പോള്‍ ഈ പുസ്തകം യാത്രാവിവരണ ഗ്രന്ഥമെന്ന ഓര്‍മ്മയില്‍നിന്ന് നമ്മുടെതന്നെ ജീവിതമായി മാറുന്നു. സര്‍ഗ്ഗാത്മക സാഹിത്യരചനകളില്‍ കൈയടക്കമുള്ള ഒരാളുടെ ഏതെഴുത്തും ചോരപുരണ്ട ഒരു തൂവല്‍ അതിനുള്ളില്‍ കരുതും. രചന ബുക്‌സും കഫെ ഫിക്ഷനും നല്‍കുന്ന സ്വാസ്ഥ്യത്തിലേക്ക് പെട്ടെന്ന് വായനക്കാരെ മടക്കിവിളിക്കുന്ന ശാന്തതയ്ക്ക് പകരംവയ്ക്കാന്‍ ഒന്നുമില്ലതന്നെ.
ആത്മീയശാന്തി പകരാന്‍ ഹിമാലയം എന്നൊരു മന്ത്രം മതി ഏതൊരാള്‍ക്കും. ആശ്രമങ്ങളും പ്രാര്‍ത്ഥനക്കൊടികളും തങ്ങളുടെ നാടിന്റെ സമൃദ്ധിയാണെന്ന് ആരോ വിളിച്ചുപറയുന്നപോലെ. കൊടുംതണുപ്പിലിഴയുന്ന മനുഷ്യജീവിതങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ജീവിതമെന്ന വലിയ യാത്രാപദ്ധതിക്കിടയില്‍ അവിടെ എത്തപ്പെട്ട മലയാളികളെ കണ്ടുമുട്ടിയ അവസരങ്ങളെക്കുറിച്ചും എഴുതിയിരിക്കുന്നു. 'ഇതരസംസ്ഥാനക്കാര്‍' എന്ന് നാം വിളിക്കുന്നവര്‍ എല്ലാവരും ഈ ഭൂമിയുടെ മക്കള്‍ ആണെന്ന ഓര്‍മ്മ തികഞ്ഞ സാഹോദര്യത്തിലേക്ക് നയിക്കട്ടെ എന്ന് ഈ പുസ്തകം ആഗ്രഹിക്കുന്നു. ഓറഞ്ചുതോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വീട്ടിലെ സ്ത്രീകള്‍തന്നെ ആതിഥേയരാകുന്ന ഹോംസ്റ്റേകളും ഷോപ്പിംഗ് സെന്ററുകളും കടന്ന് നഗരങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുന്ന യാത്രാവണ്ടി ഇപ്പോള്‍ പായുന്നത് നമ്മുടെ ഉള്ളില്‍കൂടിയാണ്.
മനുഷ്യരുടെ ദുരിതങ്ങളും കണ്ണീരും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. യുദ്ധങ്ങളും വിഭജനങ്ങളും സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം എത്ര തലമുറകളോളം നീളുമെന്ന് ആര്‍ക്കും പറയാനാവില്ല. മനുഷ്യര്‍ ശവവണ്ടികളാകുന്ന സമീപാവസ്ഥകള്‍ സൃഷ്ടിക്കുന്ന അനാഥത്വം വിഷണ്ണജനതയിലേക്കുള്ള നമ്മുടെ പരിവര്‍ത്തനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. പീസ് പഗോഡകളെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും സരോജം എഴുതുമ്പോള്‍ വീണ്ടും നാം പ്രസന്നതയിലേക്ക് യാത്രചെയ്യുന്നു. ഈ പോസിറ്റീവ് എനര്‍ജി തന്നെയല്ലേ ഒരു പുസ്തകവായനയില്‍നിന്നും നാം ആഗ്രഹിക്കുന്നത്. യാത്രകളിലാണ് നാം യഥാര്‍ത്ഥ മനുഷ്യരെ കണ്ടുമുട്ടുക എന്ന് പൗലോ കേയ്‌ലോ പറയുന്നുണ്ട്. ഭൂതകാലവുമായുള്ള ഏറ്റുമുട്ടലും ഭാവിയിലേക്കുള്ള കുതിപ്പും സഞ്ചാരത്തിന്റെ വ്യത്യസ്തതകളാണ്. തീസ്തയിലെ തെളിഞ്ഞ ജലം പോലെ മനസിന്റെ അടിത്തട്ട് കാട്ടിത്തരുന്ന ഭാഷയില്‍ സരോജം എഴുതുന്ന യാത്രാനുഭവങ്ങള്‍ തെളിക്കുന്നത് വായനക്കാര്‍ക്കുള്ള പുതിയ യാത്രാപഥങ്ങളാണ്. ആ തുടര്‍ച്ചയിലാണല്ലൊ നാമോരോരുത്തരും നവീകരിക്കപ്പെടുന്നതും.