`ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി;
കടലിലും കൊള്ളില്ലതിന്‍റെ കണ്ണീര്‍'
എന്ന് എത്രയോ നേരത്തേ ഒരു കവി പറഞ്ഞുവച്ചിരിക്കുന്നു. അതിന്‍റെ നേര്‍സാക്ഷ്യമാവുന്ന ഒരു മനസ്സുമായി കാവ്യരംഗത്ത് വ്യാപരിക്കുന്ന ഒരു കവിയാണ് എസ്.സരോജം. സരോജത്തിന്‍റെ കവിതയ്‌ക്കും ഇണങ്ങും തുടക്കത്തില്‍ എഴുതിയ ആ വിശേഷണപദങ്ങള്‍. അത്രമേല്‍ സ്വച്ഛശുദ്ധവും സുതാര്യസുന്ദരവുമായ കവിതകളാണ് സരോജത്തില്‍നിന്നു മുമ്പുണ്ടായിട്ടുള്ളതും ഈ പുതിയ കൃതിയിലൂടെ അനുവാചകലോകത്തിന്‍റെ മുന്നിലെത്തുന്നതും. അതുകൊണ്ടുതന്നെ ഈ കാവ്യകൃതിയുമായി ഈവിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്കുള്ള സന്തോഷം ചെറുതല്ല.
`സോനമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്ന ഈ കാവ്യസമാഹാരത്തില്‍ ഛന്ദോബദ്ധമായ കവിതകളുണ്ട്; ഛന്ദോമുക്തമായ കവിതകളുമുണ്ട്. ഛന്ദോബദ്ധകവിതകള്‍ കൃത്യമായും രൂപസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുമ്പോള്‍ ഛന്ദോമുക്തകവിതകള്‍ ഭാവസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുന്നു. രണ്ടും ഒരേപോലെ കവിതയുടെ വെണ്ണപ്പാളി കണ്ടെടുത്ത് അനുഭൂതിസാന്ദ്രമായ സവിശേഷസംവേദനം സാദ്ധ്യമാക്കുന്നു. ഭാവസംക്രമണത്തിനും അര്‍ത്ഥസംക്രമണത്തിനും സമര്‍ത്ഥങ്ങളായ കല്‍പനകളുടെ സാന്നിദ്ധ്യം വായനാനുഭവത്തിനുശേഷവും മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു. ചില കല്‌പനകള്‍ അനുഭൂതികളുടെ പരാഗപ്രസരണംകൊണ്ട് ശ്രദ്ധേയം; മറ്റുചിലവ അനുഭവങ്ങളുടെ തീവ്രസംവേദനംകൊണ്ടു ശ്രദ്ധേയം.
ഈ കവിതകള്‍കൊണ്ട് സരോജം തന്‍റെ കാലത്തെ അളവുകോലാക്കി ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെയാകെ അളന്നുകുറിച്ചവതരിപ്പിക്കാന്‍ ശ്രമിക്കുന്നു; തന്‍റെ ലോകത്തെ മാനദണ്‌ഡമാക്കി സമസ്‌ത ലോകങ്ങളെയും വിലയിരുത്തിയവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. കാലത്തെയും ലോകത്തെയും അവയുമായി ബന്ധപ്പെട്ട അനുഭവസംഘാതങ്ങളെയും വര്‍ത്തമാനകാലത്തിനും വരുംകാലത്തിനുമായി പകര്‍ന്നുവയ്‌ക്കുക എന്നതുതന്നെയല്ലേ ആത്യന്തികമായ കവികര്‍മ്മം. അത് സരോജം സര്‍ഗ്ഗാത്മകമായ നിലയില്‍ ഏറ്റെടുത്തു സാഫല്യത്തിലെത്തിക്കുന്നു.
ശില്‌പഘടനയും ഭാവഘടനയും തമ്മിലുണ്ടാകേണ്ട സാത്‌മ്യമാണ് ഏതു കവിതയെയും അര്‍ത്ഥസംവേദനക്ഷമവും ഭാവസംക്രമണസമര്‍ത്ഥവുമാക്കുന്നത്. ഈ ശില്‌പഭാവപ്പൊരുത്തം ഗദ്യകവിതകളിലും ഒരുപോലെ തെളിഞ്ഞുനില്‌ക്കുന്നു ഈ സമാഹാരത്തിലാകെ.
``പ്രണയം തുടിക്കുന്ന ഹൃദയത്തില്‍
ദുഃഖസാഗരമൊളിച്ചുവച്ച്,
സ്വപ്‌നമുറങ്ങുന്ന കണ്ണുകളില്‍
സ്‌നേഹദീപം കൊളുത്തിവച്ച്,
മുത്തുപോലുള്ള പല്ലുകള്‍കാട്ടി
നീ ചിരിക്കുന്നു'' എന്ന് `നേരറിവ്' എന്ന കവിതയില്‍ ഗദ്യമെന്ന ഉപാധിയിലൂടെ സരോജം അതുവരെ അറിയാത്ത അനുഭൂതികളുടെ സൂക്ഷ്‌മതരമായ ഉന്മീലനത്തിന്‍റെ
ഉദാത്താവസ്ഥയിലേക്ക് സുമനസ്സുകളെ നയിക്കുന്നത് ശ്രദ്ധിക്കുക. ഈ കാവ്യഭാഗത്ത് കൃത്യമായ ഒരു പദവിന്യാസക്രമമുണ്ട്, ഭാവസ്‌പുരണ ദീപ്‌തിയുണ്ട്. ഗദ്യരചനയില്‍ ഇതുസാദ്ധ്യമാക്കുക എന്നത് തുലോം ദുഷ്‌കരമാണ്. വൃത്തനിബദ്ധ കവിതയിലാണെങ്കില്‍ വൃത്തത്തിന്‍റെ ചൊല്‍വഴക്കം ആന്തരികമായ പോരായ്‌മകള്‍ വല്ലതും ഉണ്ടെങ്കില്‍ത്തന്നെ നികത്തിക്കൊള്ളും. എന്നാല്‍ ഗദ്യത്തില്‍ അത്തരം കൈത്തുണയൊന്നും കൂട്ടുപോരില്ല. വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശില്‌പചാതുരി ഏതാണ്ട് കൈയടക്കമായിത്തന്നെ കിട്ടിയിട്ടുണ്ടെങ്കിലേ രക്ഷയുള്ളൂ. ആ കൈയടക്കം സരോജത്തിന് ഭാഷയുടെ അനുഗ്രഹമെന്നപോലെ കൈവന്നിരിക്കുന്നു എന്നു പറയാന്‍ ഏറെ സന്തോഷമുണ്ട്.
``ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാള്‍
ആ നിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ യാമങ്ങളേറെക്കഴിഞ്ഞുപോയ്
തോഴിയായ് പൊന്നിളം തെന്നല്‍മാത്രം'' എന്ന് കൃത്യമായും ഛന്ദോബദ്ധരീതിയില്‍ എഴുതുമ്പോഴാവട്ടെ, വൃത്തത്തിന്‍റെ സ്വച്ഛന്ദതയാര്‍ന്ന ആ ശയ്യാഗുണം മാത്രമല്ല, വാക്കുകള്‍ക്കിടയിലെ മൗനം വിടര്‍ത്തുന്ന ഭാവാത്മകതയുടെ മഴവില്ലു കൂടിയാണ് അനുവാചകഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നത്. ഗദ്യമോ പദ്യമോ എന്നതല്ല, എഴുതുന്നതില്‍ കവിതയുണ്ടോ എന്നതാണു കാര്യം. സരോജത്തിന്റെ മനസ്സ് കണ്ടെടുക്കുന്ന വാക്കുകള്‍ അവരുടെതന്നെ തൂലിക യോജിപ്പിച്ചെടുക്കുമ്പോള്‍ പുതിയ വാക്കുകളല്ല, നക്ഷത്രങ്ങള്‍തന്നെ ഉണ്ടാവുന്നുണ്ട്.
ഏതോ വിദൂരതീരത്തുനിന്നു തേടിയെത്തുന്നതും ആരാണെന്നോ, എന്താണെന്നോ പറയാനരുതാത്തതും ഭാവനയ്‌ക്കും വികാരവിചാരങ്ങള്‍ക്കും അപ്പുറത്തു നിലകൊള്ളുന്നതുമായ എന്തിനോടോ ഉള്ള പാരസ്‌പര്യത്തെ ഇതള്‍വിടര്‍ത്തി അതിവിശാലമായ സ്‌നേഹാനുഭവത്തിന്‍റെ അദൈ്വതഭാവം സൃഷ്‌ടിക്കുന്ന കവിതയാണ് `നേരറിവ്'. `നീയില്ലെങ്കില്‍ ഞാനുമില്ല' എന്ന അറിവിലടങ്ങുന്ന ദൈ്വതാതീത ഭാവം ഏകാത്മകതയുടെ നവാനുഭവം സൃഷ്‌ടിക്കുന്നത് വിസ്‌മയകരമായ രീതിയില്‍ത്തന്നെ.
വിതയുടെ അഭാവത്തില്‍ കവിത പതിരുകള്‍ക്കേ പിറവി നല്‍കൂ എന്ന് സരോജം കണ്ടെത്തുമ്പോള്‍ അനുഭവത്തിന്‍റെ അഭാവത്തില്‍ കവിതയുടെ ഉള്ളു പൊള്ളയായിപ്പോവുന്നു എന്ന സമകാലിക കാവ്യലോകത്തെ അനുഭവങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാവുന്നു അവരുടെ വാക്കുകള്‍.
ജലത്തില്‍ ലയിക്കാനാവാത്ത ശിലയുടെയും ശിലയെ അലിയിക്കാനാവാത്ത ജലത്തിന്‍റെയും ഇമേജുകള്‍കൊണ്ട് പ്രത്യക്ഷത്തിലെ പൊരുത്തങ്ങളുടെ പ്രച്ഛന്നതയിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നുണ്ട് ജലശില എന്ന കവിതയില്‍ . വൈരുദ്ധ്യങ്ങള്‍ക്കു മുഖാമുഖം പ്രതിഭ ചെന്നുനില്‍ക്കുന്ന വേളയിലാണ് ഉല്‍കൃഷ്‌ടങ്ങളായ കവിതകളുണ്ടാവുന്നതെന്ന് ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതല്‍ ഒ.എന്‍.വിയും സുഗതകുമാരിയും വരെ എത്രയോവട്ടം തെളിയിച്ചുതന്നു. അത്തരം തുടര്‍തെളിയിക്കലിന്റേതായ മുഹൂര്‍ത്ത പരമ്പരയ്‌ക്ക് അവസാനമില്ലെന്ന സത്യത്തിന്‍റെ പ്രകാശനം നിര്‍വ്വഹിക്കുന്നുണ്ട് `ജലശില'യിലൂടെ സരോജം.
പ്രണയമെന്ന സങ്കല്‍പത്തിന് കാലാന്തരത്തില്‍ വരുന്ന മാറ്റത്തെ ഇഴകീറി പരിശോധിക്കുന്നുണ്ട് `പ്രണയം' എന്ന കവിതയില്‍. കാമമെന്ന ശിലമേല്‍ പണിതുയര്‍ത്തുന്ന സങ്കല്‍പഗോപുരമാണ് പ്രണയമെന്ന കണ്ടെത്തലില്‍ പുതുമയുണ്ട്.
``ആവേശത്തിരയടങ്ങിയാല്‍
നൂറുനൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന'' എന്നുകൂടി ഈ കവി പ്രണയത്തെ നിര്‍വ്വചിക്കുന്നു. ``നിയമം നിറവേറ്റലെത്ര,യിദ്ദാമ്പത്യത്തില്‍
നയമെത്രയാ,ണഭിനയമെത്രയാണെന്നും'' എന്നു വൈലോപ്പിള്ളി നിര്‍വ്വചിച്ചതിന്‍റെ സൗന്ദര്യാത്മകവും നിശിതോഗ്രവുമായ തുടര്‍ച്ച എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നുണ്ട്. കാലാനുസൃതമായി പ്രണയം ഇങ്ങനെ പുതുവിധങ്ങളില്‍ നിര്‍വ്വചിക്കപ്പെടാം. വരുംകാലത്ത് `കാമം എന്നത് ഇത്ര വിമര്‍ശിക്കപ്പെടേണ്ട ഒന്നാണോ എന്ന് ഒരു പുതുകവി ചോദിച്ചെന്നുവരാം. വരുംകാലത്തേക്കുള്ള ചോദ്യങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ കൂടിയാണല്ലോ `കണ്ണിപൊട്ടാതെ കാക്കുന്ന' കവിത നിര്‍വ്വഹിക്കേണ്ട പല ധര്‍മ്മങ്ങളിലൊന്ന്. പ്രായം ശരീരത്തോടു ചെയ്യുന്നതിനെ ക്ഷേത്രഗണിതത്തിന്‍റെ പ്രകരണത്തില്‍ `ശരീരം' എന്ന കവിതയില്‍ അവതരിപ്പിച്ചതില്‍ മൗലികതയുണ്ട്. അരൂപിയായി വന്ന് ശരീരത്തിന്‍റെ അളവുതെറ്റിക്കുന്ന കാലത്തിന്‍റെ കണ്ണുവെട്ടിച്ച് ശരീരത്തെ പ്രകാശവേഗത്തില്‍ പറത്തിവിട്ടാലോ എന്നു ചോദിക്കുന്നതില്‍ ആര്‍ജ്ജവവുമുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് കവിതയുടെ ഭാഷ മാറും; സങ്കേതം മാറും. മാറാതിരുന്നാല്‍ വാങ്‌മയം ക്ലീഷേ ആയി ജീര്‍ണ്ണിക്കും. ഇത് ആധുനിക കവികള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് വൃന്ദാവനത്തിലും യമുനാതീരത്തും തളഞ്ഞുകിടക്കാതെ ചാറ്റ്‌ബോക്‌സിലേക്കും സൈബര്‍ ഹൈവേയിലേക്കും കവിത യാത്രചെയ്യുന്നത്. ഭാഷയെ, പ്രതീകത്തെ ഒക്കെ നവീകരിക്കുന്നതിന്‍റെ വഴിയാണത്. ആ വഴിയേ ധീരമായി സഞ്ചരിക്കുന്നു ഈ കവി. അല്ലെങ്കില്‍,
``ചാറ്റ്‌ബോക്‌സ് നിറയെ ക്ഷണക്കത്തുകള്‍,
നിഗൂഢസൗഹൃദങ്ങളുടെ ഉയരങ്ങളിലേക്ക്,
ഉപാധികളില്ലാതെ.... ബാദ്ധ്യതകളില്ലാതെ....'' എന്ന് ഇവര്‍ എഴുതുമായിരുന്നില്ലല്ലോ. പുതിയ വാക്കും പുതിയ ബിംബവിന്യാസവുംകൊണ്ട് കവിത മറികടക്കാന്‍ ശ്രമിക്കുന്നത് ഭാഷയെയും ഭാവുകത്വത്തെയും ബാധിക്കുന്ന ചെടിപ്പിനെയാണ്. അതൊരു വെല്ലുവിളിയാണ്. എന്നാല്‍, ആ വെല്ലുവിളിയെ ധീരമായി ഏറ്റെടുക്കുന്നു സരോജം.
കേവലമായ തോന്നലുകളെ അനുഭൂതിജനകങ്ങളായ അനുഭവങ്ങളാക്കി പരിവര്‍ ത്തിപ്പിക്കുന്ന കവിതകളുണ്ട്. `ഞാനും നീയും', 'നിന്നെ ഓര്‍ക്കുമ്പോള്‍', തുടങ്ങിയ കവിതകള്‍ ആ നിരയില്‍പ്പെടുന്നു. ആത്മാവിന്‍റെ ഉള്ളറയിലേക്ക് ഊളിയിടുന്ന ഞാനും തടവറയില്‍നിന്നു പുറത്തുചാടാന്‍ വെമ്പുന്ന നീയും ഉള്‍പ്പെടെ `ഞാനും നീയും' നമ്മിലെല്ലാമുള്ള വൈരുദ്ധ്യങ്ങളെത്തന്നെ സാക്ഷാത്‌കരിക്കുന്നു. ഒരു രാവിന്‍റെ പ്രണയം ചോദിച്ചിടത്ത് ഒരു ജന്മത്തിന്‍റെ സൗഹൃദം നല്‍കുന്ന `നിന്നെ ഓര്‍ക്കുമ്പോള്‍', അവസാനത്തെ വെള്ളിടിയെക്കുറിച്ച് ജാഗ്രതപ്പെടുന്ന `മഴപ്പാടുകള്‍', ``ആരാണു ഞാന്‍?'' എന്ന സ്വത്വാന്വേഷണത്തിന് ``വലിച്ചെറിയപ്പെട്ട പാഴ്‌വസ്‌തു'' എന്ന ഉത്തരം നല്‍കിക്കൊണ്ട് ബന്ധങ്ങളെ നിര്‍വ്വചിക്കുന്ന `പാഴ്‌വസ്‌തു', കേട്ട പാട്ടുകളിലൂടെ ഒഴുകുന്നതിനിടെ ഒരു പാട്ടുപോലും പാടാനാവാതെപോയതിന്‍റെ നഷ്‌ടബോധത്തെ ഇഴചേര്‍ത്തെടുക്കുന്ന `പാടാത്ത പാട്ട്', കപടസദാചാരത്തെ സ്‌കാന്‍ചെയ്‌തവതരിപ്പിക്കുന്ന `നോണ്‍സ്റ്റിക്', മനസ്സിലെ മഞ്ഞുപാളികള്‍ക്കുള്ളില്‍നിന്ന് പ്രണയഫോസിലുകളെ കണ്ടെത്തുന്ന `ഹൃദയഗവേഷണം', ഇടിവെട്ടിപ്പെയ്‌ത് ഒഴുകിയകലുന്ന വേനല്‍മഴയില്‍ കൃത്രിമസ്‌നേഹത്തെ കണ്ടെത്തുന്ന `വേനല്‍മഴ', ക്രൂരരാത്രികളെ വകഞ്ഞുമാറ്റി ഉണര്‍ന്നുവരുന്ന സ്വന്തം സൂര്യനെ സാക്ഷാല്‍ക്കരിക്കുന്ന `സൂര്യന്‍', സ്‌നേഹത്തെ സ്വര്‍ണ്ണത്തിന്‍റെ തൂക്കംകൊണ്ടളക്കുന്ന ഭര്‍തൃഗൃഹത്തില്‍ ഫാനില്‍ തൂങ്ങിയാടുന്ന വധുവിന്‍റെ ജീവിതദുരന്തം കനലാലെന്നപോലെ പൊള്ളിക്കുന്ന `കല്യാണം', സ്വന്തമായ ഒരു കീറ് ആകാശംപോലും ഇല്ലാത്ത വീട്ടുപെണ്ണിന്റെ ഹതാശമായ മനസ്സ് ഒപ്പിയെടുക്കുന്ന `വീട്ടിലെ പെണ്ണേ', പഴയ `മാനിഷാദ'യെ പുതിയ കാലത്തിലേക്ക് പറിച്ചുനടുന്ന `മാറ്റം', തിളച്ചുരുകിയാല്‍ തണുത്തുറഞ്ഞേ മതിയാവൂ എന്ന ജീവിതതത്വം പഠിപ്പിക്കുന്ന `ഹിമപാതങ്ങള്‍ പറഞ്ഞത്', വയറെരിഞ്ഞ പാടത്തെയും നീരുവറ്റിയ പുഴയെയും കാറ്റൊഴിഞ്ഞ കടലിനെയും വരച്ചിട്ടുകൊണ്ട് നിരാര്‍ദ്രമാവുന്ന നമ്മുടെ ജീവിതത്തെ ധ്വനിപ്പിക്കുന്ന `ദീര്‍ഘവീക്ഷണം', വഴിതെറ്റിയ ഇടയന്മാരാല്‍ നയിക്കപ്പെടുന്ന ചെമ്മരിയാടുകളുടെ വഴികളെത്തുന്നിടത്തെക്കുറിച്ച് ഉല്‍ക്കണ്‌ഠപ്പെടുത്തുന്ന `സോനാമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്നിവയൊക്കെ നവാനുഭൂതിയുടെ അഭൗമമേഖലകളിലേക്കും നവാനുഭവങ്ങളുടെ അവാച്യസുന്ദരമായ അജ്ഞേയമേഖലകളിലേക്കും അനുവാചകമനസ്സുകളെ നയിക്കുന്നു. അത് അനുഭവിച്ചറിയേണ്ടതു തന്നെ. `അനുഭവാവസാനത്വ' എന്നു ശങ്കരാചാര്യര്‍.
``ഓര്‍ക്കും നിന്‍ മഹിമകളാര-
വര്‍ക്കു രോമം
ചീര്‍ക്കുന്നുണ്ടതു മതിയംബ
വിശ്വസിപ്പാന്‍'' എന്ന് മഹാകവി കുമാരനാശാന്‍.
``നിത്യസൗരഭ്യമുള്ളിലുണ്ടെന്നാല്‍
നിശ്ചയം, നിര്‍ഗ്ഗമിച്ചീടും'' എന്ന് ഒരു കവിതയില്‍ സരോജംതന്നെ പറയുന്നുണ്ടല്ലൊ. ഉണ്ട്; ഈ കവിതകളില്‍ അനുഭൂതികളുടെ നിത്യസൗരഭ്യമുണ്ട്. അതാവട്ടെ, സുമനസ്സുകളില്‍ പ്രസരിക്കുന്നുമുണ്ട്.
തകരുന്ന ശലഭസ്വപ്‌നത്തിലൂടെ ഒരു ലോകജീവിത യാഥാര്‍ത്ഥ്യത്തെ വാറ്റിയെടുക്കുന്ന `ശലഭങ്ങള്‍ പറഞ്ഞത്' എന്ന കവിത `വാക്കിന്‍ വാക്കിനു വാക്കുചേര്‍ത്തുളി നടത്തീടും കലാചാതുരി' എന്ന ക്രാഫ്‌റ്റിനുള്ള ശ്രദ്ധേയമായ നിദര്‍ശനമാവുന്നു. നാട്ടുസംസ്‌കാരത്തിന്‍റെ (Rustic) ശുദ്ധിയും വെണ്മയും തെളിഞ്ഞുനില്‍ക്കുന്ന `കണിവയ്‌ക്കാന്‍' എന്ന കവിത ആസ്വാദകരെ അവരുടെ ബാല്യകൗമാരങ്ങളുടെ, പഴയ നെല്‌പ്പാടവരമ്പുകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. ഗ്രാമം മരിച്ചാലും അതു പകര്‍ന്നുതന്ന സ്വപ്‌നങ്ങള്‍ ജീവിതത്തുടിപ്പുകളായി നമ്മെ പില്‍ക്കാലജീവിതത്തില്‍ പിന്തുടരും എന്ന് ഓര്‍മ്മിപ്പിക്കുന്ന `കളിക്കോപ്പുകള്‍' ഗൃഹാതുരത്വത്തിന്‍റെ ഭാഷകൊണ്ട് മുന്‍പറഞ്ഞ കവിതയോടു ചേര്‍ന്നുനില്‍ക്കുന്നതു തന്നെ.
``എങ്ങുനിന്നെത്തിയിക്കുഞ്ഞുമുക്കുറ്റികള്‍
തിങ്ങിനിറഞ്ഞെന്റെ മുറ്റമെങ്ങും?
മഞ്ഞനിറമുള്ള കുഞ്ഞിതള്‍പ്പൂക്കളില്‍
മഞ്ഞിന്‍കണികകളുമ്മവയ്‌ക്കെ'' എന്നു തുടങ്ങുന്ന`മുക്കുറ്റിപ്രേമം' അതിവിലോലമായ ഒരു പൂര്‍വ്വസ്‌മൃതി വര്‍ത്തമാനകാല പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്‍റെ കരിങ്കല്ലുകളില്‍ തട്ടിത്തകരുന്നതിന്‍റെ ദാരുണചിത്രമാണ് കോറിയിടുന്നത്.
മടങ്ങിവരാത്ത ചരടറ്റ പട്ടത്തില്‍ മടങ്ങിവരാത്ത ചിറകറ്റ സ്വപ്‌നത്തെ കണ്ടെത്തുന്ന `മുക്കുവപ്പാട്ട്', സമകാലിക ജീവിതപ്രശ്‌നങ്ങളെ കാവ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന `പ്രാര്‍ത്ഥന', വെബ്ബുകളില്‍ തപ്പിത്തപ്പി യഥാര്‍ത്ഥലോകത്തെ നഷ്‌ടപ്പെടുത്തുന്ന `ഉണ്ണികള്‍ പോകുന്നതെങ്ങോട്ട്?', രാജമല്ലിയും നന്ത്യാര്‍വട്ടവും വേണ്ടാത്തതും സൈബര്‍പ്പൂക്കള്‍ മാത്രം വേണ്ടതുമായ ഒരു പുതുകാലത്തെ നിര്‍വ്വചിക്കുന്ന `ബ്ലൂടൂത്ത്', യന്ത്രക്കൈയ്‌കള്‍ പിഴുതെടുക്കുന്നതു പച്ചമണ്ണല്ല, മറിച്ച് പഴയ ഒരു ഹൃദയമാണ് എന്നു കണ്ടെത്തുന്ന `ഒടുക്കത്തെ വാക്ക്' എന്നിവയൊക്കെ മനസ്സില്‍ ദീപ്‌തമായ ഒരു ഭാവാന്തരീക്ഷം നിറയ്‌ക്കും.
വ്യവസ്ഥിതിയുടെ ജീര്‍ണ്ണമായ അടരുകളെ സമത്വത്തിലധിഷ്‌ഠമായ ഈടുവയ്‌പുകള്‍ കൊണ്ട് പകരംവയ്‌ക്കാന്‍ പാകത്തില്‍ വാക്ക് മൂര്‍ച്ചയുള്ള ആയുധമാവുന്നുണ്ട് `പ്രഭാംശുവിന്‍റെ വിലാപം' പോലുള്ള കവിതകളില്‍. അനുഭവാത്മകതയുടെ തീക്ഷ്‌ണത കൊണ്ട് ശ്രദ്ധേയമാണ് `ആതുരാലയത്തിലെ പ്രഭാതങ്ങള്‍'. ഇങ്ങനെ നോക്കിയാല്‍ ഓരോ കവിതയെക്കുറിച്ചും എടുത്തുപറയണം. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ശ്രദ്ധേയമാണ് ഓരോന്നും. പരീക്ഷണാത്മകതയുടെ വിദൂരസാഗരങ്ങളെക്കാള്‍ അനുഭവാത്മകതയുടെ കൈക്കുടന്നജലത്തെയാണ് കവി ഏറെ സ്‌നേഹിക്കുന്നതെന്നു തോന്നുന്നു.
വൈയക്തികമായ സൂക്ഷ്‌മാനുഭവങ്ങളെ വ്യക്തിനിരപേക്ഷമായ കാവ്യാനുഭവങ്ങളാക്കി മാറ്റുന്ന വിദ്യ ഈ കവിക്ക് വശമാണ്. ജീവിതം നീട്ടിയ പനിനീര്‍പ്പൂക്കളുടെ ചോപ്പും ഒപ്പമുള്ള മുള്ളു തറഞ്ഞുണ്ടായ ചോരച്ചോപ്പും ഈ കവിതകളില്‍ ശോണച്ഛായ പകര്‍ന്നുനില്‍ക്കുന്നു. ജീവിതം വാറ്റിയെടുത്തതാണ് ഈ കവിതകള്‍. പ്രസാദാത്മകതയാണ് ഇവയുടെ ആത്മഭാവം. ``Poetry is the record of the best and happiest moments of the happiest and best minds'' എന്ന് `A defence of poetry' എന്ന കൃതിയില്‍ പി.ബി.ഷെല്ലി എന്ന മഹാനായ കവിയാണ് എഴുതിയത്. ആ നിരീക്ഷണത്തെ സത്യാത്മകമാക്കുന്നു ശ്രീമതി എസ്.സരോജത്തിന്‍റെ ഈ ഹൃദയസാക്ഷ്യം; ഈ കാവ്യസാക്ഷ്യം!