Friday, 22 March 2019

Interview -ഭാരതീയകലകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേമം പുഷ്‌പരാജ്

                         
      കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍, ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി ആന്റ്‌ നേമം ആര്‍ട്ട്‌ ഗ്യാലറിയുടെ സ്ഥാപകന്‍, നിരവധി സിനിമകളുടെ കലാസംവിധായകന്‍ തുടങ്ങി കലാസാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ. നേമം പുഷ്‌പരാജ്‌ സാറ്‌, ലളിതകല അക്കാദമിയുടെയും സ്വന്തം സ്ഥാപനത്തിന്‍റെയും നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പുഞ്ചിരി മായാത്ത മുഖവുമായി തന്‍റെ കലാജീവിതവും അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണിവിടെ. 
തയാറാക്കിയത്‌ എസ്‌ സരോജം

(A MAN PAINTS WITH HIS BRAINS AND NOT WITH HIS HANDS എന്ന മൈക്കലാഞ്ചലൊയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു നേമം ആര്‍ട്ട്‌ ഗ്യാലറിയിലെ ചിത്രങ്ങളോരോന്നും. പദവിയുടെ തലക്കനമില്ലാതെ, നിറഞ്ഞ ചിരിയുമായി സ്വാഗതംചെയ്‌ത്‌, ഗ്യാലറിയിലെ ചിത്രങ്ങളെയും ശില്‍പങ്ങളെയും പരിചയപ്പെടുത്തിയത്‌ നേമം പുഷ്‌പരാജ്‌ എന്ന അനുഗ്രഹീത കലാകാരന്‍ തന്നെ. അദ്ദേഹത്തിന്‍റെ അഹംബോധമില്ലാത്ത വാക്കുകളും വിനയാന്വിതമായ പെരുമാറ്റവും ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന്‌ മനസ്സിലാക്കിത്തന്നു. ``ചിത്രകാരന്‍ അഹംബോധം വെടിഞ്ഞ്‌ ചിത്രത്തില്‍ പൂര്‍ണ്ണമായും നിമഗ്നനാവുമ്പോള്‍ അവന്‍ മഹത്തായ കലാസൃഷ്‌ടികള്‍ നടത്തും'' എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാവുന്നു കാനായി കുഞ്ഞിരാമന്‍ സാറും ബി.ഡി.ദത്തന്‍ സാറുമാണ്‌ ആര്‍ട്ട്‌ ഗ്യാലറി ഉത്‌ഘാടനം ചെയ്‌തത്‌. ഒപ്പംതന്നെ മുകളിലത്തെ നിലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടുമുണ്ട്‌. ചിത്രരചനയിലും ശില്‍പരചനയിലുമാണ്‌ ആദ്യം ക്ലാസ്സുകള്‍ തുടങ്ങിയത്‌. ക്രമേണ, ആളുകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ സംഗീതം, നൃത്തം, ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്‌, ഡാന്‍സ്‌ എല്ലാം തുടങ്ങി. ഞായര്‍, ശനി ദിവസങ്ങളില്‍ കുട്ടികളുടെ തിരക്കാണിവിടെ. ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകരാണ്‌ ക്ലാസ്സെടുക്കുന്നത്‌. രാഷ്‌ട്രപതിയുടെ അവാര്‍ഡ്‌ നേടിയ ജി.സുലക്ഷ്‌മിയാണ്‌ സംഗീതം പഠിപ്പിക്കുന്നത്‌. കലാമണ്‌ഡലം ഗിരിജയാണ്‌ നൃത്തം പഠിപ്പിക്കുന്നത്‌. പ്രശസ്‌തചിത്രകാരനായ രവീന്ദ്രന്‍ പുത്തൂരും മോഹനനുമാണ്‌ ചിത്രരചന പഠിപ്പിക്കുന്നത്‌, രാജീവ്‌ രാജേന്ദ്രപ്രസാദാണ്‌ കീബോഡ്‌ പഠിപ്പിക്കുന്നത്‌.)

* ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി എന്ന സ്ഥാപനം തുടങ്ങാനുണ്ടായ പ്രത്യേകസാഹചര്യം, അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്‌?
കഴിഞ്ഞതിന്‍റെ മുമ്പിലത്തെ വര്‍ഷമാണ്‌ ഞാന്‍ സ്റ്റേറ്റ്‌ എന്‍സൈക്ലോപീഡിയയില്‍നിന്നും റിട്ടയര്‍ചെയ്‌തത്‌. അപ്പൊ സ്വന്തമായി ഒരു താവളം വേണം എന്നൊരു തോന്നലുണ്ടായി. പ്രധാനമായിട്ട്‌ എന്‍റെ കലാപ്രവര്‍ത്തനത്തിന്‌ സ്വതന്ത്രമായ ഒരിടം, ഇരുന്ന്‌ വരയ്‌ക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഒരു സ്ഥിരംവേദി വേണം എന്നൊക്കെയുള്ള ചിന്തയില്‍നിന്നാണ്‌ ഈ സ്ഥാപനത്തിന്‍റെ തുടക്കം. ഇപ്പൊ ഒരുവര്‍ഷം കഴിഞ്ഞു. 
* അക്കാദമി എന്നു പേരുകൊടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
കാന്‍വാസ്‌ കാമ്പസ്‌ എന്നാണ്‌ ഞാന്‍ പേരുകൊടുത്തിരുന്നത്‌. എന്‍റെ ഒരടുത്ത സുഹൃത്താണ്‌ പ്രിയന്‍റെ കിലുക്കം തുടങ്ങിയ പടങ്ങളൊക്കെ ചെയ്‌ത എസ്‌.കുമാര്‍. കുമാറിവിടെ വന്നപ്പൊ പറഞ്ഞതാണ്‌ കാന്‍വാസ്‌ കാമ്പസ്‌ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടല്ലെ, അക്കാദമി എന്നങ്ങിട്ടാ പോരേ എന്ന്‌. അങ്ങനെയാണ്‌ ഇന്ത്യന്‍ ആര്‍ട്ടിന്‍റെ ഒരു അക്കാദമിയായിക്കോട്ടെ എന്നു തീരുമാനിച്ചത്‌. ഇനിയിത്‌ വിപുലീകരിക്കണം. ഇന്ത്യന്‍ ആര്‍ട്ട്‌ എന്നു പറയുമ്പൊ, കേരളത്തിന്‍റെ  മാത്രമല്ലാത്ത ആര്‍ട്ടുകളും കൊണ്ടുവരണമെന്ന്‌ ആഗ്രഹമുണ്ട്‌. ചിത്രകലയിലായാലും രാജസ്ഥാനി പെയിന്റിംഗുണ്ട്‌, പഞ്ചാബിപെയിന്റിംഗുണ്ട്‌, കേരളത്തിനറിയാത്ത പലതുമുണ്ട്‌. കേരളത്തില്‍ അതൊക്കെ ചെയ്യുന്ന ആള്‍ക്കാരുമുണ്ട്‌. അപ്പൊപ്പിന്നെ കേരളത്തിന്‍റെതുമാത്രമായി ചുരുക്കേണ്ടതില്ല. ഭാവിയില്‍ അതൊക്കെ ഇവിടെയും തുടങ്ങണം. ഇപ്പൊ ലളിതകല അക്കാദമിയുടെ ചുമതലകൂടി വന്നപ്പൊ ഇവിടെ ഉദ്ദേശിച്ചപോലൊക്കെ നടക്കുന്നില്ല.
* ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാന്‍ വെള്ളായണി എന്ന സ്ഥലം തെരഞ്ഞെടുക്കാനുണ്ടായ പ്രചോദനം?
വെള്ളായണിയിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. വീട്‌ അല്‍പം ഉള്ളിലോട്ടുമാറി ശാന്തിവിളയിലാണ്‌. ഈ ജംഗ്‌ഷനിലാണ്‌ എന്‍റെ കുട്ടിക്കാലത്ത്‌ ഞാന്‍ സ്‌കൂളില്‍പോകാന്‍ വരുന്നത്‌. ഇവിടെ 23 വര്‍ഷങ്ങളോളം പഞ്ചായത്തുപ്രസിഡന്റായിരുന്ന ഒരാളുണ്ട്‌, ഷാഹുല്‍ ഹമീദ്‌. അദ്ദേഹത്തിന്‍റെ  മകന്‍ റഹിം എന്‍റെ ക്ലാസ്‌മെറ്റായിരുന്നു. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെപ്പോലുള്ള ഒരു വ്യക്തിത്വമായിരുന്നു ഷാഹുല്‍ ഹമീദ്‌. ഏറ്റവും വേണ്ടപ്പെട്ടവരുടെ കാര്യത്തിനായാല്‍പോലും ആരുടെയുമടുത്തഅന്യായമായൊരു ശുപാര്‍ശയ്‌ക്കു പോവുകയോ അനീതിക്കു കൂട്ടുനില്‍ക്കുകയോ ചെയ്‌തിട്ടില്ല. സത്യം പറഞ്ഞാല്‍, എന്റെ രാഷ്‌ട്രീയമനോഭാവം വളരുന്നത്‌ ആ വീട്ടില്‍നിന്നായിരുന്നു. അദ്ദേഹമാണെന്നെ രാഷ്‌ട്രീയത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുമ്പൊ, ഞങ്ങള്‍ ട്യൂബ്‌ ലൈറ്റ്‌ കെട്ടാനുംമറ്റും പോവുമ്പൊ, പ്രായത്തിന്‍റെ അവശതകള്‍പോലും മറന്ന് കട്ടന്‍കാപ്പിയുമായി അദ്ദേഹവും ഞങ്ങളുടെ കൂടെ വന്നിരുന്നു. ആ ഒരു ബാക്‌ഗ്രൗണ്ടില്‍നിന്നു വളര്‍ന്നുവന്ന ഞാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക്‌ തിരിച്ചെന്തെങ്കിലും കൊടുക്കണ്ടേ, നാട്ടിലെ വരുംതലമുറയ്‌ക്ക്‌ പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യണ്ടേ, അതുംകൂടെ ഉദ്ദേശിച്ചാണ്‌ ഈ സ്ഥാപനം തുടങ്ങിയത്‌.

* വരയിലേക്ക്‌ വരാനുണ്ടായ സാഹചര്യം, ചിത്രകലാപഠനം എന്നിവ വിശദീകരിക്കാമോ?
വരയ്‌ക്കുമെന്നൊരു വിശ്വാസംവരുന്നത്‌ അഞ്ചാംക്ലാസില്‍ പഠിക്കുമ്പൊഴാണ്‌. അന്ന്‌ എന്നെക്കാളും നന്നായി വരയ്‌ക്കുന്ന ശരത്‌ചന്ദ്രനെന്നൊരു സുഹൃത്തുണ്ടായിരുന്നു എന്‍റെ ക്ലാസില്‍. അയാളുടെ അച്ഛനാണ്‌ ഞങ്ങളെ കണക്ക്‌ പഠിപ്പിച്ചിരുന്ന കൃഷ്‌ണപിള്ള സാറ്‌. അദ്ദേഹമാണ്‌ ഞങ്ങളെ രണ്ടുപേരെയും ജില്ലാതലമത്സരത്തിനു കൊണ്ടുപോയത്‌. എന്‍റെ വീട്ടില്‍നിന്ന്‌ വലിയ പ്രോത്സാഹനമൊന്നും ഉണ്ടായിരുന്നില്ല. മത്സരത്തില്‍ ശരത്‌ചന്ദ്രന്‍ തോറ്റുപോയി, എനിക്കായിരുന്നു ഫസ്റ്റ്‌. പിന്നെ ടാഗൂര്‍തിയേറ്ററില്‍ സംസ്ഥാനതല മത്സരത്തിന്‌ കൃഷ്‌ണപിള്ള സാറ്‌ സ്വന്തം പോക്കറ്റീന്ന്‌ കാശും ചെലവാക്കി, മകനെപ്പോലെയാണ്‌ എന്നെ കൊണ്ടുപോയത്‌. അതിലും ഞാന്‍ ഒന്നാമതെത്തി. അതിനുശേഷമാണ്‌ മറ്റ്‌ അദ്ധ്യാപകരൊക്കെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്‌. സ്‌കൂളില്‍ കൈയെഴുത്തുമാസികയ്‌ക്കുവേണ്ടി വരച്ചുതുടങ്ങി. പിന്നെ പാര്‍ട്ടിക്കുവേണ്ടി വരയ്‌ക്കാനും പോസ്റ്റര്‍ ചെയ്യാനും തുടങ്ങി. അന്ന്‌ ഇന്നത്തെപ്പോലെ ഫ്‌ളക്‌സില്ലല്ലൊ. ഞാനൊരു ചിത്രം വരച്ചിട്ടാണ്‌ അടിക്കുറിപ്പെഴുതുന്നത്‌. പാര്‍ട്ടിയുമായുള്ള ബന്ധമാണ്‌ കൂടുതല്‍ ആത്മവിശ്വാസം തന്നത്‌. സംസ്‌കൃതകോളേജില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ചിത്രരചനയില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്‌. കോളേജ്‌ മാഗസിന്‍റെ മുഖചിത്രം ചെയ്‌തത്‌ ഞാനായിരുന്നു. ശൂരനാട്ട്‌ കുഞ്ഞന്‍പിള്ള സാറായിരുന്നു ഉത്‌ഘാടകന്‍. അദ്ദേഹം മുഖചിത്രം നോക്കിയിട്ട്‌ ആരായിത്‌ വരച്ചതെന്ന്‌ മലയാളം അദ്ധ്യാപകനായ ചന്ദ്രമോഹന്‍ സാറിനോട്‌ ചോദിച്ചു. ഇവിടത്തെ ഒരു സ്റ്റുഡന്റാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആ കുട്ടിയെ എനിക്ക്‌ കാണണമെന്ന്‌ കുഞ്ഞന്‍പിള്ള സാറ്‌ പറഞ്ഞപ്പൊ കൂട്ടുകാരെല്ലാരുംകൂടെ പുറകിലിരുന്ന എന്നെ പൊക്കിയെടുത്ത്‌ അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവച്ചു. അദ്ദേഹം തനിക്കു കിട്ടിയ ബൊക്കെ എനിക്കു സമ്മാനിച്ചു. അതാണ്‌ എനിക്കു കിട്ടിയ ആദ്യത്തെ അവാര്‍ഡ്‌. ചന്ദ്രമോഹന്‍ സാറിന്‍റെ  നിര്‍ദ്ദേശമനുസരിച്ചാണ്‌ ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ ഡിഗ്രികോഴിസിനു ചേരുന്നത്‌. പഠിക്കുന്ന കാലത്തുതന്നെ കേരളകൗമുദി, സണ്ടെ സപ്ലിമെന്റ്‌, കേരളപത്രിക, മാത്യുവെല്ലൂരിന്‍റെ  മനശ്ശാസ്‌ത്രം മാസിക എന്നിവയിലൊക്കെ വരയ്‌ക്കുകയും ചെയ്‌തിരുന്നു.

* ചിത്രകലാരംഗത്ത്‌ നേമം പുഷ്‌പരാജ്‌ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന പ്രത്യേകതയെന്താണ്‌?
മനസിനെ അഗാധമായി സ്‌പര്‍ശിക്കാത്ത യാതൊന്നും ഞാന്‍ ചിത്രരചനയ്‌ക്ക്‌ വിഷയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എന്‍റെ  ചിത്രങ്ങളില്‍ പലതും പക്ക പൊളിറ്റിക്‌സാണ്‌. ഞാനൊക്കെ പഠിക്കുന്നകാലത്ത്‌ രാഷ്‌ട്രീയരംഗം വല്ലാതെ കലുഷിതമായിരുന്നല്ലൊ, അടിയന്തിരവസ്ഥയും മറ്റും. എഴുപത്തഞ്ച്‌ - എണ്‍പത്‌ കാലഘട്ടം കലയിലും സാഹിത്യത്തിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്ന കാലം, കാനായിസാറ്‌ ശില്‍പകലയില്‍ തനതായ പാത വെട്ടിത്തുറന്ന കാലം. രാഷ്‌ട്രീയവിഷയങ്ങളില്‍ അഗാധമായി ചിന്തിക്കുകയും പരിശുദ്ധമായ രാഷ്‌ട്രീയമുണ്ടാവണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍. അഴിമതിയുടെയും അക്രമത്തിന്‍റെയും പ്രധാന സ്വിച്ച്‌ രാഷ്‌ട്രീയക്കാരുടെ കൈകളിലാണല്ലൊ. അവരുടെ ചെറിയൊരനീതി പോലും എന്നെ വല്ലാതെ അസ്വസ്ഥനാക്കും. അതൊക്കെ എന്‍റെ  ചിത്രങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു വിഷയം ആവര്‍ത്തിക്കുകയോ ഏതെങ്കിലും ഒരാര്‍ട്ടിസ്റ്റിന്‍റെ  ഒരു വരയെങ്കിലും അനുകരിക്കുകയോ ചെയ്‌തിട്ടില്ല. എന്‍റെതായ ശൈലിയില്‍മാത്രമേ ഞാന്‍ വരച്ചിട്ടുള്ളു. അതുകൊണ്ട്‌ ഓരോ ചിത്രത്തിനും തീര്‍ച്ചയായും എന്‍റെതായ ഐഡന്റിറ്റിയുണ്ടാവും. ചിത്രങ്ങള്‍ ചോരയും നീരുമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്‌, അവയുടേതായ ഭാഷയില്‍ അവ സംസാരിച്ചുകൊണ്ടേയിരിക്കും.

* എങ്ങനെയാണ്‌ സിനിമാരംഗത്തെത്തിയത്‌?
സോവിയറ്റ്‌ കള്‍ച്ചറല്‍ സെന്ററില്‍ എന്‍റെ  ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനം നടത്തുന്ന സമയത്ത്‌ തികച്ചും യാദൃശ്ചികമായി പി.എ.ബക്കറിനെ പരിചയപ്പെടാനിടയായി. അദ്ദേഹവും ചിന്ത രവിയുംകൂടി പ്രദര്‍ശനം കാണാന്‍ വന്നതാണ്‌. അവിടെവച്ചുതന്നെ ഞങ്ങള്‍ മാനസികമായി അടുത്തു. പിന്നീട്‌, പിരപ്പന്‍കോട്‌ മുരളിസാറ്‌ സഖാവ്‌ സിനിമയ്‌ക്ക്‌ തിരക്കഥയെഴുതുന്ന സമയത്ത്‌ ടൈറ്റിലെഴുതാനും മറ്റുമായി എന്നെയുംകൂട്ടി അദ്ദേഹം ബക്കര്‍ജിയുടെ അടുത്തുചെന്നു. അങ്ങനെ ബക്കര്‍ജിയുമായി കൂടുതല്‍ അടുക്കുകയും അദ്ദേഹത്തിന്‍റെ  സിനിമകളില്‍ ടൈറ്റിലെഴുതാന്‍ അവസരം കിട്ടുകയും ചെയ്‌തു. തികച്ചും യാദൃശ്ചികമായിട്ടാണ്‌ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്യാനുള്ള അവസരം വന്നുപെട്ടത്‌. അയ്യപ്പന്‍ എന്നൊരു ആര്‍ട്ടിസ്റ്റായിരുന്നു ബക്കര്‍ജിയുടെ സിനിമകളില്‍ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്‌തിരുന്നത്‌. അദ്ദേഹത്തിന്‌ എന്തോ അസൗകര്യം വന്ന സമയത്ത്‌ ആ പണി ബക്കര്‍ജി എന്നെ ഏല്‍പിച്ചു. ഷൂട്ടിംഗ്‌ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ബക്കര്‍ജി പറഞ്ഞുതന്നതുപോലൊക്കെ ചെയ്‌തു. പി.കൃഷ്‌ണപിള്ളയെക്കുറിച്ചുള്ള സിനിമയ്‌ക്കുവേണ്ടി ചെയ്‌ത ആ സെറ്റ്‌ എല്ലാര്‍ക്കും ഇഷ്‌ടപ്പെട്ടു. ഇ.എം.എസായിരുന്നു ഉത്‌ഘാടനത്തിനെത്തിയത്‌. ബക്കര്‍ജി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരനുഭവമായിരുന്നു അത്‌..
* ആര്‍ട്ട്‌ ഡയറക്‌ടര്‍, സംവിധായകന്‍, നടന്‍ എന്നീ വ്യത്യസ്‌ത മേഖലകളിലെ അനുഭവം പങ്കുവയ്‌ക്കാമോ?
ഡിഗ്രികഴിഞ്ഞ ഉടനെ എനിക്ക്‌ സര്‍ക്കാര്‍ജോലി കിട്ടി, എന്‍സൈക്ലോപീഡിയയില്‍. അവിടെനിന്ന്‌ പത്തുവര്‍ഷത്തെ ലീവെടുത്തിട്ടാണ്‌ ജയരാജിന്‍റെ  കമേര്‍ഷ്യല്‍ സിനിമകളിലും മറ്റും ജോലിചെയ്‌തത്‌. ഞാന്‍ കലാസംവിധാനംചെയ്‌ത അയലത്തെ അദ്ദേഹം നല്ല ഹിറ്റായി. സിനിമാരംഗത്തുള്ള ഒരു പ്രത്യേകത ഏതെങ്കിലുമൊരു പടം ഹിറ്റായാല്‍ അതിന്റെ ആര്‍ട്ട്‌ ഡയറക്‌ടര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ നല്ല ഡിമാന്റായിരിക്കും. ചെപ്പടിവിദ്യ (മോനിഷ മരിച്ച ചിത്രം), ജയരാജിന്‍റെ  പൈതൃകം, സോപാനം, എം.ടിയുടെ സുകൃതം തുടങ്ങി എണ്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വ്വഹിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്‌. അഭിനയത്തില്‍ എനിക്ക്‌ താത്‌പര്യമുണ്ടായിട്ടല്ല, അത്‌ യാദൃശ്ചികമായി വന്നുപെട്ടതാണ്‌, ഹൈവേയിലെ സയന്റിസ്റ്റ്‌, മാണിക്കക്കൊട്ടാരത്തിലെ ഡോക്‌ടര്‍ തുടങ്ങി നാലുചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. മൂന്നു സിനിമകള്‍ സംവിധാനംചെയ്‌തു; ഗൗരീശങ്കരം, ബനാറസ്‌, കുക്കിലിയാര്‍. കാവ്യാമാധവനും ദിലീപും നവ്യാനായരുമൊക്കെ അഭിനയിച്ച ബനാറസ്‌ തിയേറ്ററുകളിലൊക്കെ നന്നായി ഓടിയ പടമാണ്‌. ഇവകൂടാതെ ഡോക്കുമെന്ററികള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.
* സിനിമാരംഗത്ത്‌ പുതുതായി വരുന്നവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടെന്നാണല്ലൊ കേട്ടിട്ടുള്ളത്‌. ആറുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും നല്ല കലാസംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള താങ്കളുടെ അനുഭവത്തില്‍ അതെത്രത്തോളം ശരിയാണ്‌?
സിനിമയില്‍ ഒരുപാട്‌ ഗ്രൂപ്പിസമുണ്ട്‌, ജാതിയുണ്ട്‌, പാരവയ്‌പുണ്ട്‌ എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍ എനിക്കിതൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല. നടീനടന്മാരുമായിട്ട്‌ ആവശ്യമില്ലാതെ വര്‍ത്തമാനം പറയാനോ അവരുമായിട്ട്‌ ഫോട്ടൊയെടുക്കാനോ ഒന്നിനും ഞാന്‍ പോയിട്ടുമില്ല. അത്യാവശ്യം ചില ബന്ധങ്ങളുണ്ടെന്നുമാത്രം. ആരെങ്കിലും എന്നോട്‌ മോശമായി പെരുമാറുകയോ എനിക്കിട്ടു പാരവയ്‌ക്കുകയോ എന്‍റെ  ഒരു വര്‍ക്ക്‌ തട്ടിക്കൊണ്ടുപോവുകയോ കാശുതരാതിരിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. എനിക്കു തോന്നുന്നത്‌ നമ്മള്‍ നമ്മുടെ ജോലി കൃത്യമായി ചെയ്‌താല്‍ അവസരങ്ങള്‍ നമ്മെ അന്വേഷിച്ചുവരും എന്നാണ്‌. എന്നെ ആര്‍ട്ട്‌ ഡയറക്ഷന്‌ വിളിച്ചിട്ടുള്ള പ്രൊഡ്യൂസര്‍മാര്‍ നിര്‍ബന്ധമായും എന്നെ വീണ്ടും വിളിച്ചിട്ടുണ്ട്‌. എനിക്ക്‌ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്‌ എന്നതാണ്‌ വാസ്‌തവം. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച, എന്‍റെയൊരു പുസ്‌തകം പ്രകാശനംചെയ്‌ത സന്ദര്‍ഭത്തില്‍ നെടുമുടിവേണുച്ചേട്ടന്‍ പറഞ്ഞത്‌ പുഷ്‌പരാജ്‌ തന്‍റെ  ജോലിയില്‍മാത്രം ശ്രദ്ധിച്ച്‌, ഓരോന്നും ശരിയാണോയെന്ന്‌ നിശബ്‌ദം നോക്കിനടക്കുന്ന ഒരാളായിട്ടാണ്‌ കണ്ടിട്ടുള്ളത്‌ എന്നാണ്‌. അത്‌ ശരിയുമാണ്‌. ഞാന്‍ എന്‍റെ  ജോലിയുമായി അത്രത്തോളം മുഴുകിയിരിക്കും. അര്‍പ്പണബുദ്ധിയോടെയുള്ള ജോലി വിജയിക്കും, തീര്‍ച്ചയായും അത്‌ അംഗീകരിക്കപ്പെടും എന്നുതന്നെയാണ്‌ എന്‍റെ  അനുഭവം. 
* ആര്‍ട്ട്‌ ഡയറക്ഷന്‍ എന്നു പറയുന്നത്‌ , ഒരുപക്ഷേ അഭിനയത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധയും അദ്ധ്വാനവും ആവശ്യമായ പണിയാണ്‌, അല്ലെ?
തീര്‍ച്ചയായും ആര്‍ട്ട്‌ ഡയറക്ഷന്‍ വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്‌. സിനിമയെന്നു പറയുന്നത്‌ യഥാര്‍ത്ഥമെന്ന്‌ തോന്നിപ്പിക്കുന്ന ഒരു കലയാണ്‌. അങ്ങനെ തോന്നിപ്പിക്കണമെങ്കില്‍ ഓരോ സെറ്റും അത്രത്തോളം തന്മയത്വമുള്ളതാവണം. ഒരു മുറിയോ ഫ്‌ളാറ്റോ ഗ്രൗണ്ടോ എന്തായാലും അവിടെ ഉണ്ടായിരിക്കേണ്ടതെല്ലാം കൃത്യമായി ഒരുക്കണം. സ്റ്റണ്ടുരംഗമാണെങ്കില്‍ ഡമ്മിയുണ്ടാക്കിവയ്‌ക്കണം. ആന ഒരാളെ ചവിട്ടിക്കൊല്ലുന്ന രംഗമാണെങ്കില്‍ ആന ചിന്നംവിളിച്ചുകൊണ്ട്‌ ഓടിവരുന്നതും ചവിട്ടാന്‍ കാലുപൊക്കുന്നതുമൊക്കെ ഒറിജിനലായിട്ടെടുക്കും. ആളിന്‍റെ  പുറത്തു വന്നുവീഴുന്ന കാല്‌ സ്‌പോഞ്ചുകൊണ്ടുണ്ടാക്കിയതായിരിക്കും. ഒരാള്‍ ഒരു മരക്കൊമ്പ്‌ വലിച്ചൊടിച്ച്‌ അടിക്കുന്ന സീനാണെങ്കില്‍ അതേപോലൊരു മരക്കൊമ്പ്‌ കൃത്രിമമായി ഉണ്ടാക്കിവയ്‌ക്കണം ഒറിജിനലാണെന്ന്‌ തോന്നിപ്പിക്കുന്ന മെറ്റീരിയലുകള്‍ കൊണ്ട്‌. ഇതൊക്കെ ഉണ്ടാക്കണമെങ്കില്‍ നല്ല ജോലിയുണ്ട്‌. കുറഞ്ഞത്‌ അഞ്ചോ ആറോ അസിസ്റ്റന്റുമാരെങ്കിലും ഓരോ സിനിമയിലും ആര്‍ട്ട്‌ ഡയറക്‌ടറെ സഹായിക്കാനുണ്ടാവും. ആനി അഭിനയിച്ച രുദ്രാക്ഷം സിനിമ ചെയ്‌തപ്പൊ നാല്‍പതോളം അസിസ്റ്റന്റുമാരുണ്ടായിരുന്നു.
* ചിത്രരചനയ്‌ക്കുപുറമെ, പുസ്‌തകരചനയിലും കൈവച്ചിട്ടുണ്ടല്ലൊ.? 
രണ്ടു പുസ്‌തകങ്ങള്‍ - `കാനായി കുഞ്ഞിരാമന്‍, ബൃഹദാകാരങ്ങളുടെ ശില്‍പി', `രാജാ രവിവര്‍മ്മ, കലയും കാലവും ജീവിതവും'. കാനായിയെക്കുറിച്ചെഴുതിയ പുസ്‌തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും രവിവര്‍മ്മയെക്കുറിച്ചെഴുതിയതിന്‌ വേറെ ചില അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. കുറെ കവിതകളെഴുതിയിട്ടുണ്ടെങ്കിലും പുസ്‌തകമാക്കിയിട്ടില്ല.
* അങ്ങ്‌ ചെയര്‍മാന്‍ ആയതിനുശേഷം കേരള ലളിതകല അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണല്ലൊ. എന്തൊക്കെയാണ്‌ ആ സ്ഥാപനത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍? 
അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ചിത്രകലാക്യാമ്പില്‍ ഒരാര്‍ട്ടിസ്റ്റിനെ ഒരുതവണ പങ്കെടുപ്പിച്ചാല്‍ പിന്നെ ഒരുവര്‍ഷം കഴിഞ്ഞിട്ടേ വീണ്ടും ക്ഷണിക്കാവൂ എന്നൊരു നിഷ്‌കര്‍ഷവച്ചു. മുമ്പാണെങ്കില്‍ നല്ല റെമ്യൂണറേഷന്‍ കൊടുക്കുന്ന പരിപാടികള്‍ക്ക്‌ ഭാരവാഹികള്‍ക്കിഷ്‌ടമുള്ള ചിലര്‍ക്ക്‌ തുടര്‍ച്ചയായി അവസരം കിട്ടുകയും പുതിയ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ അവസരമില്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ പുതുമുഖങ്ങള്‍ക്കും അര്‍ഹതയ്‌ക്കനുസരിച്ച്‌ അവസരം കൊടുക്കുന്നുണ്ട്‌. ലളിതകലകളെക്കുറിച്ച്‌ പുതിയ അവബോധം ഉണ്ടാക്കുന്നതിന്‌ ഗ്യാലറികള്‍ കേന്ദ്രീകരിച്ച്‌, കലയുടെ ദര്‍ബാര്‍ എന്നൊരു ഏകദിന പ്രതിമാസപരിപാടി നടത്തുന്നണ്ട്‌. ആര്‍ട്ടിസ്റ്റുകളും നിരൂപകന്മാരും ചരിത്രകാരന്മാരും പൊതുജനങ്ങളുമൊക്കെ പങ്കെടുക്കുന്ന നല്ലൊരു പരിപാടിയാണത്‌. ആര്‍ട്ട്‌ അറ്റ്‌ ഹോം എന്നൊരു പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്‌, കുറഞ്ഞവിലയ്‌ക്ക്‌ ചിത്രങ്ങള്‍ സാധാരണക്കാര്‍ക്ക്‌ വില്‍ക്കുക, അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ ദൃശ്യസാക്ഷരതയുണ്ടാക്കുകയാണ്‌ അതിന്‍റെ  ഉദ്ദേശം. ഈ പ്രളയകാലത്ത്‌ പലജില്ലകളിലായി ചിത്രങ്ങള്‍ വിറ്റുകിട്ടിയ പതിനെട്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുക്കാന്‍പറ്റി. ചിത്രകാരന്മാര്‍ പ്രതിഫലം പറ്റാതെ വരച്ചുനല്‍കിയ ചിത്രങ്ങളാണ്‌ ആവകയില്‍ വിറ്റുപോയത്‌. സ്‌കൂളുകളില്‍ ഓരോ ഗ്രാനൈറ്റ്‌ ശില്‍പങ്ങള്‍ ചെയ്യുന്നതിനുള്ള പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ്‌ കോളേജിലെ കുട്ടികള്‍ക്ക്‌ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനുള്ള പരിപാടികളും ആലോചിക്കുന്നുണ്ട്‌.
* സാറിന്‍റെ  കുടുംബവിശേഷങ്ങള്‍?
ഭാര്യ ലതിക കെല്‍ട്രോണില്‍ ജോലിചെയ്യുന്നു. രണ്ടുമക്കള്‍.- അപര്‍ണ്ണാ രാജ്‌, ആര്യാ രാജ്‌. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയയാള്‍ പഠിക്കുന്നു.
പോസിറ്റീവ്‌ എനര്‍ജി പ്രദാനംചെയ്യുന്ന ആ ഹൃദ്യമായ സംഭാഷണം പെട്ടെന്നു തീര്‍ന്നുപോയതുപോലെ തോന്നി ആ മഹത്തായ കലാകേന്ദ്രത്തിന്‍റെ പടിയിറങ്ങുമ്പോള്‍.