തോല്‍പ്പെട്ടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രയില്‍ വയനാടന്‍കാടുകള്‍ കുളിരുപുതച്ചുകിടന്നു പാതയ്‌ക്കിരുവശവും ഇടതൂര്‍ന്ന മുളങ്കാടുകളും ആഴമുള്ള കാടിന്‍റെ ഹരിതസമൃദ്ധിയും. കാടരികുകളില്‍ മേഞ്ഞുനടക്കുന്ന മ്ലാവുകളും കുരങ്ങന്മാരും കാട്ടുപോത്തുകളും ആനകളും. അതിരാവിലെയോ സന്ധ്യകഴിഞ്ഞോ ആണ് യാത്രയെങ്കില്‍ മൃഗങ്ങള്‍ വഴിയരികിലും ചിലപ്പോള്‍ റോഡിലും ഇറങ്ങിനില്‍ക്കും. അതിനാല്‍ ഈ വഴിയിലും കാട്ടില്‍ പാലിക്കേണ്ട മര്യാദകള്‍ കൃത്യമായി പാലിക്കണമെന്ന് വനസംരക്ഷണവകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്. ഹോണടിക്കരുത്. വേഗതകുറച്ചേ വണ്ടിയോടിക്കാവൂ. മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കാട്ടിലും വഴിയിലും വലിച്ചെറിയരുത്. മൃഗങ്ങളെ ഉപദ്രവിക്കരുത്.
എത്രകണ്ടാലും മതിവരാത്ത വഴിയോരക്കാഴ്‌കള്‍ സമ്മാനിക്കുന്ന ഈ യാത്രയ്‌ക്ക് പതിനാറുകിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.തിരുനെല്ലിയിലേക്ക് തിരിയുന്ന തെറ്റുറോഡ് കവലയില്‍ പ്രശസ്‌തമായൊരു ഉണ്ണിയപ്പക്കടയുണ്ട്. അവിടെനിന്നായി വൈകുന്നേരത്തെ ചായകുടി. കാല്‍നൂറ്റാണ്ട് പഴക്കമുള്ള ഈ ഉണ്ണിയപ്പക്കട കാനനസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ്. ഇതുവഴി പോകുന്നവരാരും കുട്ടേട്ടന്‍റെ കടയിലെ ഉണ്ണിയപ്പത്തിന്‍റെ രുചി ആസ്വദിക്കാതെ പോകാറില്ലത്രെ.
ബ്രഹ്മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ട പ്രശാന്തസുന്ദരമായ പ്രദേശമാണ് തിരുനെല്ലി. മൂവായിരത്തോളം വീടുകളും പതിമൂവായിരത്തോളം ആളുകളുമുള്ള ഒരാദിവാസിഗ്രാമം. വനംവകുപ്പിന്‍റെ ഒരാഫീസും ഒരു പോലീസ് സ്റ്റേഷനുമാണ് വഴിയോരത്തു കണ്ട പൊതുസ്ഥാപനങ്ങള്‍. മലകള്‍ക്കപ്പുറം കര്‍ണ്ണാടകമാണ്.
വയനാട് വന്യജീവിസംരക്ഷണകേന്ദ്രത്തിനു നടുവില്‍, മൂവായിരം അടി ഉയരത്തിലാണ് തിരുനെല്ലിക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാവിലെ പാപനാശിനിയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണമെന്ന ആഗ്രഹവും മനസില്‍വച്ചുകൊണ്ടാണ് കൂട്ടത്തില്‍ പലരും ഈ യാത്രയ്‌ക്ക് വന്നിരിക്കുന്നത്. തിരുനെല്ലി ദേവസ്വത്തിന്‍റെ കീഴിലുള്ള വിശ്രമമന്ദിരത്തിലെത്തിയപ്പോഴേക്കും സന്ധ്യകഴിഞ്ഞിരുന്നു. തണുപ്പ് സിരകളെ പൊതിഞ്ഞുനില്‍പാണ്.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള മുറികളില്‍ കുളിക്കാന്‍ ചൂടുവെള്ളം വേണമെങ്കില്‍ പുറത്തുനിന്ന് എടുത്തുകൊണ്ടുവരേണ്ട അവസ്ഥ. ആധുനികതയുടേതായ ഇക്കാലത്തും നഗരവത്‌കരണത്തിന്‍റെ പരിഷ്‌കാരങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമമാണ് തിരുനെല്ലി. ആമലകഗ്രാമം എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. പേരിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്: മൈസൂറിലേക്ക് തീര്‍ത്ഥാടനത്തിനുപോയ മൂന്ന് മലയാളി നമ്പൂതിരിമാര്‍ വഴിതെറ്റി, വിശന്നുവലഞ്ഞുനടന്നപ്പോള്‍ കാടിനുള്ളില്‍ പുരാതനമായൊരു ക്ഷേത്രവും അതിനടുത്തത്തായി നിറയെ കായുള്ള ഒരു നെല്ലിമരവും കണ്ടു. അവര്‍ നെല്ലിക്ക തിന്ന് വിശപ്പും ദാഹവും തീര്‍ത്തു. അപ്പോള്‍ ഒരശരീരിയുണ്ടായി: ഇവിടെ പരബ്രഹ്മസ്വരൂപികളായ ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ട്, ആകയാല്‍ ഇനി മറ്റൊരിടത്തും തീര്‍ത്ഥാടനം നടത്തേണ്ടതില്ല, ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് പേരിടണം. അതിന്‍പ്രകാരം നമ്പൂതിരിമാര്‍ തിരുനെല്ലി എന്ന് പേരിട്ടു. ക്ഷേത്രത്തിനുചുറ്റുമുള്ള കാടുകളില്‍ നെല്ലിമരങ്ങള്‍ ധാരാളമായി കാണാം. മുമ്പ് ഇവിടെ പാപനാശിനിഗ്രാമം, പഞ്ചതീര്‍ത്ഥഗ്രാമം എന്ന് രണ്ട് ഗ്രാമങ്ങള്‍ നിലനിന്നിരുന്നുവെന്നും പകര്‍ച്ചവ്യാധിയോ പടയോട്ടമോ കാരണമാവാം അവ നശിപ്പിക്കപ്പെടുകയും ആളുകള്‍ മാനന്തവാടിക്കടുത്തുള്ള സ്ഥലങ്ങളില്‍ അഭയംതേടിയെന്നും അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും മാനന്തവാടിയിലുണ്ടെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിനരികില്‍നിന്നും പഞ്ചതീര്‍ത്ഥത്തിലേക്കുള്ള പടിക്കെട്ടുകളിറങ്ങി, ഒരു ഫര്‍ലോംഗ് ദൂരം കാട്ടുവഴിയിലൂടെ നടന്നാല്‍ പാപനാശിനിയിലെത്താം. ബ്രഹ്മഗിരിയില്‍നിന്നും ഉത്ഭവിച്ച് കാളിന്ദിയില്‍ ചെന്നുചേരുന്ന പാപനാശിനിയെ കേരളത്തിലെ കാളിന്ദി എന്ന് വിളിക്കുന്നു. ഈ നദിയില്‍ കുളിച്ചാല്‍ സകലപാപങ്ങളും കഴുകിപ്പോകുമെന്നാണ് വിശ്വാസം. തിരുനെല്ലിക്ഷേത്രത്തില്‍ മഹാവിഷ്‌ണുവിന്‍റെ വിഗ്രഹം പ്രതിഷ്‌ഠിച്ചതില്‍ സന്തുഷ്‌ടനായ മഹാവിഷ്‌ണു ബ്രഹ്മാവിന് നല്‍കിയ വരമാണത്രെ ഈ ദിവ്യശക്തി. ബ്രഹ്മഗിരിയിലെ ഔഷധസസ്യങ്ങളെയും വൃക്ഷങ്ങളുടെ വേരുകളെയും തഴുകിവരുന്ന പുഴവെള്ളത്തിന് തീര്‍ച്ചയായും ഔഷധഗുണം ഉണ്ടായിരിക്കുമല്ലൊ. വെള്ളംകിനിയുന്ന കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ അല്‍പമകലെ പാപനാശിനിയുടെ ജലമര്‍മ്മരം കേള്‍ക്കാം. മരപ്പടര്‍പ്പുകളില്‍ ചാടിമറിയുന്ന കുരങ്ങന്മാരെയും കാണാം. ഉരുളന്‍കല്ലുകള്‍ നിറഞ്ഞ കയറ്റംകയറിയാല്‍ പുഴക്കരയിലെത്താം. വാവുദിവസമല്ലത്തതിനാല്‍ കുളിക്കടവില്‍ തിരക്കൊന്നുമില്ല. അരയാള്‍പൊക്കം വെള്ളമേയുള്ളു.
ഉള്ളംകാല്‍മുതല്‍ ഉച്ചംതലവരെ പടര്‍ന്നുകയറുന്ന തണുപ്പ്. ശ്രാദ്ധം, പിതൃബലി, പിണ്‌ഡബലി എന്നീ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ധാരാളം ആളുകള്‍ പാപനാശിനിയില്‍ വരാറുണ്ട്. ഇവിടെ ബലിയിട്ടാല്‍ പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഹിന്ദുമതാചാരപ്രകാരം ത്രിമൂര്‍ത്തികളായ ബ്രഹ്മവിഷ്‌ണുമഹേശ്വര സാന്നിദ്ധ്യത്തിലാണല്ലൊ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഇവിടെനിന്ന് പാപമുക്തി നേടുന്ന ആത്മാക്കള്‍ ബ്രഹ്മഗിരിക്കപ്പുറത്തുള്ള പക്ഷിപാതാളത്തില്‍ പക്ഷികളായി പുനര്‍ജനിക്കുമെന്നാണ് വിശ്വാസം.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്‌മം പാപനാശിനിയില്‍ ഒഴുക്കിയതോടുകൂടിയാണ് തെക്കേയിന്ത്യയ്‌ക്കപ്പുറത്തേക്കും തിരുനെല്ലിയുടെ കീര്‍ത്തി വ്യാപിച്ചത്. ലങ്കയില്‍നിന്നും യദ്ധംജയിച്ചു മടങ്ങവേ ശ്രീരാമന്‍ പിതാവായ ദശരഥനുവേണ്ടി തിരുനെല്ലിയില്‍ കര്‍മ്മങ്ങള്‍ ചെയ്‌തുവെന്നും അതുമുതല്‍ക്കാണ് മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്കുവേണ്ടി കര്‍മ്മങ്ങള്‍ചെയ്യാന്‍ ആളുകള്‍ ഇവിടെ വന്നുതുടങ്ങിയതെന്നുമാണ് ഐതിഹ്യം. അമ്മയെ കൊല്ലേണ്ടിവന്ന പരശുരാമന്‍ പല പുണ്യനദികളിലും കൈകഴുകിയെന്നും അതിലൊന്നും പാപമുക്തി ലഭിക്കാതായപ്പോള്‍ പാപനാശിനിയില്‍ വന്ന് രക്തക്കറ കഴുകി പാപമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.
കുളികഴിഞ്ഞ് ഞങ്ങള്‍ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു. കാടിനുള്ളിലെ രണ്ടോമൂന്നോ ആദിവാസിവീടുകളല്ലാതെ, പഞ്ചതീര്‍ത്ഥംവരെ നീളുന്ന ആ കാട്ടുവഴിയില്‍ മറ്റാരെയും കണ്ടില്ല.
പഞ്ചതീര്‍ത്ഥത്തിനു നടുവില്‍ ഒരു പാറയുണ്ട്; പാറയിലേക്ക് നടന്നുകയറാന്‍ ഒരു ചെറിയ കരിങ്കല്‍പാലവും. ഈ പാറയില്‍ ശ്രീരാമന്‍റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനെന്നപോലെ പാറമേലുള്ള കാല്‍പാടുകളില്‍ ആളുകള്‍ പൂവും പ്രസാദവും നിവേദിക്കുന്നു. പഞ്ചതീര്‍ത്ഥത്തിന് അല്‌പമകലെയായി ഒരു ഗുഹാക്ഷേത്രമുണ്ട്. ഗുഹാമുഖത്തുനിന്ന് അകത്തേക്കു നോക്കിയപ്പോള്‍ വല്ലാത്ത ഇരുട്ട്. ഒരുഭാഗത്ത് കത്തുന്ന നിലവിളക്കുണ്ട്. ഗുഹയില്‍ ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.
വൃദ്ധരായവര്‍പോലും ശാരീരികക്ലേശങ്ങള്‍ മറന്ന് ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുന്നു.
ഓരോ പടിയിലും ചന്ദനംതേച്ച്, ശരണമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് എണ്‍പതുകഴിഞ്ഞൊരു മുത്തശ്ശി കൊച്ചുമകളുടെ കൈയുംപിടിച്ച് മുമ്പേ നടക്കുന്നു. പടികളില്‍ അത് നിര്‍മ്മിച്ചു സമര്‍പ്പിച്ചവരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. പടികള്‍ കയറി മുകളിലെത്തിയാല്‍ ക്ഷേത്രമായി. ക്ഷേത്രത്തിനപ്പുറത്തായി പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന ബ്രഹ്മഗിരിമലനിരകളും അങ്ങുദൂരെ മലയുടെ ഉച്ചിയിലുള്ള നിരീക്ഷണഗോപുരവും കാണാം. ക്ഷേത്രത്തിനുചുറ്റും വലിയ കരിങ്കല്‍പാളികള്‍ പാകിയിട്ടുണ്ട്. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലത്തെ വലംവയ്‌ക്കുമ്പോള്‍ പണി പാതിയില്‍ നിറുത്തിയതുപോലെ തോന്നിക്കുന്ന കുറേ കല്‍ത്തൂണുകള്‍ കണ്ടു.
മറ്റൊരു രസകരമായ കാഴ്‌ചയാണ് ക്ഷേത്രത്തിലെ പൂജയ്‌ക്ക് വെള്ളം കൊണ്ടുവരുന്ന കല്‍പാത്തി. ബ്രഹ്മഗിരിയിലെ ഏതോ നീരുറവയുടെ ചുവട്ടില്‍നിന്നാണ് ഈ കല്‍പാത്തിയുടെ തുടക്കം.
എന്നാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നതിന് കൃത്യമായ രേഖകളൊന്നും ഉള്ളതായി അറിവില്ല. വ്യാസപുരാണങ്ങളില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടത്രെ. ചേരരാജാവായ ഭാസ്‌കര രവിവര്‍മ്മന്‍റെ കാലത്ത് (സി.ഇ.962-1019) ഇതൊരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്‍റെ ചരിത്രം കാസര്‍കോട് ജില്ലയിലെ കുംബ്ലരാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാടിലെയും കൂര്‍ഗിലെയും രാജാക്കന്മാരുമായും ബന്ധപ്പെട്ടുകിടക്കുന്നു.
ബ്രഹ്മാവാണ് തിരുനെല്ലിക്ഷേത്രം നിര്‍മ്മിച്ച് മഹാവിഷ്‌ണുവിന് സമര്‍പ്പിച്ചതെന്നും ബ്രഹ്മാവിന്‍റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് ചുറ്റുമള്ള മലകള്‍ക്ക് ബ്രഹ്മഗിരി എന്ന് പേരുണ്ടായതെന്നുമാണ് ഐതിഹ്യം. കര്‍ണ്ണാടകത്തിന്‍റെ അതിര്‍ത്തിയില്‍ കമ്പമല, കരിമല, വരഡിഗമലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലിക്ഷേത്രത്തിന് സഹ്യമലക്ഷേത്രം എന്നും പേരുണ്ട്. മുപ്പത് കരിങ്കല്‍ത്തൂണുകളാല്‍ താങ്ങിനിറുത്തിയിരിക്കുന്ന ക്ഷേത്രം പരമ്പരാഗത കേരളാ-ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വാസ്‌തുവിദ്യാ വിസ്‌മയമാണ്.
ചതുര്‍ഭുജാകൃതിയിലാണ് ഇതിന്‍റെ നിര്‍മ്മിതി. വലിയ കരിങ്കല്‍പാളികള്‍ പാകിയതാണ് ക്ഷേത്രത്തറ. പ്രധാന പ്രതിഷ്‌ഠ പരമാത്മാവായ മഹാവിഷ്‌ണുവാണ്. സമീപത്തുള്ള ഗുഹയില്‍ പരമശിവന്‍റെ ജ്യോതിര്‍ലിംഗപ്രതിഷ്‌ഠയുണ്ട്. ദക്ഷിണകാശി, ദക്ഷിണഗയ എന്നൊക്കെ അറിയപ്പെടുന്നതും ഈ ക്ഷേത്രം തന്നെ. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കര്‍ക്കിടകവാവുബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. കൂടാതെ, ഏപ്രില്‍മാസത്തില്‍ രണ്ടുദിവസത്തെ വാര്‍ഷികോത്സവവുമുണ്ട്.