Friday, 12 March 2021
അജന്തയിലെ ബുദ്ധകല (യാത്ര) എസ്.സരോജം
മഹാരാഷ്‌ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്ന ഔറംഗബാദില്‍നിന്ന് നൂറ്റിയേഴുകിലോമീറ്റര്‍ അകലെയാണ് ചരിത്രവിസ്‌മയമായ അജന്തഗുഹകള്‍. മദ്ധ്യപ്രദേശിലേക്കുള്ള തിരക്കേറിയ ഹൈവേയിലൂടെ, ഗ്രാമഭംഗികള്‍ ആസ്വദിച്ചുകൊണ്ടാണ് ഇവിടേക്കുള്ള യാത്ര. ഇരുവശവുമുള്ള പാടങ്ങളില്‍ ബജ്‌റ, പരുത്തി എന്നിവ സമൃദ്ധമായി വളരുന്നു. പാടങ്ങള്‍ക്കപ്പുറം പച്ചപ്പുനിറഞ്ഞ മലനിരകള്‍. ഇഷ്‌ടികകൊണ്ടുള്ള ചുവരുകളും ആസ്‌ബസ്റ്റോസോ വൈക്കോലോ മേഞ്ഞ മേല്‍ക്കൂരകളുമാണ് കര്‍ഷകരുടെ വീടുകള്‍ക്ക്. മിക്ക വീടുകളുടെ മുന്നിലും മോട്ടോര്‍ ബൈക്കുകള്‍ കാണാം. ധാന്യവും വൈക്കോലും വിറകുമൊക്കെ കൊണ്ടുപോകുന്നതിനും യാത്രക്കുമൊക്കെ കാളവണ്ടികള്‍ ഉപയോഗിക്കുന്നതായി കണ്ടു. ബജ്രകൊണ്ടുണ്ടാക്കുന്ന ബക്രി എന്നുപേരായ റൊട്ടി ഗ്രാമീണരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. വഴിയോരത്ത് സ്വര്‍ണ്ണനിറത്തിലള്ള റോബസ്റ്റയിനത്തില്‍പ്പെട്ട വാഴപ്പഴങ്ങള്‍ പലയിടത്തും വില്‍പനക്കുവച്ചിരിക്കുന്നത് കണ്ടു. ഏകദേശം രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍, ഹൈവേയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ്, മഹാരാഷ്‌ട്ര ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രാദേശിക കാര്യാലയത്തിനു മുന്നിലെത്തി. ഇവിടെനിന്ന് ഗുഹയുടെ സമീപത്തേക്ക് പോകാന്‍ പ്രത്യേക ഷട്ടില്‍ ബസ് സര്‍വീസുണ്ട്. ഇന്ത്യാക്കാര്‍ക്ക് ആളൊന്നിന് മുപ്പത്തഞ്ചുരൂപയാണ് ടിക്കറ്റുനിരക്ക്; വിദേശികള്‍ക്ക് 550 രൂപയും. പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല.
ബി.സി.രണ്ടാംനൂറ്റാണ്ടുമുതല്‍ എ.ഡി.ഏഴാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴായി മലയടിവാരത്തെ പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളാണ് അജന്ത ഗുഹകള്‍ എന്നറിയപ്പെടുന്നത്.. ഈ ഗുഹാസമുച്ചയം ഇന്ത്യന്‍ പുരാവസ്‌തുഗവേഷണവകുപ്പിന്റെ സംരക്ഷണയിലുള്ളതും 1983 മുതല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. മഹാരാഷ്‌ട്രയുടെഅതിര്‍ത്തി പങ്കിടുന്ന താപ്‌തിനദിയുടെ കൈവഴിയായ വാഗോര നദിയുടെ തീരത്താണ് ഡക്കാണ്‍ പീഠഭൂമിയുടെ ഭാഗമായ അജന്ത ഗ്രാമം. അര്‍ദ്ധവൃത്താകൃതിയിലുള്ള മലയടിവാരങ്ങളിലെ ഭീമാകാരങ്ങളായ പാറകള്‍ വശങ്ങളില്‍നിന്നു തുരന്ന് നിര്‍മ്മിക്കപ്പെട്ട മുപ്പതിലേറെ ഗുഹകളാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ ബുദ്ധമതം വളരെ പ്രചാരംനേടിയിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണ് ഈ ഗുഹകള്‍. ചൈത്യഗൃഹങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളും വിഹാരങ്ങള്‍ ബുദ്ധസന്യാസിമാരുടെ താമസസ്ഥലങ്ങളുമാണ്. ശ്രീബുദ്ധന്റെ ജീവിതകഥകളും സന്ദേശങ്ങളും കലാമികവുറ്റ ശില്‍പങ്ങളായും ചുവര്‍ചിത്രങ്ങളായും ഈ ഗുഹാന്തരങ്ങളില്‍ അടയാളപ്പെട്ടുകിടക്കുന്നു.
രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഈ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഓരോന്നും നിര്‍മ്മിക്കപ്പെട്ട ക്രമത്തിന് വ്യത്യസ്‌തമായി, കിഴക്കുനിന്ന് പടിഞ്ഞാറേക്ക് എന്ന ക്രമത്തിലാണ് പുരാവസ്‌തു വകുപ്പ് ഗുഹകള്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നത്. പത്താമത്തെ ഗുഹയാണ് ആദ്യം നിര്‍മ്മിക്കപ്പെട്ടതെന്നും ബി.സി രണ്ടാംനൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മ്മിതിയെന്നും അനുമാനിക്കപ്പെടുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ആദ്യഘട്ടത്തിലാണ് 9,12,13,15എ എന്നീ ഗുഹകളുടെയും നിര്‍മ്മിതി. ബി.സി 230 മുതല്‍ എ.ഡി.220 വരെ ഡക്കാണ്‍ ഭരിച്ചിരുന്ന ശതവാഹന രാജാക്കന്മാരുടെ പിന്തുണയോടെ, ബുദ്ധമതത്തിലെ ഹീനയാന പാരമ്പര്യത്തില്‍പെട്ട സന്യാസിമാരാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ് നിഗമനം.
വിഗ്രഹാരാധന നിഷിദ്ധമായി കരുതിയിരുന്ന ഇക്കൂട്ടര്‍ തങ്ങളുടെ കലാസൃഷ്‌ടികളില്‍ ബുദ്ധനെ സ്‌തൂപം, സിംഹാസനം, കാലടയാളം തുടങ്ങിയ ചിഹ്നങ്ങള്‍കൊണ്ടാണ് സൂചിപ്പിച്ചിരിക്കുന്നത്.
എ.ഡി 250 മുതല്‍ 500 വരെ ഈ പ്രദേശം ഭരിച്ചിരുന്ന വാകാടക രാജവംശത്തിന്റെ കാലത്താണ് രണ്ടാംഘട്ട നിര്‍മ്മിതികള്‍. മഹായാന പ്രസ്ഥാനം പുഷ്‌ടിപ്രാപിച്ചിരുന്ന ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളില്‍ ബുദ്ധശില്‍പങ്ങള്‍ക്ക് വളരെപ്രാധാന്യം നല്‍കിയിരിക്കുന്നു. സമ്പത്തുകൊണ്ടും സൈനികബലംകൊണ്ടും കരുത്തന്മാരായിരുന്ന വാകാടകന്മാര്‍ കലാസ്‌നേഹികളുമായിരുന്നു. അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ അജന്തയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് രാജാക്കന്മാരും പ്രഭുക്കന്മാരും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്‍കുകയുണ്ടായി. ഹരിസേനരാജാവിന്റെ മന്ത്രിയായിരുന്ന വരാഹദേവ നിര്‍മ്മിച്ചുനല്‍കിയതാണ് പതിനാറാമത്തെ ഗുഹ എന്നതിന് ചരിത്രരേഖകളുണ്ട്. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങിന്റെ യാത്രക്കുറിപ്പുകളില്‍ അജന്ത ഗുഹകളെക്കുറിച്ച് പരാമര്‍ച്ചിട്ടുണ്ട്.
ആനയുടെ ആകൃതിയിലുള്ള കവാടം കടന്നുചെല്ലുമ്പോള്‍ കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്ന തരത്തില്‍ ശില്‍പചാരുതയാര്‍ന്ന കരിങ്കല്‍ത്തൂണുകളും ബുദ്ധശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും! ശില്‍പനിര്‍മ്മാണത്തിലും ചുവര്‍ചിത്രരചനയിലും പ്രാചീനഭാരതത്തിലെ കലാകാരന്മാര്‍ എത്രത്തോളം മികവുപുലര്‍ത്തിയിരുന്നു എന്ന് ഈ കലാസൃഷ്‌ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളവയില്‍ കലാപരമായി വളരെ ഔന്നത്യം പുലര്‍ത്തുന്നവയാണ് അജന്തഗുഹകളില്‍ എ.ഡി അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും എന്നാണ് വിദഗ്‌ധാഭിപ്രായം. ക്ലാസിക്കല്‍ സ്റ്റൈലിലുള്ള ഈ കലാസൃഷ്‌ടികളുടെ പേരിലാണ് ഇന്ത്യക്കുപുറത്ത് അജന്തഗുഹകള്‍ അറിയപ്പെടുന്നതും. ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളവയാണ് മിക്ക സൃഷ്‌ടികളും. കൂടാതെ, അക്കാലത്തെ ജനങ്ങള്‍, അവരുടെ വസ്‌ത്രധാരണരീതികള്‍, ആഭരണങ്ങള്‍ തുടങ്ങി കൊട്ടാരസദസ്സുകള്‍, കോടതികള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയും മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും പക്ഷിമൃഗാദികളുമെല്ലാം ചിത്രങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. പ്രകൃതിദത്ത നിറങ്ങളായ കുങ്കുമം, ഹരിതനീലം, കടുംനീലം, കറുപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് നിറം നല്‍കിയിരിക്കുന്നത്. ഇരുട്ടുള്ള ഗുഹകളില്‍ പന്തംകൊളുത്തിവച്ചാണ് ചിത്രരചന നിര്‍വഹിച്ചിരുന്നത് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ജാതകകഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങള്‍ ഏറെ ആസ്വാദ്യകരമാവും. ചൈത്യഗൃഹങ്ങളിലെല്ലാം ബുദ്ധപ്രതിഷ്‌ഠകള്‍ കാണാം.
കല്‍പടവുകള്‍ കയറിയിറങ്ങി, ഓരോ ഗുഹകളിലും ചെന്നെത്താന്‍ സമയമെടുക്കും. ഒരുദിവസംകൊണ്ട് ഗുഹകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്താമെന്നല്ലാതെ ഓരോന്നും വിശദമായി കണ്ടാസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. ചില ഗുഹകള്‍ പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചമട്ടാണ്. ബി.സി മൂന്നാംനൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന അശോകചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ചരിത്രം നമുക്കറിയാം. അദ്ദേഹം മതപ്രചരണത്തിനായി മഹാരാഷ്‌ട്രയിലേക്കയച്ച പ്രതിനിധികളാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. നദിയുടെ സാമീപ്യവും താഴ്‌വരയുടെ ശാന്തതയും സന്യാസിമാരുടെ ജീവിതശൈലിക്ക് പറ്റിയതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. മതപ്രചരണത്തിനായി നാടുചുറ്റിനടന്നിരുന്ന സന്യാസിമാര്‍ മഴക്കാലമാകുമ്പോള്‍ തങ്ങളുടെ സമയം ചെലവഴിച്ചിരുന്നത് ഗുഹകളിലെ ചുവര്‍ചിത്രരചനയിലും ശില്‍പനിര്‍മ്മാണത്തിലുമായിരുന്നു. ജീവിതത്തില്‍നിന്നും സ്‌ത്രീകളെ അകറ്റിനിറുത്തിയിരുന്ന സന്യാസിമാരുടെ കലാസൃഷ്‌ടികളില്‍ ധാരാളം സ്‌ത്രീരൂപങ്ങളുമുണ്ടെന്നത് ആശ്ചര്യകരം തന്നെ. സുന്ദരികളായ രാജകുമാരികള്‍, അവരുടെ തോഴിമാര്‍, ഗായികമാര്‍, നര്‍ത്തകികള്‍ തുടങ്ങി ഇരിക്കുന്നവരും നില്‍ക്കുന്നവരും വേഷഭൂഷാദികളണിഞ്ഞവരുമായ നിരവധി സ്‌ത്രീകള്‍ ചിത്രങ്ങളായും ശില്‍പങ്ങളായും ഗുഹാന്തരങ്ങളെ അലങ്കരിക്കുന്നു. ചിത്രങ്ങള്‍ പ്രകാശവും ചൂടുമേറ്റ് മങ്ങിപ്പോകുമെന്നുള്ളതിനാല്‍ ഗുഹകള്‍ക്കുള്ളില്‍ വൈദ്യുതദീപങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. അകത്തെ ഇരുട്ടുകാരണം പലതും വ്യക്തമായി കാണാനാവില്ല. ചിലതെല്ലാം കാലപ്പഴക്കത്തില്‍ നിറം മങ്ങി കാണപ്പെടുന്നു.
ഏഴാംനൂറ്റാണ്ടോടുകൂടി ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചുതുടങ്ങി. സന്യാസിമാരാരും ഗുഹകളിലേക്ക് വരാതായി. വിജനമായ ഈ പ്രദേശം ആരുടെയും ശ്രദ്ധയില്‍പെടാതെ നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്നു. 1819-ല്‍ കാട്ടില്‍ കടുവവേട്ടക്കിറങ്ങിയ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ക്യാപ്‌റ്റന്‍ ജോണ്‍ സ്‌മിത്തും സംഘവും യാദൃശ്ചികമായി ഗുഹയില്‍ എത്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഈ ഗുഹകളെപ്പറ്റി പുറംലോകം അറിഞ്ഞത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പുരാവസ്‌തുഗവേഷകരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്. തുടര്‍ന്ന് പ്രാചീനഭാരതത്തിലെ മനുഷ്യരുടെ വിസ്‌മയകരമായ കലാസൃഷ്‌ടികള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികളായി. കലാസ്‌നേഹികളായ സന്ദര്‍ശകരുടെ വരവായി. ഇന്ന് ചരിത്രവിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായി ശരാശരി അയ്യായിരത്തോളംപേര്‍ ദിനംപ്രതി അജന്താഗുഹകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്.
Subscribe to:
Posts (Atom)